2015-02-07 13:46:00

കുരിശിലെ സ്നേഹമാര്‍ന്ന പ്രത്യക്ഷീവത്ക്കരണം


സീറോമലബാര്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് പ്രത്യക്ഷീവത്ക്കരണകാലം അഞ്ചാം വാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനമാണ് ഇന്ന്.

വിശുദ്ധ യോഹന്നാന്‍ 3, 14-21  അവിടുന്ന് രക്ഷയുടെ പ്രകാശമാണ്

മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനില്‍ വിശ്വാസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി – പ്രകാശം ലോകത്തിലേയ്ക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേയ്ക്കു വരുന്നു. അങ്ങനെ അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നും വെളിപ്പെടുന്നു.

പാപംമൂലം നഷ്ടമായ മനുഷ്യന്‍റെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാനാണ് ക്രിസ്തു ലോകത്ത് അവതരിച്ചത്. + എല്ലാ മനുഷ്യരെയും ആലിംഗനംചെയ്യാവുന്നത്ര വിശാലമാണ് ദൈവസ്നേഹം. ദൈവികാലിംഗനത്തിന്‍റെ മൂര്‍ത്തരൂപമാണ് ക്രിസ്തുവില്‍ നാം കാണുന്നത്. ജീവിതത്തിന്‍റെ മരവിപ്പും മുരടിപ്പും അനുഭവിച്ച സകലരെയും ക്രിസ്തു ആശ്ലേഷിച്ചു. ദൈവത്തിന്‍റെ സ്നേഹാലിംഗനമാണ് ക്രിസ്തുവില്‍ ലോകം ദര്‍ശിച്ചത്, ക്രിസ്തു ലോകത്ത് പ്രത്യക്ഷീവത്ക്കരിവച്ചത്.

+ ക്രിസ്തു പങ്കുവച്ച സ്നേഹം, സദ്വാര്‍ത്ത എല്ലാക്കലാത്തേയ്ക്കുമായി നീണ്ടു നില്ക്കുന്നതാണ്.

+ മനുഷ്യന്‍ അധഃപതിച്ചാലും ദൈവസ്നേഹം നമ്മെ തേടിയെത്തുന്നു. അത്ര അഗാധമാണ്, അനന്തമാണ്, അതിരുകളില്ലാത്തതാണ്, അസ്തമിക്കാത്തതാണ് – ദൈവസ്നേഹം.

ഇന്നു ശ്രവിച്ച സുവിശേഷത്തില്‍ സ്നേഹമാകുന്ന ദൈവത്തിന്‍റെ അത്യപൂര്‍വ്വവും ശ്രേഷ്ഠവുമായ ചിത്രമാണ് വിശുദ്ധ യോഹന്നാന്‍ വരച്ചുചേര്‍ക്കുന്നത്. സഹോദരങ്ങളെ സ്നേഹിക്കുന്ന, അതും ജീവന്‍ കൊടുക്കുവോളം സ്നേഹിക്കുന്ന മാതൃകാപരവും മൗലികവുമായ സ്നേഹമാണ് ക്രിസ്തുവിന്‍റെ കുരിശില്‍ പ്രതീകവത്ക്കരിക്കപ്പെടുന്നത്. അത് സ്നേഹപൂര്‍ണ്ണവും ത്യാഗസമ്പന്നവുമായ ഉയര്‍ത്തപ്പെടലാണ്. കുരിശോളമുള്ള ഉയര്‍ത്തപ്പെടല്‍. കുരിശു മരണത്തില്‍  ഉത്ഥാനവും മഹത്ത്വവും വിജയവുമാണെന്ന് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. മരണത്തിനുശേഷമുള്ള മഹത്വമല്ല ഉത്ഥാനം, മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ നല്കുന്ന സ്വാര്‍പ്പണമാണ് ഉത്ഥാനമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സനേഹമുണ്ടോ! അതുകൊണ്ടാണ് യോഹന്നാന്‍റെ സുവിശേഷത്തില്‍ മരണവും ഉത്ഥാനവും പരിശുദ്ധാത്മാവിന്‍റെ ആഗമനംപോലും കുരിശില്‍ യാഥാര്‍ത്ഥ്യമാകുന്ന, സ്വര്‍ഗ്ഗത്തിന്‍റെ ഉയര്‍ത്തപ്പെടലാണ്, പ്രത്യക്ഷീവത്ക്കരണമാണ്.

