2015-02-11 18:17:00

‘ആമാത്മി’യുടെ വന്‍വിജയം നീതിക്കായുള്ള ജനഹിതം


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ആപ് പാര്‍ട്ടിയുടെ  വന്‍വിജയം രാഷ്ട്രത്തിന്‍റെ നീതിക്കായുള്ള ജനഹിതമാണെന്ന്, ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോ പ്രസ്താവിച്ചു. ഫെബ്രുവരി 9-ാം തിയതി ഡല്‍ഹിയില്‍ നടന്ന അസംബ്ലി ഇലക്-ഷനില്‍ രാജ്യത്തെ രണ്ട് വന്‍രാഷ്ട്രീയ പാര്‍ട്ടികളെ - കോണ്‍ഗ്രസിനെയും, ബിജെപിയെയും പരാജയപ്പെടുത്തിക്കൊണ്ട് തൂത്തുവാരിയ വന്‍വിജയമാണ് ആംആദ്മി ജനകീയ പാര്‍ട്ടി കൈവരിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് കൂത്തോ പ്രസ്താവിച്ചു.

ഡല്‍ഹിയിലും രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലും പ്രതിയോഗികള്‍ അഴിച്ചുവിടുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കും, ബിജെപി കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്ന മൗനസമ്മതത്തിനും എതിരെ നീതിക്കും സമാധാനത്തിനും, ന്യായമായ ജനാധിപത്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ വ്യക്തമായ നിലപാടാണ് ആംആദ്മിയുടെ സൂപ്പര്‍ വിജയമെന്ന് ഡല്‍ഹിയില്‍ നടത്തിയ ആര്‍ച്ചുബിഷപ്പ് അനില്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

ഡല്‍ഹി അസംബ്ലിയിലെ 70 സീറ്റുകളില്‍ 67-ഉം നേടിക്കൊണ്ടാണ് അരവിന്ദ് കെജ്രിവാലിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ ആംആദ്മി അധികാരത്തില്‍ വരുന്നത്. ജാതിമത വംശീയ വിവേചനങ്ങള്‍ ഇല്ലാതെ ജനന്മയ്ക്കായി അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കുകയാണ് ലക്ഷൃമെന്ന് ഫെബ്രുവരി 11-ന് ഡില്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആംആദ്മിയുടെ നേതാവ് കെജ്രിവാല്‍ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.