2015-02-05 17:21:00

ഭാരതസഭയുടെ ആരാധനക്രമം കൂടുതല്‍ സജീവമാക്കാന്‍ ശ്രമം


ഭാരതസഭയുടെ ആരാധനക്രമം കൂടുതല്‍ സജീവമാക്കണമെന്ന്, ദേശീയ ലത്തീന്‍ കത്തോലിക്കാ സമിതി, ccbi-യുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. ലത്തീന്‍ കത്തോലിക്കാ സഭയുടെ ആരാധനക്രമ ജീവിതം പഠനവിഷയമാക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന 140 മെത്രാന്മാരെ ഫെബ്രുവരി 4-ാം തിയതി ബുധനാഴ്ച അഭിസംബോധന ചെയ്തുകൊണ്ടാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ ആഹ്വാനംചെയ്തത്.

സഭാ സമൂഹത്തിന്‍റെ ആത്മാവും ജീവനുമായ ആരാധനക്രമം സജീവവും ജനപങ്കാളിത്തമുള്ളതും ആക്കുവാനും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷമുള്ള 50 വര്‍ഷക്കാലത്തില്‍ ഈ മേഖലയില്‍ കടന്നുകൂടിയിട്ടുള്ള ക്രമക്കേടുകള്‍ പരിഹരിച്ച് വിശ്വാസസമൂഹത്തിന്‍റെ ആത്മീയ ജീവിതം ദേശിയ പ്രാദേശിയ തലങ്ങളില്‍ നവീകരിക്കുവാനുതകുന്ന വിധത്തില്‍ പഠനങ്ങളും ചര്‍ച്ചകളും നയിക്കണമെന്ന് അദ്ധൃക്ഷപദം അലങ്കിരിക്കുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് മെത്രാന്മാരുടെ ദേശീയ സമ്മേളനത്തോട് ആവശ്യപ്പെട്ടു. ബാംഗളൂര്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഫെബ്രുവരി 9-ാം തിയതി സമാപിക്കും.

വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷെ, സഭയുടെ ആരാധനക്രമകാര്യങ്ങളില്‍ ഉണ്ടായിരിക്കേണ്ട് അച്ചടക്കത്തെക്കുറിച്ചും നവീകരണത്തില്‍ ശ്രദ്ധിക്കേണ്ട വിവിധ ഘടങ്ങളെക്കുറിച്ചും സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന്, സിസിബിഐയുടെ സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.