വിശുദ്ധനാടു സന്ദര്‍ശിക്കുന്നവര്‍ക്ക് അത്യപൂര്‍വ്വ കാഴ്ചയും അനുഭവവുമാണ് നെബോമല.  ഈജിപ്തില്‍നിന്നുമുള്ള പുറപ്പാടിന്‍റെ അന്ത്യത്തില്‍ മോശ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതും, അവസാനം മരണമടഞ്ഞതും ജോര്‍ദ്ദാന്‍റെ കിഴക്കന്‍ പ്രദേശത്തുള്ള നെബോ മലയിലാണ്. അവിടെനിന്നു കൊണ്ടാണ് മോശ വാഗ്ദത്തഭൂമി കണ്ടതും നിര്‍വൃതയടഞ്ഞതും. അവിടെ താന്‍ ചെന്നുചേരില്ലെങ്കിലും തേനും പാലുമൊഴുകന്ന ദൈവികപരിപാലയുടെ നാട്ടില്‍  ജനം എത്തിച്ചേരുന്നതു കണ്ടുകൊണ്ടാണ് മോശ സായുജ്യമടഞ്ഞത്.  നെബോ മലയില്‍നിന്നു നോക്കിയാല്‍ അങ്ങകലെ ജോര്‍ദ്ദാന്‍ തീരവും അതിനുമപ്പുറം വിശുദ്ധനാടും ജെറീക്കോയും ജരൂസലേമും കാണാം. ക്രിസ്തു നെബോയില്‍ വന്നതായി പുതിയ നിയമം സാക്ഷൃപ്പെടുത്തുന്നില്ലെങ്കിലും, അവിടുന്നു സ്നാപകനില്‍നിന്നും സ്നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ തീരം അതിന്‍റെ തൊട്ട് താഴെയാകയാല്‍, മോശയെപ്പോലെ പുതിയ മോശ, ക്രിസ്തുവും പ്രാര്‍ത്ഥിക്കാനായി അവിടെ പലവട്ടം ചെന്നു കാണുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ഇന്ന് അവിടെ ശ്രദ്ധേയമാകുന്നൊരു കാര്യം, മലമുകളിലെ തുറസ്സായ പ്രാര്‍ത്ഥനാവേദിയില്‍ ഉയര്‍ന്നുനിന്ന ലോഹത്തിന്‍റെ ശില്പമാണ്. സമുദ്രനിരപ്പില്‍നിന്നം ഏകദേശം 2500 അടിയിലേറെ ഉയരമുള്ള മലമുകളില്‍ മരൂഭൂമിയല്‍ ഉയര്‍ത്തപ്പെട്ട പിത്തളസര്‍പ്പത്തെയും, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനെയും പ്രതീകവത്ക്കരിച്ചുകൊണ്ടുള്ള മനോഹരമായ ലോഹശില്പം ഉയര്‍ന്നുനില്ക്കുന്നു. നൂറു മീറ്ററിലേറെ ഉയരമുള്ള ചെമ്പുംപിത്തളയും ചേര്‍ന്ന കലാദൃശ്യം പ്രശസ്ത ഇറ്റാലിയന്‍ ശില്പി ജൊവാന്നി ഫൊന്തോണി ചിത്രപ്പെടുത്തിയതും, സൃഷ്ടിച്ചതുമാണ് - കുരിശാകാരത്തിലുള്ള ഭീമമായ പിത്തളസര്‍പ്പം! പിത്തളച്ചുരുളുകള്‍ കൂട്ടിയിണക്കി ഭാവാത്മകമായി നിര്‍മ്മിച്ച കുരിശും, അതില്‍ പിണഞ്ഞുകിടക്കുന്ന ചെമ്പുക്കമ്പിയില്‍ വാര്‍ത്തെടുത്ത, ആഗ്നേയസര്‍പ്പവും മോശ നല്കിയ പഴയ കല്പനയുടെയും, ക്രിസ്തുവിന്‍റെ കാല്‍വരി യാഗത്തില്‍ യാഥാര്‍ത്ഥ്യമായ പുതിയ നിയമത്തിലെ രക്ഷയുടെയും ചരിത്രം ദൃശ്യവത്ക്കിരക്കുന്നതാണ്.

