2015-03-04 19:25:00

ദിവ്യകാരുണ്യമില്ലെങ്കില്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്പില്ലെന്ന് പാപ്പാ


ദിവ്യകാരുണ്യമില്ലെങ്കില്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്പില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ധന്യയായ ക്യാര ലൂബെക്ക് തുടക്കമിട്ട ആഗോള ഫൊക്കൊലാരെ മരിയന്‍ പ്രസ്ഥാനത്തിലെ (Focolare Marian Movement) മെത്രാന്മാരെയും പ്രതിനിധികളെയും മാര്‍ച്ച് 4-ാം തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മാര്‍ച്ച് 3-മുതല്‍ 6-വരെ തിയതികളില്‍ റോമിനു പുറത്തുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലാണ് ഫോക്കൊലാരെയുടെ സംഗമം നടക്കുന്നത്. ക്യാര ലൂബെക്കിന്‍റെ പിന്‍ഗാമിയും പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ മേധാവിയുമായ മരിയ വോചെയാണ് സമ്മേളനത്തിന് നേതൃത്വം നല്കുന്നത്. പീഡിത രാജ്യങ്ങളുടെ ഐക്യാദാര്‍ഢ്യത്തിനായി ധാരാളം സമൂഹങ്ങളും രാഷ്ട്രങ്ങളും പരിശ്രമിക്കുന്നുണ്ട്. വിശ്വസാഹോദര്യവും മാനവികൈക്യവും സിദ്ധിയായി സ്വീകരിച്ചിട്ടുള്ള ഫോക്കൊലാരെ പ്രസ്ഥാനം ഐക്യത്തിന്‍റെ കൂദാശയായ ദിവ്യകാരുണ്യത്തെ കേന്ദ്രീകരിച്ചു വളരണമെന്ന്, പ്രസ്ഥാനത്തിന്‍റെ 38-ാമത് അന്തര്‍ദേശീയ സമ്മേളനത്തിനായി എത്തിയിരിക്കുന്ന പ്രതിനിധികളോട് പാപ്പാ ആഹ്വാനം ചെയ്തു.

പാപ്പായുടെ സന്ദേശം:

പ്രസ്ഥാനം മദ്ധ്യസ്ഥയാക്കിയിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ ജീവിതം ക്രിസ്തുവില്‍ നങ്കൂരം ഉറപ്പിച്ചതായിരുന്നു. ഐക്യത്തിന്‍റെ കൂദാശയായ ദിവ്യകാരുണ്യം ക്രൈസ്തവ ജീവിതത്തിന്‍റെ അടിത്തറയാണ്. ക്രിസ്തുവും അവിടുത്തെ ദിവ്യകാരുണ്യവും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന്‍റെ ആത്മീയ സ്വഭാവം നഷ്ടപ്പെട്ട്, അതൊരു സാമൂഹ്യ സംഘടന മാത്രമായി തരംതാഴും. ദിവ്യകാരുണ്യത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവും അവിടുത്തെ ആത്മാവുമുണ്ട്. അപ്പോള്‍ പരിശുദ്ധാത്മാവ് പ്രസ്ഥാനത്തിലെ അംഗങ്ങളുടെ പാദങ്ങളെയും അവരുടെ ഉദ്യമങ്ങളെയും നയിക്കുകയും ആ കൂട്ടായ്മ നിലനില്ക്കുകയും ചെയ്യും.

പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ പ്രബോധിപ്പിക്കുന്നുണ്ട്, ‘അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ് എന്തെന്നാല്‍, ഓരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.’ (1 കൊറി. 10, 17). നാം ചുറ്റുംചേരുന്ന ദിവ്യകാരുണ്യവിരുന്ന് വചനത്തിന്‍റെയും ജീവഭോജ്യത്തിന്‍റെയും ‘ഇരട്ടപ്പന്തി’യാണ്. അതില്‍ പങ്കുചേര്‍ന്നു ജീവിക്കുക, വളരുക എന്നത് ഏറെ നിര്‍ണ്ണായകമായ ഉത്തരവാദിത്വവുമാണ്.

പ്രാദേശിക സഭയുടെ ഐക്യത്തിന്‍റെ കേന്ദ്രം സ്ഥലത്തെ മെത്രാനാണ്.. എന്നാല്‍ ഈ സ്ഥാനം യാഥാര്‍ത്ഥ്യമാകുന്നത് ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യ മേശയിലാണ് – പരിശുദ്ധ കുര്‍ബ്ബാനയിലാണ്. മെത്രാന്‍ തന്‍റെ ജനങ്ങളെ കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളുടെ വിരുന്നു മേശയ്ക്കു ചുറ്റും വിളിച്ചുകൂട്ടുന്നു. ദിവ്യകാരുണ്യ അസ്തിത്വത്തിലേയ്ക്ക് അജഗണങ്ങളെ ക്ഷണിക്കുന്നതും, അവരെ വിരുന്നുമേശയില്‍ സ്വീകരിക്കുന്നതും മെത്രാന്‍തന്നെ. ക്രിസ്തുവിനോട് സാരൂപ്യപ്പെട്ടിരിക്കുന്ന മെത്രാന്‍ തന്‍റെ ജനങ്ങള്‍ക്കുവേണ്ടി വചനപ്രഘോഷണത്തിലൂടെയും ജീവിത സാക്ഷൃത്തിലൂടെയും സ്വാര്‍പ്പണം ചെയ്യുന്ന ഇടയനായി മാറണം. ക്രിസ്തുവിന്‍റെ വിരുന്നു മേശയിലെ ദിവ്യഭോജ്യത്താല്‍ കരുത്താര്‍ജ്ജിക്കുന്നവര്‍ക്കു മാത്രമേ സ്നേഹത്താല്‍ പ്രചോദിതരായി എളിയവരുടെയും പാവങ്ങളുടെയും ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ സാധിക്കുകയുള്ളൂ – എന്നും ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

രണപങ്കിലമായ സിറിയയില്‍നിന്നും ഇറാക്കില്‍നിന്നും, അതുപോലെ ഉക്രെയ്നില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്നവരെ പ്രത്യേകം അഭിവാദ്യംചെയ്യുന്നു, അവര്‍ക്ക് നന്ദിപറയുന്നു. നിങ്ങള്‍ക്ക് കരുത്തു നല്കുന്നത് ദിവ്യകാരുണ്യ നാഥനാണെന്ന് എനിക്കുറപ്പുണ്ട്. ഇനിയും കരുത്തു സംഭരിച്ച് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറാന്‍ സാധിക്കട്ടെ, എന്ന് പാപ്പാ ആശംസിച്ചു. അനുദിനവും അര്‍പ്പിക്കുന്ന കര്‍ത്താവിന്‍റെ വിരുന്നുമേശയിലൂടെ ഇനിയും നമുക്ക് ഐക്യപ്പെട്ടിരിക്കാം. സഭൈക്യത്തിന്‍റെയും മതാന്തര സംവാദത്തിന്‍റെയും മേഖലയില്‍ ഫോക്കൊലാരെ പ്രസ്ഥാനം ചെയ്യുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ വിവിധ സഭകള്‍ തമ്മില്‍ ഐക്യം വളര്‍ത്തുന്നതില്‍ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യകാനാഥ നിങ്ങളെ കാത്തുപാലിക്കട്ടെ. നമുക്ക് പരസ്പരം പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടിരിക്കാം.    

 








All the contents on this site are copyrighted ©.