2015-02-12 18:04:00

സുവിശേഷവത്ക്കരണത്തിന് നവീകരണം അനിവാര്യം


നവീകരണത്തിന്‍റെ പരമമായ ലക്ഷൃം ആത്മാക്കളുടെ രക്ഷയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ആഗോള സഭാ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12-ാം വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ Consistory-ക്ക് ആമുഖമായി നല്കിയ ഹ്രസ്വ പ്രഭാഷണത്തിലാണ് നവീകരണത്തിന്‍റെ ആവശ്യകതയെയുടെയും അതിന്‍റെ പരമമായ ലക്ഷൃത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

നവീകരണം അതില്‍ത്തന്നെ അവസാനിക്കുന്നില്ലെന്നും, അത് ശക്തവും മെച്ചപ്പെട്ടതുമായ ക്രൈസ്തവസാക്ഷൃത്തിനുള്ള ഉപാധിയാണെന്നും, ഫലവത്തായ സുവിശേഷവത്ക്കരണത്തിനും, ലോകത്ത് ആഴമുള്ള സഭൈക്യം വളര്‍ത്തുന്നതിനും, കൂടുതല്‍ ക്രിയാത്മകമായ സംവാദത്തിന്‍റെ പാത തുറക്കുന്നതിനും സഹായകമാകുമെന്നും ആമുഖ പ്രഭാഷണത്തില്‍ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

കര്‍ദ്ദിനാള്‍ സംഘത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കും റോമന്‍ കൂരിയയുടെ നവീകരണത്തിനുള്ള അപ്പസ്തോലിക പ്രബോധനം ഒരുക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്ന കാര്യവും പാപ്പാ പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ ആഗോളസഭയും പ്രാദേശീക സഭകള്‍ തമ്മലും, പിന്നെ അവ ദൈവജനവുമായുമുള്ള ആത്മീയഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പത്രോസിന്‍റെ പിന്‍ഗാമിയുടെ സഭാ ശുശ്രൂഷയില്‍ തുണയ്ക്കുവാനും നവീകരണം ഉപയുക്തമാകേണ്ടതാണ് എന്ന വസ്തുതയും കര്‍ദ്ദിനാള്‍ സംഘത്തെ പാപ്പാ അനുസ്മരിപ്പിച്ചു. 

സഭയുടെ പ്രബോധനാധികാരം വിശ്വസ്തതയോടെ ഉപയോഗിക്കുവാനും അതുവഴി നവീകരണം യാഥാര്‍ത്ഥ്യമാക്കുവാനുമുള്ള മാനുഷിക പരിശ്രമങ്ങള്‍ വിശുദ്ധീകരിക്കണമേ, എന്ന് സഭയുടെ സത്യമായ തലവനും സ്ഥാപകനുമായ ദൈവാരൂപിയോട് പ്രാര്‍ത്ഥിക്കാം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പ്രത്യേക കണ്‍സിസ്റ്ററിയുടെ ആമുഖ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.