2015-03-02 10:26:00

മദ്ധ്യപൂര്‍വ്വദേശത്തെ ഓര്‍ത്ത് പാപ്പായുടെ മൗനപ്രാര്‍ത്ഥന


മാര്‍ച്ച് 1-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയിലാണ് സിറിയയിലും ഇറാക്കിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് മൗനമായി പ്രാര്‍ത്ഥിച്ചത്. തീര്‍ത്ഥാടകരും സന്ദര്‍ശകരും റോമാ നിവാസികളുമായി ഇരുപത്തിയ്യായിരത്തോളം വരുന്ന ജനാവാലി പാപ്പായ്ക്കൊപ്പം മദ്ധ്യപൂര്‍വ്വദേശത്തെ പീഡിതരെ ഓര്‍ത്തുള്ള പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ പങ്കുചേര്‍ന്നു.

പീഡനത്തിന്‍റെയും തട്ടിക്കൊണ്ടുപോകലിന്‍റെയും, മറ്റു അതിക്രമങ്ങളുടെയും നാടകീയമായ സംഭവങ്ങള്‍ ഇറാക്കില്‍നിന്നും സിറിയയില്‍നിന്നും തുടര്‍ന്നും അറിഞ്ഞതില്‍ മനം നൊന്താണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തോട് വീണ്ടും പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനയ്ക്കു സമ്മേളിച്ച വന്‍ ജനാവലിയോടൊപ്പം പ്രഭാഷണമദ്ധ്യേ ഒരു മിനിറ്റ് സമയം മൗനം ഭജിച്ചുകൊണ്ടാണ് പാപ്പാ മദ്ധ്യപൂര്‍വ്വ ദേശത്തിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചത്. അകാരണമായിട്ടാണ് ക്രൈസ്തവര്‍ അവിടെ പീഡിപ്പിക്കപ്പെടുന്നതെന്ന് പ്രാര്‍ത്ഥനയ്ക്ക് ആമുഖമായി പാപ്പാ പ്രസ്താവിച്ചു. വേദനിക്കുന്നവരെ മറക്കാതിരിക്കുവാനും നിര്‍ദ്ദോഷികള്‍ക്കു നേരെയുള്ള മൃഗീയത അവസാനിപ്പിക്കുന്നതിനുംവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യാര്‍ത്ഥിച്ചു.

വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെ അധികാരികള്‍ക്കൊപ്പം (Heads of the Roman Curia) തന്‍റെ വാര്‍ഷിക ധ്യാനത്തിന്‍റെ അവസാന ദിവസമായ ഫെബ്രുവരി 27-ാം തിയതി വെള്ളിയാഴ്ച മദ്ധ്യപൂര്‍വ്വ ദേശത്തെ പീഡിതര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് പ്രത്യേകം പ്രാര്‍ത്ഥിച്ച കാര്യവും ത്രികാല പ്രാര്‍ത്ഥനയെ തുടര്‍ന്ന് ജനങ്ങളുമായി പാപ്പാ പങ്കുവച്ചു. ക്രൈസ്തവരായതുകൊണ്ടു മാത്രമാണ് അവര്‍ പീഡിപ്പിക്കപ്പെടുന്നതെന്നും, ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതിയാണ് അവര്‍ സഹിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള നിര്‍ദോഷികളായവരുടെ പീഡനങ്ങളും വേദനയുമാണ് മൗനനൊമ്പരാമായി പാപ്പാ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചത്.








All the contents on this site are copyrighted ©.