2015-02-09 16:48:00

ഭാരതത്തിലെ ലത്തീന്‍ സഭയെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് നയിക്കും


ബാംഗളൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഫെബ്രുവരി 3- മുതല്‍ 9-വരെ സമ്മേളിച്ച ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനമാണ് അതിന്‍റെ പ്രസിഡന്‍റായി സേവനംചെയ്തിരുന്ന മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ വീണ്ടും തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റ് എന്ന തസ്ഥികയിലും സേവനംചെയ്തുകൊണ്ടിരിക്കുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, ആഗോള സഭയുടെ ഭരണ നവീകരണത്തിന് പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച കര്‍ദ്ദിനാളന്മാരുടെ 8 അംഗ കമ്മിഷന്‍റെ അംഗം കൂടിയാണ്. 

കര്‍ദ്ദിനാള്‍ ഗ്രേഷ്യസിനോടൊപ്പം, ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിരുന്ന ഗോവയുടെ പാത്രിയര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരിയെയും, സെക്രട്ടറി ജനറല്‍ പദം അലങ്കരിച്ചിരുന്ന, കോഴിക്കോട് രൂപതാ മെത്രാന്‍, ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിനെയും യഥാസ്ഥാനങ്ങളിലേയ്ക്ക് സമ്മേളനം ഏകകണ്ഠേന വീണ്ടും തിരഞ്ഞെടുക്കുകയുണ്ടായെന്ന്, സി.സി.ബി.ഐ-യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

ഭാരതത്തിലെ ലത്തീന്‍ രൂപതകളില്‍നിന്നുമുള്ള 140 മെത്രാന്മാരുടെ ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തിന്‍റെ അന്ത്യത്തിലാണ് സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വലുപ്പംകൊണ്ട് ഏഷ്യയിലെ മെത്രാന്‍ സമിതികളില്‍ ഒന്നാം സ്ഥാനത്തും, ലോകത്ത് നാലാം സ്ഥാനത്തും നില്ക്കുന്നതാണ് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (Conference of the Latins Bishops of India – C.C.B.I.).

‘ആരാധനക്രമ നവീകരണവും സജീവ ജനപങ്കാളിത്തവും’ എന്ന വിഷയം പഠനവിഷയമാക്കിക്കൊണ്ട് ചേര്‍ന്ന സമ്മേളനം, ദേശീയ തലത്തില്‍ ഉയര്‍ന്നു വരുന്ന ക്രൈസ്ത പീഡനത്തെക്കുറിച്ചും ചര്‍ച്ചചെയ്യുകയുണ്ടായി. ചില പ്രതിയോഗി സംഘടനകള്‍ നടത്തുന്ന പുനഃമതപരിവര്‍ത്തന ശ്രമം പോലുള്ള സംഭവങ്ങളില്‍ സമ്മേളനം ആശങ്കപ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 7-ാം തിയതി ശനിയാഴ്ച ബാംഗളൂര്‍ നഗരത്തില്‍ രണ്ടു കിലോമീറ്റര്‍ നീണ്ട പ്രതിഷേധ ദീപപ്രദക്ഷിണം നടത്തുകയും, മതേതര രാഷ്ട്രത്തില്‍ ന്യൂപക്ഷമായ ക്രൈസ്തവര്‍ അങ്ങിങ്ങായി അനുഭവിക്കുന്ന പീഡനത്തിന്‍റെ കഥകള്‍ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സമ്മേളനം പരിശ്രമിക്കുകയും ചെയ്തു. അനിഷ്ഠസംഭങ്ങളുടെ അരങ്ങേറ്റത്തിലും മൗനംഭജിക്കുന്ന രാഷ്ട്രനേതാക്കളുടെ നിലപാടിനെ മെത്രാന്‍ സമിതി പ്രസ്താവനയിലൂടെ അപലപിച്ചുവെന്ന്, സമിതിയുടെ ബാംഗളൂര്‍ ഓഫീസില്‍നിന്നും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാദര്‍ ആലത്തറ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

 








All the contents on this site are copyrighted ©.