2015-02-05 17:37:00

ഔദ്യോഗികതകൊണ്ട് സഭയെ സര്‍ക്കാരേതര സ്ഥാപനമാക്കരുത്


പ്രേഷിത ദൗത്യമെന്തെന്ന് മറന്നുപോയാല്‍ സര്‍ക്കാരേതര സ്ഥാപനമായി സഭ പരിണമിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് താക്കീതു നല്കി. ഫെബ്രുവരി 5-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവരാജ്യത്തിന്‍റെ മൗലിക സന്ദേശങ്ങളായ അനുതാപവും സൗഖ്യദാനവും പ്രഘോഷിക്കുക, അതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന വിശുദ്ധ മാര്‍ക്കോസിന്‍റെ (മാര്‍ക്കോസ് 6, 7-13) സുവിശേഷഭാഗം വ്യാഖ്യാനിക്കുകയായിരുന്നു പാപ്പാ. മുറിപ്പെട്ടവരെ സൗഖ്യപ്പെടുത്തുന്ന ആശുപത്രിപോലെയാണ് സഭയെന്നും - ദൈവം നല്ലവനാണെന്നും, കരുണ കാണിക്കുന്നവനും ക്ഷമിക്കുന്നവനുമാണ് എന്നുമുള്ള മൂല്യങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ട് കരുതലുകളോ, സൗകര്യങ്ങളുടെ സമൃദ്ധിയോ നോക്കാതെ ശുശ്രുഷയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്ന ദൈവ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ലാളിത്യമാര്‍ന്ന ദൗത്യമാണ് സഭയുടേതെന്ന് പാപ്പാ വചനചിന്തയില്‍ ചൂണ്ടിക്കാട്ടി.

കാര്യക്ഷമതയുടെ കെട്ടിച്ചമയ്ക്കലിലും, സ്ഥാപനവത്ക്കരണത്തിലും കേന്ദ്രീകൃതമായൊരു സഭ മനോഹരവും ശക്തവുമായ സര്‍ക്കാരേതര സ്ഥാപനമായി വളരാനാണ് സാദ്ധ്യതയെന്ന് പാപ്പാ പരാമര്‍ശിച്ചു. സ്ഥാപനവത്കൃതമായ അങ്ങനെയുള്ള അന്തരീക്ഷത്തില്‍ സുവിശേഷ ചൈതന്യമോ, ആത്മീയാരുപിയോ, ദാരിദ്ര്യത്തിന്‍റെ ലാളിത്യമോ, സൗഖ്യദാനത്തിനുള്ള കഴിവോ കരുത്തോ ഉണ്ടാവില്ലെന്നും പാപ്പാ വ്യക്തമാക്കി. നമ്മെ സഹായിക്കുന്നവര്‍ ധാരാളമുണ്ടാകാം – സാമ്പത്തികമായും മറ്റു വിധത്തിലും – എന്നാല്‍ അതെല്ലാം ദൈവത്തിന്‍റെ ദാനവും പരിപാലനയുടെ ഭാഗവുമായി കാണുവാന്‍ സാധിക്കണം. മറിച്ച്, യഥാര്‍ത്ഥ ദൗത്യവും ദാരിദ്ര്യാരൂപിയും, പ്രേഷിത തീക്ഷ്ണതയും മറന്ന്, നന്മ ചെയ്യുന്നതിനു പകരം സ്ഥാപനത്തിന്‍റെ സൗകര്യങ്ങളിലും അതിന്‍റെ സുഖലോലുപതയിലും കുടുങ്ങിപ്പോകുന്നതാണ് സഭയിലെ ഇന്നിന്‍റെ സ്ഥാപനവത്ക്കരണ രീതിയുടെ ദുരന്തമെന്ന് പാപ്പാ പ്രസ്താവിച്ചു.

ചെയ്തകാര്യങ്ങള്‍ ഭയങ്കരമായിരിക്കുന്നു, കെങ്കേമമായിരിക്കുന്നു എന്ന് എല്ലാവരും കൊട്ടിഘോഷിക്കുന്നതിലല്ല പ്രാധാന്യം. സഭാജീവിതത്തിലും പ്രേഷിതമേഖലയിലും നാം ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ശബ്ദമായി ചെയ്യുക മാത്രമാണ്. ഞങ്ങള്‍ എളിയവരും ഉപയോഗശൂന്യരുമായ ദാസന്മാര്‍ മാത്രമാണ്. ദൈവരാജ്യത്തിന്‍റെ സേവകര്‍ മാത്രമാണ്, എന്ന സുവിശേഷാരൂപിയാണ് പ്രേഷിതമേഖലയില്‍ അഭികാമ്യം. ഇതാണ് ഏറ്റവും വലിയ പ്രശംസയും പ്രതിസമ്മാനവും. അത് ക്രിസ്തുവിന്‍റെ ശൈലിയും അവിടുത്തെ അനുകരണവുമാണ്. രോഗികള്‍ക്ക് സൗഖ്യം നല്കുവാനും, പാവങ്ങളോട് ദൈവരാജ്യത്തിന്‍റെ സുവിശേഷം അറിയിക്കുവാനും, അവരോട് ആസന്നമായ കൃപയുടെ സമയം പ്രഘോഷിക്കുവാനും അയക്കപ്പെട്ടിരിക്കുന്നവരുമാണ് പ്രേഷിതര്‍, സഭാശുശ്രൂഷകരെന്നും, അങ്ങനെ മനുഷ്യഹൃദയങ്ങള്‍ക്ക് ദൈവിക സാന്ത്വനവും സാമാധാനവും നല്കുവാന്‍ ദൈവം വിളിച്ച്, അവിടുന്ന് അയച്ചിരിക്കുന്നവരാണ് സഭാശുശ്രൂഷകര്‍. ഇത് ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കണമെന്ന് അനുസമരിപ്പിച്ചു കൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.