2015-01-23 15:19:00

ആശയവിനിമയത്തിന്‍റെ ആനുഗ്രഹദായകമായ സ്നേഹക്കൂട്ടായ്മയാണ് കുടുംബം


പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ മാധ്യമദിന സന്ദേശം കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ്. മാധ്യമ പ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് (ജനുവരി 24) വത്തിക്കാനില്‍ സന്ദേശം പ്രകാശനംചെയ്യപ്പെട്ടു. പൂര്‍ണ്ണമായും കുടുംബങ്ങളെ ചുറ്റിപ്പറ്റി പാപ്പാ മെനഞ്ഞെടുത്തിരിക്കുന്ന സന്ദേശത്തിലെ നുറുങ്ങു ചിന്തകളാണ് ചുവടെ ചേര്‍ക്കുന്നത്:

ആശയവിനിമയത്തിന്‍റെ ആനുഗ്രഹദായകമായ സ്നേഹക്കൂട്ടായ്മയാണ് കുടുംബം. ശാരീരത്തിന്‍റെയും മനസ്സിന്‍റെയും സംവേദനം ജീവന്‍റെ ആരംഭത്തില്‍ അമ്മയുടെ ഉദരത്തിലേ മനുഷ്യന്‍ അനുഭവിക്കുന്നു. ‘മറിയം ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കണ്ട മാത്രയില്‍, തന്‍റെ ഉദരഫലം ആനന്ദത്താല്‍ കുതിച്ചുചാടി’ എന്ന് സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന രംഗം അമ്മയുടെ ഉദരത്തിലും കുടുംബത്തിലും ഉരുവാകുന്ന ആശയവിനിമയ ശൃംഖലയുടെ പ്രഥമ കണ്ണിയായി സന്ദേശത്തിന് ആമുഖമായി പാപ്പാ വരച്ചുകാട്ടുന്നു (ലൂക്കാ 1, 39-56). ഇക്കാരണത്താല്‍ ആശയവിനിമയം ശാരീരിക ഭാഷ്യവും സംഭാഷണവും ഇടചേര്‍ന്നതാണെന്നും സമര്‍ത്ഥിക്കുന്നു. അപരെ കണ്ടതിലുള്ള സന്തോഷത്താല്‍ കുതിച്ചുതുള്ളിയ ഉദരത്തിലെ കുഞ്ഞിന്‍റെ ശാരീരിക ഭാഷണം ആശയവിനിമയത്തിന്‍റെ ലോലരൂപവും മൂലരൂപവുമാണെന്നും, അങ്ങനെ വ്യക്തി അപരനെ കേള്‍ക്കുകയും അവന്‍റെ സ്നേഹസ്പന്ദനങ്ങള്‍ പഠിക്കുകയും ചെയ്യുന്ന ആത്മവിദ്യാലയമാണെന്നും പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ സ്ഥാപിക്കുന്നു.

വ്യക്തിബന്ധങ്ങളുടെ ആരംഭം കുടുംബമാണ്. അമ്മയുടെ മുലപ്പാലിലൂടെ എന്നോണം വ്യക്തി സ്വയമേ ഭാഷയും പെരുമാറ്റരീതികളും സ്വായത്തമാക്കുന്നു. അമ്മയിലൂടെ ലഭിക്കുന്ന മുന്‍തലമുറകളുടെ ഭാഷയാണ് മാതൃഭാഷ. കുടുംബത്തില്‍നിന്നും സ്വമേധയ പഠിക്കുന്നതാണത്. അങ്ങനെ പ്രാര്‍ത്ഥനപോലുള്ള അടിസ്ഥാന ആശയവിനിമയ ഘടകങ്ങള്‍ കുടുംബത്തില്‍നിന്നുമാണ് വളരെ ചെറുപ്രായത്തിലെ വ്യക്തി ആദ്യമായി ഒപ്പിയെടുക്കുന്നത് അല്ലെങ്കില്‍ സ്വായത്തമാക്കുന്നത്. അങ്ങനെ ആശയവിനിമയത്തിന് ആത്മീയതയും ദൈവോന്മുഖമായൊരു സ്വഭാവമുണ്ടെന്നും യുവതലമുറ കുടുബംങ്ങളില്‍നിന്നും മനസ്സില്ക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പ്രസ്താവിക്കുന്നു.

പരസ്പരമുള്ള അംഗീകാരത്തിന്‍റെയും വ്യക്തിബന്ധങ്ങളുടെയും പാഠങ്ങള്‍ കുടുംബത്തിലാണ് ലഭിക്കുന്നത്. കളിച്ചും ചിരിച്ചും കരഞ്ഞും മൗനംപാലിച്ചും വ്യക്തി മെല്ലെ വളര്‍ന്നു വരുമ്പോള്‍, ജീവിതം വൈവിധ്യമാര്‍ന്ന സംവേദനരീതികളുടെ അനുഭവമായി രൂപപ്പെടുന്നു. തുടര്‍ന്ന് മുളയെടുക്കുന്ന കുടുംബക്കാട്ടായ്മയുടെ കണ്ണികള്‍ കോര്‍ത്തിണക്കി സമൂഹജീവിതത്തിനും ഒപ്പം, മതാത്മക ജീവിതത്തിനും വ്യക്തി തുടക്കമിടുന്നു. കുട്ടിപ്രായത്തിലെ സഭാ ജീവിതത്തിലേയ്ക്ക് കടക്കുന്നൊരാള്‍ക്ക് ദേവാലയം ഒരു തറാവാടോ, കുടുബങ്ങളുടെ കുടുംബമോ ആയി അനുഭവേദ്യമാകുമെന്ന് പാപ്പാ സന്ദേശത്തില്‍ വിവരിക്കുന്നു.

