2015-02-05 09:42:00

ക്രൈസ്തവര്‍ പരസ്പരം പോരാടുന്നത് ഇടര്‍ച്ചയെന്ന് ഫ്രാന്‍സിസ് പാപ്പാ.


ഫ്രാന്‍സിസ് പാപ്പാ കാലപവേദിയായ ഉക്രയിനു വേണ്ടിയുള്ള സമാധാനാഭ്യര്‍ത്ഥന നവീകരിക്കുന്നു.

         ഫെബ്രുവരി 4ന് ബുധനാഴ്ച വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ച്, പൊതുകൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് പാപ്പാ അന്നാട്ടില്‍ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പരിശ്രമിക്കാനുള്ള തന്‍റെ ക്ഷണം ആവര്‍ത്തിക്കുകയും പ്രാര്‍ത്ഥനകള്‍ ക്ഷണിക്കുകയും ചെയ്തത്.

തദ്ദവസരത്തില്‍ ഉക്രയിന്‍ ജനതയെ പ്രത്യേകം അനുസ്മരിച്ചു കൊണ്ട് പാപ്പാ  ഇപ്രകാരം പറഞ്ഞു:

എന്‍റെ ചിന്തകള്‍ ഒരിക്കല്‍ കൂടി വത്സല ഉക്രയിന്‍ ജനതയിലേക്കു തിരിയുകയാണ്. നിര്‍ഭാഗ്യവശാല്‍ അവിടത്തെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നു. ഇരുവിഭാഗക്കാര്‍ക്കിടയില്‍ എതിര്‍പ്പുകള്‍ ശക്തി പ്രാപിക്കുന്നു. സംഘര്‍ഷങ്ങള്‍ക്കിരകളായവര്‍ക്ക് വേണ്ടിയും, അവരില്‍ നിരവധി സാധാരണ പൗരന്മാരുമുണ്ട്, അവരെല്ലാവരുടെയും കുടുംബങ്ങള്‍ക്കു വേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. ഭ്രാതൃഹത്യാപരമായ ഈ പൈശാചികാക്രമണങ്ങള്‍ എത്രയും വേഗം അവസാനിക്കുന്നതിനായി നമുക്കു കര്‍ത്താവിനോടപേക്ഷിക്കാം. നിണപങ്കിലമായ അന്നാട്ടില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും ഐക്യം സംജാതമാക്കുന്നതിനും കഴിയുന്ന ഏകമാര്‍ഗ്ഗമായ സംഭാഷണം പുനരാരംഭിക്കുന്നതിന്, അന്താരാഷ്ട്രതലത്തിലും സകല പരിശ്രമങ്ങളും നടത്താനുള്ള ആഹ്വാനം ഞാന്‍ നവീകരിക്കുകയാണ്. പ്രിയ സഹോദരീസഹോദരന്മാരേ, വിജയം പരാജയം എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്നത് വലിയ വേദനയാണ്. എന്‍റെ ഹൃദയത്തില്‍ വലിയൊരു ദുഖമാണുളവാകുന്നത്. അവ ശരിയായ പദങ്ങളല്ല. സമാധാനമാണ് ശരിയായ ഏക വാക്ക്. നിങ്ങള്‍ ഒന്നു ചിന്തിക്കൂ. ഈ യുദ്ധം ക്രൈസതവര്‍ തമ്മിലാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളത് ഏക മാമ്മോദീസ ആണ്. നിങ്ങള്‍, ക്രൈസ്തവര്‍, പരസ്പരം പോരാടുന്നു. ഈ ഉതപ്പിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കൂ. നമുക്കു പ്രാര്‍ത്ഥിക്കാം.

          2014 ഫെബ്രുവരിയില്‍ റഷ്യന്‍ അനുഭാവികളായ വിമതര്‍ ഉക്രയിനിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍  സര്‍ക്കാര്‍ മന്ദിരങ്ങള്‍ പിടിച്ചെടുത്ത്, റഷ്യന്‍ പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അവിടെ സായുധസംഘര്‍ഷം ശക്തി പ്രാപിച്ചത്.








All the contents on this site are copyrighted ©.