2015-01-29 17:29:00

മതത്തിന്‍റെ പേരില്‍ കീറിമുറിച്ചാല്‍ ഇന്ത്യ വളരുകയില്ലെന്ന് ഒബാമ


മതത്തിന്‍റെ പേരില്‍ കീറിമുറിക്കപ്പെട്ടാല്‍ ഇന്ത്യ വളരുകയില്ലെന്ന്, അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമാ പ്രസ്താവിച്ചു. തന്‍റെ ത്രിദിന ഇന്ത്യ സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ ജനുവരി 27-ാം തിയതി ചൊവ്വാഴ്ച ഡെല്‍ഹിയിലെ സിരി ഓഡിറ്റോറിയത്തില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ്, പ്രധാനമന്ത്രി മോഡിയുടെയും ഇതര ഭരണകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ഒബാമാ ഇങ്ങനെ തുറന്നടിച്ചതെന്ന്. ഡല്‍ഹി അതിരൂപതയുടെ വക്താവ് ഫാദര്‍ ഡോമിനിക്ക് ഇമ്മാനുവേല്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു..

ബഹൂഭൂരിപക്ഷം ഹിന്ദുക്കളുള്ള ഭാരതത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും, ജനാധിപത്യത്തിന്‍റെ മതേതരത്വഭാവവും, അടിസ്ഥാന മനുഷ്യാവകാശവും മാനിക്കാതെയുമുള്ള രാഷ്ട്രനിര്‍മ്മിതി നിലനില്ക്കുകയില്ലെന്നും, അത് രാജ്യത്തെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തുകയും കീറിമുറിക്കുകയും ചെയ്യുമെന്ന് ഓബാമാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയതായി ഫാദര്‍ ഡോമിനിക്ക് സാക്ഷൃപ്പെടുത്തി.

ഭാരതത്തില്‍ സ്ത്രീകളോടു കാണിക്കുന്ന വിവേചനവും, അവരെ രണ്ടാം തരമാക്കുന്ന പ്രവണതയും, പിന്നെ കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുന്ന വിധത്തിലുള്ള പാരിസ്ഥിതിക അവജ്ഞയും പ്രഭാഷണത്തില്‍ ഒബാമാ ചൂണ്ടിക്കാട്ടുകയുണ്ടായെന്ന്, സിരി സ്റ്റേഡിയത്തിലെ ഒബാമയുടെ പ്രഭാഷണം കേള്‍ക്കാന്‍ അവിടെ സന്നിഹിതനായിരുന്ന ഫാദര്‍ ഡോമിനിക്ക് വ്യക്തമാക്കി.

രാഷ്ട്രത്തിന്‍റെ മതേതരത്വം മാനിക്കുന്നതില്‍ പുതിയ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും, രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന ന്യൂനപക്ഷ പീഡനക്കേസുകളും തീര്‍ച്ചയായും മനുഷ്യാവകാശത്തിന്‍റെ അടിസ്ഥാന ലംഘനമാണെന്നും, ഒരിക്കലും നല്ല ഭരണകൂടത്തിന് ഭൂഷണമല്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ ഡോമിനിക്ക് തന്‍റേതായ വീക്ഷണത്തില്‍ അഭിപ്രായപ്പെട്ടു. 








All the contents on this site are copyrighted ©.