2015-02-27 10:02:00

അനാഥനു ലഭിച്ച അന്ത്യദാനം


വത്തിക്കാനിലെ സിമിത്തേരി അനാഥന് അന്തിമവിശ്രമ സ്ഥാനമായെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു.

വത്തിക്കാനിലെ വിശിഷ്ടമായ ട്യൂറ്റോണിക് സെമിത്തേരിയില്‍ (Teutonic Cememtery) അനാഥനായ ‘വിലി’ എന്ന മനുഷ്യനെ ഡിസംബര്‍ 21-ന് അടക്കംചെയ്തത് ശരിയാണെന്ന്, ഫെബ്രുവരി 26-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു. വത്തിക്കാനിലും പരിസരങ്ങളിലും അലഞ്ഞു തിരിയുകയും, എന്നാല്‍ എന്നും രാവിലെ വത്തിക്കാന്‍റെ സാന്താ അന്നാ പള്ളിയില്‍ രാവിലെ 7 മണിക്കുള്ള ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ‘വിലി’ എന്നു  വിളിച്ചിരുന്ന ബല്‍ജിയംകാരനാണ് വത്തിക്കാന്‍റെ ചരിത്രപുരാതനമായ സിമിത്തേരിയില്‍ അന്ത്യവിശ്രമംകൊള്ളുവാന്‍ ഭാഗ്യമുണ്ടായത്.

വഴിയോരങ്ങളില്‍ വിശ്രമിച്ചിരുന്ന വിലി ക്രിസ്തുമസ് കാലത്തെ അതിശൈത്യത്തില്‍ രോഗഗ്രസ്ഥനായി. ഏകദേശം 70 വയസ്സു തോന്നിക്കുന്ന അയാള്‍ വത്തിക്കാന്‍റെതന്നെ സാന്തോ സ്പീരിത്തോ ആശുപത്രിയില്‍ ഡിസംബര്‍ 12-നാണ് മരണമടഞ്ഞത്. വത്തിക്കാനിലെ ഇടവക ദേവാലയമായ ‘സാന്താനാ’യുടെ വികാരി ഫാദര്‍ സില്‍വസ്ട്രീനിയുടെ അന്വേഷണവും താല്പര്യവുമാണ് സ്വന്തമായിട്ട് ഒന്നുമില്ലാതിരുനന മനുഷ്യന്‍ വത്തിക്കാനിലെ സിമിത്തേരിയില്‍ അന്തിയുറങ്ങാന്‍ വിലിക്ക് ആറടി മണ്ണു നേടിക്കൊടുത്തത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി എന്നും പള്ളിയില്‍ വന്ന് നിശ്ചിത സ്ഥാനത്ത് ഇരുന്നുകൊണ്ട് ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന മനുഷ്യനെ കാണാതായത് കഴിഞ്ഞ ക്രിസ്തുമസ്സിന് മുന്നെയുള്ള ദിവസങ്ങളിലായിരുന്നു. വികാരിയുടെയും ഇടകക്കാരുടെയും അന്വേഷണത്തിലാണ് പാവം വിലി വത്തിക്കാന്‍റെ ആശുപത്രി മോര്‍ച്വറിയില്‍ ഉള്ളതായി വിവരം ലഭിച്ചത്.

അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 21-നാണ് വിലിയെ വത്തിക്കാനിലെ ട്യൂറ്റോണിക് സിമത്തേരിയില്‍ സംസ്ക്കരിച്ചത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വലതു ഭാഗത്തും പാപ്പാ ഫ്രാന്‍സിസിന്‍റെ വസതിയോടു വളരെ ചേര്‍ന്നുമാണ് നീറോ ചക്രവര്‍ത്തിയുടെ കാലം മുതലുള്ള പുരാതന ട്യൂറ്റോണിക് സിമിത്തേരി സ്ഥിതിചെയ്യുന്നത്.

 








All the contents on this site are copyrighted ©.