കൊണ്ടും കൊടുത്തും വളരുന്ന കുടുംബാന്തരീക്ഷത്തില്‍ ക്ഷമയുടെയും അനുരജ്ഞനത്തിന്‍റെയും സംവേദനം നടക്കുന്നതായി പാപ്പാ വിസ്തരിക്കുന്നുണ്ട്. അനുരജ്ഞനം ആശയവിനിമയ പ്രക്രിയയുടെ അനിവാര്യഘടകമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശയവിനിമയം മുറിഞ്ഞുപോകയോ തടസ്സപ്പെടുകയോ ചെയ്താലും അനുരജ്ഞന പ്രക്രിയയിലൂടെ അതു പുനഃസ്ഥാപിക്കാമെന്നും, അങ്ങനെ ജീവിതം സന്തോഷത്തോടും സമാധാനത്തോടുംകൂടെ മുന്നോട്ടു നയിക്കാമെന്നും മനസ്സിലാക്കുന്ന സ്നേഹവേദി കുടുംബംതന്നെയാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. മുറിഞ്ഞുപോകുന്ന സംവേദന ശൃംഖലയിലെ ബന്ധങ്ങളുടെ കണ്ണികള്‍ കൂട്ടിയിണക്കുവാനും, സ്നേഹവും ഐക്യദാര്‍ഢ്യവും സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും വക്തികള്‍ അനുരജ്ഞനത്തിന്‍റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ പഠിച്ചിരിക്കണമെന്ന് പാപ്പാ വിശദീകരിക്കുന്നത് ലളിതവും ശ്രദ്ധേയവുമാണ്. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളോടുപോലും കുടുംബത്തില്‍ പ്രകടമാക്കുന്ന സ്നേഹത്തിന്‍റെ സംവേദനം ഈ മേഖലയില്‍ അനിവാര്യാമായ തുറിവിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പരസ്പരം അംഗീകരിക്കുന്ന സാകല്യ സംസ്കൃതിയുടെയും ഹൃദയവിശാലതയുടെയും ശ്രേഷ്ഠപാഠങ്ങള്‍ പകര്‍ന്നുനല്കുന്നുവെന്ന് സന്ദേശത്തിന്‍റെ കേന്ദ്രഭാഗത്ത് പാപ്പാ പഠിപ്പിക്കുന്നു.

അത്യാധുനിക മാധ്യമസൗകര്യങ്ങള്‍ കുടുംബത്തിന്‍റെ കൂട്ടായ്മയുടെ വേദിയില്‍ ഉപകാരമോ ഉപദ്രവമോ ആയിത്തീരാമെന്നും പാപ്പാ താക്കീതുനല്കുന്നുണ്ട്. കാരണം ജീവിതം മൊത്തമായും മാധ്യമകോലഹലത്തില്‍ മുഴുകിപ്പോകുവാന്‍ ഇടയാകുന്നുണ്ടെന്നും, വിചിന്തത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും വിശ്രമത്തിന്‍റെയും നിശബ്ദ മുഹൂര്‍ത്തങ്ങള്‍ കൂട്ടായ്മ വളര്‍ത്തുന്ന കുടുംബവേദിയിലെ ആശയവിനിമയത്തിന്‍റെ ഘടകങ്ങളായി സംരക്ഷിക്കണമെന്ന് പാപ്പാ അവശ്യപ്പെടുന്നു. നന്മയുള്ള പരസ്പര സംവേദന രീതികള്‍ നാം കുടുംബങ്ങളില്‍ സ്വായത്ത മാക്കേണ്ടിയിരിക്കുന്നുവെന്നും, സംവേദനശാസ്ത്രത്തിന്‍റെ സമഗ്രത ഏകപക്ഷിയതയിലോ പക്ഷംചേരലിലോ അല്ല, മറിച്ച് സത്യസന്ധമായും നേരിട്ടും ശരിയായും കാര്യങ്ങള്‍ തുറവോടെ അദ്യം കുടുംബത്തിലും, പിന്നെ സമൂഹത്തിലും കൈകമാറുന്നതിലാണെന്നും പാപ്പാ സമര്‍ത്ഥിക്കുന്നു.

ജീവനും അതിന്‍റെ ഫലദായകത്വവും പ്രഘോഷിക്കുന്ന ആശയവിനിമയത്തിന്‍റെ സ്നേഹക്കൂട്ടായ്മയാണ് കുടുംബമെന്നും (The Communicating community) മാധ്യമ ലോകത്തിന്‍റെ മനോഹാരിതയ്ക്കും പരസ്പരബന്ധങ്ങളുടെ സമഗ്രതയ്ക്കും സാക്ഷൃമേകുന്ന വേദിയും കുടുംബമാണെന്ന് സമര്‍ത്ഥിച്ചു കൊണ്ടാണ് താരതമ്യേന ഹ്രസ്വമായ ഈ വര്‍ഷത്തെ മാധ്യമദിന സന്ദേശം പാപ്പാ ഉപസംഹരിക്കുന്നത്.

(Thoughts gathered by fr. William Nellikal from the Original text of the Holy Father, this is not the full message).








All the contents on this site are copyrighted ©.