2015-02-02 13:52:00

പാപ്പാ ഫ്രാന്‍സിസ് കിഴക്കന്‍ യൂറോപ്പിലെ സരയേവോ സന്ദര്‍ശിക്കും


ജൂണ്‍ 6-ാം തിയതിയതിയാണ് കിഴക്കെ യൂറോപ്പ്യന്‍ നഗരമായ സരയേവോ പാപ്പാ സന്ദര്‍ശിക്കുന്നത്. ബോസ്നിയ-ഹെര്‍സെഗൊവീനാ രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ സര്‍യേവോ സന്ദര്‍ശിക്കുന്ന വിവരം ഫെബ്രുവരി 1-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് വെളിപ്പെടുത്തിയത്.

പാപ്പായ്ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുവാനും സന്ദേശം ശ്രവിക്കുവനുമെത്തിയ പതിനായിരങ്ങള്‍ ആനന്ദാരവത്തോടെയാണ് പാപ്പായുടെ 8-ാമത്തെ അന്തര്‍ദേശീയ പര്യടനമായ സരയേവോ സന്ദര്‍ശനവാര്‍ത്ത സ്വീകരിച്ചത്. യുദ്ധവും കലാപവും കീറിമുറിച്ച അവിടുത്തെ ജനങ്ങളുടെ ജീവിതം നന്മയില്‍ പുരോഗതി പ്രാപിക്കുവാനും, സഹോദര്യം ഊട്ടിയുറപ്പിക്കുവാനും, അങ്ങന അവിടെ സമാധാനം വളര്‍ത്തുവാനാകും എന്ന പ്രത്യാശയിലാണ് ഈ സന്ദര്‍ശനമെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ പ്രസ്താവിച്ചു. വിവിധ സമൂഹങ്ങള്‍ തമ്മിലും, മതങ്ങള്‍ തമ്മുലുമുള്ള സംവാദത്തിലൂടെയും സൗഹൃദത്തിലൂടെയും ഇനിയും അവിടെ സമാധാനം സംസ്ഥാപിതമാക്കാനാവുമെന്നും, തന്‍റ‍െ പ്രേഷിതയാത്രയെ പ്രാര്‍ത്ഥനകൊണ്ട് പിന്‍തുണയ്ക്കണമെന്നും സന്ദര്‍ശകരും തീര്‍ത്ഥാടകരുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന പതിനായിരങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

1997, 2003 എന്നീ വര്‍ഷങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധികളുടെ മദ്ധ്യത്തിലും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാ പാപ്പാ ഹ്രസ്വസന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ബോസ്നിയ-ഹെര്‍സെഗോവിനാ ജനതയ്ക്ക് തീര്‍ച്ചയായും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സാന്ത്വനവും ആത്മീയ ഉണര്‍വുമേകും എന്നതില്‍ സംശയമില്ല.








All the contents on this site are copyrighted ©.