2015-02-14 15:29:00

കര്‍ദ്ദിനാള്‍ ബഹുമതിയല്ല സ്നേഹശുശ്രൂഷയ്ക്കുള്ള സഭാപദവിയാണ്


ഫെബ്രുവരി 14-ാം തിയതി ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പാപ്പാ ഫ്രാന്‍സിസ് ആഗോള സഭയിലെ 19 നവകര്‍ദ്ദിനാളന്മാരെ വാഴിച്ചു. മുന്‍പാപ്പാ ബനഡിക്ട് 16-ാമനും വാഴിക്കല്‍ ചടങ്ങിന്‍റെ സാധാരണ കണ്‍സിസ്ട്രിയില്‍ (consistory) സന്നിഹിതനായിരുന്നു. ചടങ്ങിന് ആമുഖമായി പാപ്പാ കര്‍ദ്ദിനാളന്മാരെ ഉദ്ബോധിപ്പിച്ചു.

കര്‍ദ്ദിനാള്‍ പദവി ഉപചാരബഹുമതിയല്ല, മറിച്ച് സഭയുടെ ആഗോള കൂട്ടായ്മയിലെ ആഴമായ സ്നേഹശുശ്രൂഷയ്ക്കുള്ള അന്തസ്സും പദവിയുമാണെന്ന് പാപ്പാ വചനചിന്തയില്‍ നവകര്‍ദ്ദിനാളന്മാരെ ഉദ്ബോധിപ്പിച്ചു. റോമിലെ സഭപോലെ തന്നെ, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള സഭാസമൂഹങ്ങളും ക്രിസ്തുസ്നേഹത്തില്‍ സമര്‍പ്പിതരാകുവാനും, ആ സ്നേഹക്കൂട്ടായ്മയില്‍ അവരെ നയിക്കുവാനുമുള്ള പ്രത്യേക ദൗത്യവും അന്തസ്സുമാണ് ‘കര്‍ദ്ദിനാള്‍’ എന്ന പദവികൊണ്ട് ലക്ഷൃം വയ്ക്കുന്നതെന്ന് Cardo – cardinis എന്ന ലത്തീന്‍ മൂലപദത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

പൗലോസ് ശ്ലീഹാ കൊറീന്തിയര്‍ക്കെഴുതിയ ആദ്യ ലേഖനത്തില്‍ പറയുന്ന (1കൊറി. 13) ‘സ്നേഹം സര്‍വ്വോത്കൃഷ്ടം’ എന്ന വചനത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. സ്നേഹമില്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാണെന്നും, അത് ദീര്‍ഘ ക്ഷമയും ദയയുമുള്ളതാണെന്നും പാപ്പാ നവകര്‍ദ്ദിനാളന്മാരെ അനുസ്മരിപ്പിച്ചു. യഥാര്‍ത്ഥമായ സ്നേഹത്തില്‍ അധികാര പ്രമത്തതയോ, അഹങ്കാരമോ, അസൂയയോ ഇല്ലെന്നും, മറിച്ച് സ്വാര്‍ത്ഥം അന്വേഷിക്കാതെയും, കോപിക്കാതെയും, വിദ്വേഷമില്ലാതെയും, അനീതിയില്‍ സന്തോഷിക്കാതെയും നന്മചെയ്യുന്നതും സഹോദരങ്ങളെ ശുശ്രൂഷിക്കുന്നതുമായിരിക്കണം ഈ ശുശ്രൂഷാപദവിയെന്ന് പാപ്പാ കര്‍ദ്ദിനാള്‍ സംഘത്തോട് ആഹ്വാനംചെയ്തു.

സഭയുടെ യഥാര്‍ത്ഥ കേന്ദ്രം ക്രിസ്തുവാണെന്നും ക്രിസ്തു മാത്രമാണെന്നും പ്രസ്താവിച്ച പാപ്പാ, മനുഷ്യരുടെ നന്മ മാനിക്കാതെ സ്വാര്‍ത്ഥതയില്‍ തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും, അധികാരത്തിന്‍റെ ദാര്‍ഷ്ട്യത്തിലും അവിനയമായ കാര്‍ക്കശ്യത്തിലും ജീവിക്കുന്ന ശൈലിയെ ശക്തമായി അപലപിച്ചു. 

സഹനമുള്ളതും, വിശ്വാസമുള്ളതും പ്രത്യാശപൂര്‍ണ്ണവുമാണ് സ്നേഹമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. സകലതും സഹിക്കുന്നതും, വിശ്വസിക്കുന്നതും, പ്രത്യാശിക്കുന്നതും, അതിജീവിക്കുന്നതുമാണ് സ്നേഹമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. എല്ലാം സ്നേഹത്തില്‍ ഏറ്റെടുത്ത് ലോകരക്ഷയ്ക്കായി ജീവാര്‍പ്പണംചെയ്ത ക്രിസ്തുവായിരിക്കട്ടെ മാതൃകയെന്നും, അവിടുത്തെ സ്നേഹം മനുഷ്യഹൃദയങ്ങളില്‍ ചൊരിയുവാന്‍ കെല്പുള്ള ദൈവാത്മാവില്‍ പ്രത്യാശയര്‍പ്പിച്ച് മുന്നേറാമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 

  








All the contents on this site are copyrighted ©.