2015-01-19 10:01:00

പാപ്പാ ഫ്രാന്‍സിസ് ഫിലിപ്പീന്‍സില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷത്തില്‍


ജനുവരി 18-ാം തിയതി വൈകുന്നേരം ഫിലിപ്പീന്‍സിലെ ക്വിരീനോ ഗ്രാന്‍ഡി സ്റ്റാന്‍ഡി സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ്  തന്‍റെ രണ്ടാമത്തെ ഏഷ്യാ സന്ദര്‍ശനവും ശ്രീലങ്ക-ഫിലിപ്പീന്‍സ് അപ്പസ്തോലിക സന്ദര്‍ശനവും ഉപസംഹരിച്ചത്. 6 ലക്ഷത്തിലേറെ ഫിലിപ്പീനോ വിശ്വാസികള്‍ പങ്കെടുത്ത സജീവവും ഭക്തിനിര്‍ഭരവുമായ ദിവ്യബലിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷചിന്തയുടെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന്‍റെ സമാപന പരിപാടിയായിരുന്നു ജനുവരി 18 ഞായറാഴ്ച. അവരുടെ ദേശീയ മദ്ധ്യസ്ഥനായ ഉണ്ണീശോയുടെ (Santo Ninjo) തിരുനാള്‍ ദിവസവുമായിരുന്നു അന്ന്.

സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും സദ്വാര്‍ത്ത പ്രഘോഷിക്കുവാനും, നമ്മെ സമാധാനത്തിന്‍റെയും നീതിയുടെയും പാതിയിലൂടെ നയിക്കുവാനുമാണ് Santo Ninjo ക്രിസ്തു ലോകത്തിലേയ്ക്കു വന്നത്. ദൈവപുത്രനായ ക്രിസ്തു മനുഷ്യനായി അവതരിച്ചത്. മനുഷ്യാവതാര രഹസ്യത്തിന്‍റെ ലക്ഷൃം നാം ദൈവമക്കളും ദൈവിക കുടുംബത്തിലെ അംഗങ്ങളുമാണെന്ന സ്ത്യം വ്യക്തമാക്കി തരുവാനാണ്. പൗലോശ്ലീഹാ പറയുന്നു, നാം എല്ലാവരും ക്രിസ്തുവില്‍ ദൈവത്തിന്‍റെ ദത്തുപുത്രരും, അവിടുത്തെ സഹോദരീ സോഹദരന്മാരുമാണ്. ഇന്നാട്ടിലുണ്ടായ ചുഴലിക്കാറ്റിന്‍റെ കെടുതിയിലും അതുപോലുള്ള സാമൂഹ്യപ്രതിസന്ധികളിലും ഫിലിപ്പീന്‍കാരുടെ സാഹോദര്യത്തിന്‍റെ മനോഹരമായ പ്രകടനം ഞാന്‍ കണ്ടിട്ടുള്ളതാണ്. ലോകം കണ്ടിട്ടുള്ളതാണ്. ക്രൈസ്തവരായിരിക്കുക എന്ന വലിയ ദൈവികദാനം ഇവിടെ നിങ്ങള്‍ക്ക് കൂടുതലായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാവണം ഏഷ്യയിലെ കത്തോലിക്കാ രാജ്യങ്ങളില്‍ നിങ്ങള്‍ ഒന്നാം സ്ഥാനത്താണ് നില്ക്കുന്നത്. അങ്ങനെ ഫിലിപ്പീന്‍സുകാര്‍ ആഗോളശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിട്ടുള്ള ജനസമൂഹമാണ്. നിങ്ങള്‍ ശ്രദ്ധേയരാകുന്നത് ദൈവത്തിന്‍റെ മഹനീയ വിളിയിലൂടെയാണ്. ദൈവം നിങ്ങളെ വിളിച്ചത്, തിരഞ്ഞെടുത്ത് അനുഗ്രഹിച്ചത്, അവിടുത്തെ മുന്നില്‍ പരിശുദ്ധരും നിഷ്ക്കളങ്കരും ആയിരിക്കുവാന്‍ വേണ്ടിയാണ്. സത്യവും നീതിയുമായ ക്രിസ്തുവിന് സാക്ഷൃം വഹിക്കുവാനാണ്. ജീവിത വിശുദ്ധികൊണ്ടാണ് ഈ ലോകത്തെ മനോഹരമായ പൂന്തോട്ടമായി നാം പാലിക്കേണ്ടത്. എന്നാല്‍ തിന്മമൂലം അതിന്‍റെ മുഖം, ഈ പ്രകൃതി സൗന്ദര്യാം നാം നശിപ്പിക്കുന്നുണ്ട്. പാപത്തിലൂടെയാണ് മനുഷ്യസമൂഹത്തിന്‍റെ കൂട്ടായ്മയുടെ മനോഹാരിത നശിപ്പിക്കപ്പെടുന്നത്.

