2015-02-12 18:21:00

വികസനപദ്ധതികള്‍ അവികസിത രാജ്യങ്ങള്‍ക്ക്


ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതികള്‍ അവികസിത രാജ്യങ്ങളെ കേന്ദ്രീകരിച്ചാകണമെന്ന് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്താ ഔസാ പ്രസ്താവിച്ചു. 2015-നു ശേഷമുള്ള യുഎന്നിന്‍റെ വികസനപദ്ധതികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ 69-ാമത് പൊതുസമ്മേളനത്തില്‍  ഫെബ്രുവരി 9-ാം തിയതി നടന്ന ചര്‍ച്ചയിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആധുനിക സാങ്കേതികതയിലും സാമ്പത്തിക നിലവാരത്തിലും രാഷ്ട്രങ്ങള്‍ അതിവേഗം പുരോഗതി പ്രാപിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ 2015-നു ശേഷമുള്ള വികസനപദ്ധതികള്‍ വികസ്വര രാജ്യങ്ങളെക്കാള്‍ അവികസിത രാഷ്ട്രങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

വികസനത്തിനായുള്ള മൂലധനത്തിന്‍റെ സ്വരുക്കൂട്ടല്‍, നവസാങ്കേതികതയുടെ കൈമാറ്റം, അവികസിത രാജ്യങ്ങളിലെ ഉപയസാധ്യതകളുടെ ബലപ്പെടുത്തല്‍ അല്ലെങ്കില്‍ വളര്‍ത്തിയെടുക്കല്‍ എന്നീ മൂന്നു മേഖലകളില്‍ യുഎന്‍ ശ്രദ്ധചെലുത്തുകയാണെങ്കില്‍ 2015-നുശേഷമുള്ള വികസന പദ്ധതികളില്‍ അവികസിത രാജ്യങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

അവികസിത രാഷ്ട്രങ്ങളുടെ ഉപയസാധ്യതകളും മനുഷ്യബലവും അവിടത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്നോക്ക രാഷ്ട്രങ്ങളെ സ്വയം പര്യാപ്തതയിലേയ്ക്കും വികസനത്തിലേയ്ക്കും കൈപിടിച്ചുയര്‍ത്താവുന്ന വിധത്തില്‍ വികസനപദ്ധതികള്‍ യുഎന്നിന് ആവിഷ്ക്കരിക്കുവാനായാല്‍ ആഗോളവത്കൃത ലോകം ഇന്നു നേരിടുന്ന ദാരിദ്യം, തൊഴിലില്ലായ്മ, അനധികൃത കുടിയേറ്റം എന്നിവയ്ക്ക് ശമനം കണ്ടെത്തുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷ്പ്പ് ഔസാ നിരീക്ഷിച്ചു. 








All the contents on this site are copyrighted ©.