പഴയനിയമത്തിലെ സംഖ്യാ പുസ്തകവും, പിന്നെ യോഹന്നാന്‍റെ സുവിശേഷവും നെബോമലയിലെ കലാസൃഷ്ടിയുടെ മൂല്യം വിസ്തരിക്കുന്നുണ്ട്. സംഖ്യാ 21, 4-9

പുറപ്പാടു യാത്രയില്‍ ഏദോമില്‍വച്ച്  ഇസ്രായേല്‍ജനം ദൈവത്തിനും മോശയ്ക്കും എതിരായി പിറുപിറുത്തു. ‘മരുഭൂമിയില്‍ ഞങ്ങളെ കൊല്ലാന്‍ കൊണ്ടുന്നതാണോ, അപ്പവും വെള്ളവുമില്ലാത്തിടത്ത്.... പിന്നെ വിലകെട്ട അപ്പം തിന്നു ഞങ്ങള്‍ മടുത്തു...’ അങ്ങനെ അവര്‍ മോശയെ കുറ്റപ്പെടുത്തി. പിന്നെ ദൈവത്തിനെതിരെ പിറുപിറുത്തു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്‍റെ ഇടയിലേയ്ക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് വളരെപ്പേര്‍ മരിച്ചു വീണു. എന്നാല്‍ ജനം അനുതപിച്ചപ്പോള്‍, കര്‍ത്താവ് മോശയോടു പറഞ്ഞു. ‘പിത്തളസമര്‍പ്പമുണ്ടാക്കി മുരുഭൂമിയില്‍ നാട്ടുക. അതില്‍ അനുതാപത്തോടെ നോക്കുന്നവര്‍ രക്ഷപ്രാപിക്കട്ടെ.’ അങ്ങനെ സര്‍പ്പദംശനമേറ്റവര്‍ മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിത്തളസര്‍പ്പത്തെ നോക്കി രക്ഷപ്രാപിച്ചു, ജീവിച്ചുവെന്ന് സംഖ്യാപുസ്തകം സാക്ഷൃപ്പെടുത്തുന്നു.  യോഹ. 1, 17... 3, 14  അതുപോലെ  സുവിശേഷകന്‍ യോഹന്നാന്‍ രേഖപ്പെടുത്തുന്നു, നിയമം മോശവഴി നല്കപ്പെട്ടു. എന്നാല്‍ കൃപയും സത്യവുമാകട്ടെ, ക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ നാം ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവപുത്രനായ ക്രിസ്തുവാണ്. ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തിയത്, ദൃശ്യമാക്കിയത്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രന്‍ കാല്‍വരിയിലെ കുരിശില്‍ ഉയര്‍ത്തപ്പെട്ടു. എന്തെന്നാല്‍ ‘അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കുമാറ് ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’ അങ്ങനെ സകലരും എവിടെയും എക്കാലത്തും ക്രിസ്തുവിന്‍റെ കുരിശിനെ, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനെ നോക്കി രക്ഷപ്പെടും എന്നാണ് സുവിശേഷം ഉറപ്പുനല്കുന്നത്. ക്രിസ്തു രക്ഷയുടെ പ്രകാശമാണ്. ബെതലഹേമില്‍ തിളങ്ങിയ ദിവ്യക്ഷത്രം ലോകത്തിന് ദിശാദീപമായതുപോലെ, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശില്‍ തിളങ്ങിയതും, പ്രത്യക്ഷീവത്ക്കിക്കപ്പെട്ടതും ദൈവസ്നേഹത്തിന്‍റെ അത്യുജ്ജ്വല സ്നേഹപ്രഭയായിരുന്നു.