സാമൂഹ്യ ഘടനയില്‍ ദാരിദ്ര്യവും അജ്ഞതയും അഴിമതിയും ചിരപ്രതിഷ്ഠ നേടാന്‍ അങ്ങനെ ഇടയായിട്ടുണ്ട്. തിന്മയുടെ അതിപ്രസരംമൂലം ഇവിടെ വഴിമുട്ടിയപോലെ തോന്നാമെങ്കിലും, പ്രത്യാശ കൈവെടിയരുത്. സുവിശേഷ മൂല്യങ്ങള്‍ പ്രായോഗികമല്ലെന്നുപോലും തോന്നുന്ന പ്രലോഭനങ്ങളുടെ നിമിഷങ്ങള്‍ ഉണ്ടാകാം. അത് പൈശാചീകമാണ്. എന്നിട്ട് ദൈവത്തെ മറന്ന് ആധുനികതയുടെ പിന്നാലെ പരക്കംപായുന്ന പ്രവണത ധാരാളമായി ഉയര്‍ന്നു വരുന്നുണ്ട്. അതിനാല്‍ നമ്മുടെ സത്തയായ ദൈവമക്കളുടെ സ്ഥാനം അനുസ്മരിച്ചുകൊണ്ട്, ദൈവിക വിജ്ഞാനത്താല്‍ നിറയണം, ഈ നാടിന്‍റെ മദ്ധ്യസ്ഥനായ Santo Ninjo, ഉണ്ണിയേശു ഈ തിരുനാളില്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്, പ്രലോഭനത്തിലും പ്രതിസന്ധികളിലും കെടുതികളിലും ദൈവമക്കളുടെ സ്ഥാനം മറക്കരുത് എന്നാണ്.

സുവിശേഷത്തില്‍ ക്രിസ്തു കുഞ്ഞുങ്ങളെ ആശ്ലേഷിച്ചതായി നാം വായിക്കുന്നു (മാര്‍ക്ക്. 10. 10). അതുപോലെ നാം യുവതലമുറയെയും കുഞ്ഞുങ്ങളെയും നാം സംരക്ഷിക്കണം. ജീവിത മൂല്യങ്ങളില്‍, സുവിശേഷ മൂല്യങ്ങളില്‍ നാം അവരെ വളര്‍ത്തിയെടുക്കണം. ചെറിയ കുടുംബത്തിലാണ്, നസ്രത്തിലെ കുടുംബത്തിലാണ് യേശു വളര്‍ന്നത്. വിശുദ്ധ യൌസേപ്പ് അവിടുത്തെ വളര്‍ത്തു പിതാവായിരുന്നു. മറിയം അമ്മയായിരുന്നു. അതുപോലെ കുടുംബങ്ങളും സമൂഹങ്ങളും വളരുന്ന തലമുറയെയും കുഞ്ഞുങ്ങളെയും കാത്തുപാലിക്കണം. സ്നഹത്തോടെ വളര്‍ത്തണം.. ആത്മീയ പൈതൃകവും പാരമ്പര്യങ്ങളും സുവിശേഷ മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന വിധിത്തില്‍ നാം യുവതലമുറയെ രൂപീകരിക്കേണ്ടതാണ്. വിശുദ്ധ നീഞ്ഞോ, ഉണ്ണിയേശു ഈ നാടിനെും ഇവിടത്തെ വിശ്വാസസമൂഹത്തെയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ!








All the contents on this site are copyrighted ©.