2015-01-21 16:06:00

ക്രൈസ്തവൈക്യവാരം : സംവാദത്തിലൂടെ ഐക്യത്തിലേയ്ക്ക്


‘സംവാദത്തിലൂടെ ഐക്യത്തിലേയ്ക്ക്’ എന്ന സന്ദേശവുമായി ക്രൈസ്തവൈക്യവാരം ആരംഭിച്ചു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം (യോഹ. 4, 7) ചിത്രീകരിക്കുന്ന ക്രിസ്തുവും സമറിയക്കാരി സ്ത്രീയും തമ്മിലുള്ള തുറന്ന സംവാദം പ്രതിപാദ്യ വിഷയമാക്കിക്കൊണ്ടാണ് ഈ വര്‍ഷം ക്രൈസ്തവൈക്യവാരം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ജനുവരി 18 മുതല്‍ 25-വരെ തിയതികളിലാണ് ലോകമെമ്പാടും ക്രൈസ്തവൈക്യവാരം ആചരിക്കുന്നത്.

ഐക്യം യാഥാര്‍ത്ഥ്യമാകുന്നത് അകന്നിരിക്കുന്നവരെ അന്വേഷിച്ചറങ്ങുമ്പോഴും, തുറന്ന സംവാദത്തിലൂടെയുമാണെന്ന് ഐക്യവാരത്തിന്‍റെ പ്രതിപാദ്യവിഷയം വ്യക്തമാക്കുവന്നുവെന്ന് സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേട് കോഹ്  ജനുവരി 20-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

യഹൂദരുമായി സൗഹൃദത്തില്‍ അല്ലാതിരുന്ന സമറിയക്കാരുടെ ഗ്രാമത്തില്‍ചെന്ന് കുടിക്കാന്‍ വെള്ളം ചോദിക്കുവാന്‍ ക്രിസ്തു കാണിച്ച താഴ്മയാണ് സംവാദത്തിന് വേദിയൊരിക്കിയതും, വിജാതീയ സ്ത്രീയുടെ ജീവിതത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഇടയാക്കിയതെന്നും  കര്‍ദ്ദിനാള്‍ കോഹ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കുടിക്കുവാന്‍ ജലം നല്കുക, ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും, അങ്ങനെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളെ മാനിച്ചുകൊണ്ടുള്ള സംവാദത്തിന്‍റെ പാതയിലേ, ഐക്യവും സാഹോദര്യവും വളരുകയുള്ളൂവെന്ന് കര്‍ദ്ദിനാള്‍ കോഹ്, ക്രൈസ്തവൈക്യ വാരത്തിന്‍റെ പ്രതിപാദ്യ വിഷയത്തെ ആധാരമാക്കി അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

ഈ വര്‍ഷം ക്രൈസ്തവൈക്യ വാരത്തിന്‍റെ സമാപനം കുറിച്ചുകൊണ്ടും,  സുവിശേഷപ്രചാരകനായ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാള്‍ അനുസ്മരിച്ചുകൊണ്ടും ജനുവരി 25-ാം തിയതി ഞായറാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 5.30-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്ലിഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള പുരാതന ബസിലിക്കയില്‍ സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തപ്പെടും. കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും, ഇതര പൗരസത്യ സഭാ തലവാന്മാരും റോമിന്‍റെ മെത്രാനായ പാപ്പ്പായ്ക്കൊപ്പം ശുശ്രൂഷയില്‍ പങ്കെടുക്കുമെന്നും കര്‍ദ്ദിനാള്‍ കോഹ് വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.