കുരിശില്‍ കിടന്നുകൊണ്ടുള്ള അവിടുത്തെ എല്ലാ മൊഴികളിലും സ്നേഹം വഴിഞ്ഞൊഴുകുകയാണ്. ഭൂമിയുടെ അന്ധതയ്ക്ക് അവിടുന്ന് അഞ്ജനം തേടുമ്പോള്‍ അത് ദുഷ്ടന്‍റെമേലും ശിഷ്ടന്‍റെമേലും ഒരുപോലെ മഴ പെയ്യിക്കുന്നു, അവിടുത്തെ ജീവല്‍പ്രയാണം ആകമാനം സ്നേഹത്തിന്‍റെ പെരുമഴക്കാലമായിരുന്നു. കാല്‍വരിയില്‍ പ്രതിധ്വനിച്ച അവസാന വചനങ്ങള്‍ കുരിശില്‍ തന്‍റെ വിരിമാറില്‍നിന്നും ഭൂമിയിലേയ്ക്കു നിര്‍ഗ്ഗളിച്ച ജീവജലത്തിന്‍റെ സ്നേഹനിര്‍ഝരിയായി പരിണമിച്ചു. കള്ളനുള്ള പറുദീസാ വാഗ്ദാനത്തില്‍ സ്നേഹം എല്ലാം പൊറുക്കുന്നു, എല്ലാത്തിനും ഊഴം കൊടുക്കുന്നു. അമ്മയും മകനും തമ്മിലുള്ള കൂട്ടിയിണക്കലിലൂടെ ഭൂമിയിലെ ബന്ധങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍ സ്നേഹം ശ്രദ്ധയായി നമ്മുടെ മിഴികളെ നനയ്ക്കുന്നു. പിതാവേ, പിതാവേ, എന്തിനെന്നെ കൈവെടിഞ്ഞു എന്ന് കരയുമ്പോള്‍, അത് സ്നേഹം അപഹരിക്കപ്പെട്ടവന്‍റെ ദീര്‍ഘനിശ്വാസമാകുന്നു. എനിക്കു ദാഹിക്കുന്നു... ആ ദാഹം ഉത്തമഗീതത്തിലെ ദാഹംതന്നെയാണ്. സ്നേഹം മരണത്തെപ്പോലെ ശക്തമാണ്. അതിന്‍റെ ജ്വാലകള്‍ തീജ്വാലയാണ്. ഒരു ജലസഞ്ചയത്തിനും 

ആ സ്നേഹാഗ്നിയെ കെടുത്താനാവില്ല (ഉത്തമഗീതം 8, 6-7). പിന്നെ സ്നേഹപൂര്‍ണ്ണിമയുടെ ആമന്ത്രണം ഒടുവില്‍ പിതാവിലേയ്ക്കുള്ള മടക്കയാത്രയാണ്. അവിടുന്നു മൊഴിഞ്ഞു, ‘എല്ലാം പൂര്‍ത്തിയായി.’ സ്നേഹത്തിന്‍റെ മഹാസാഗരത്തിലേയ്ക്ക് ഒരു മഴത്തുള്ളിപോലെ അവിടുന്നു അലിഞ്ഞു ചേരുന്നു, അവിടുന്ന് കുരിശില്‍ തലചായ്ച്ച് അമകുന്നു. ദിവ്യസ്നേഹത്തിന്‍റെ പ്രത്യക്ഷീവത്ക്കരണമായി..... അവിടുന്ന് കുരിശില്‍ ഉയര്‍ത്തപ്പെട്ടു. Listen:

 








All the contents on this site are copyrighted ©.