2015-01-19 20:27:00

പാപ്പാ ഫ്രാന്‍സിസിന് വത്തിക്കാനില്‍ തിരിച്ചെത്തി


പാപ്പാ ഫ്രാന്‍സിസ് ശ്രീലങ്ക ഫിലിപ്പീസ് അപ്പോസ്തോലിക യാത്രപൂര്‍ത്തിയാക്കി ജനുവരി 19-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം വത്തിക്കാനില്‍ തിരിച്ചെത്തി. പ്രാദേശീക സമയം വൈകുന്നേരം 5.40-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പാ, കാറില്‍  മേരി മെയ്ജര്‍ ബസിലിക്കയില്‍ പോയി ദൈവമാതൃസന്നിധിയില്‍ പ്രാര്‍ത്ഥിച്ച് നന്ദിയര്‍പ്പിച്ച ശേഷമാണ് വത്തിക്കാനിലെത്തിയത്. നീണ്ട യാത്രയ്ക്കും തിരിക്കിട്ട പരിപാടികള്‍ക്കു ശേഷവും പാപ്പ് ഉന്മേഷവാനായി കാണപ്പെട്ടു.

ജനുവരി 12-ാം തിയതി ആരംഭിച്ച എട്ടു ദിവസത്തെ രണ്ടാം ഏഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി, ജനുവരി 19-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് പാപ്പായും സംഘവും വത്തിക്കാനിലേയ്ക്ക് മടങ്ങിയത്. മനില അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പായോടു യാത്രപറയാന്‍  ഫിലീപ്പീന്‍സിന്‍റെ പ്രസിഡന്‍റിനോടും മനില മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ താഗ്ലെയോടും മറ്റു പ്രമുഖരോടുമൊപ്പം പാട്ടും നൃത്തവുമായി ആബാലവൃന്ദം ജനങ്ങള്‍ സന്നിഹിതരായിരുന്നു. അനൗപചാരികമായിരുന്നു യാത്രപറച്ചിലെങ്കിലും വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം മുതല്‍ എയര്‍പ്പോര്‍ട്ടുവരെയുള്ള 6 കി.മി. വഴിയില്‍ ജനങ്ങള്‍ തിങ്ങിനിന്ന് പാപ്പായ്ക്ക് യാത്രപറഞ്ഞു. 80 ലക്ഷത്തോളം വരുന്ന ഫിലിപ്പീന്‍സിലെ കത്തോലിക്കാ ജനതയുടെ പാപ്പായുടെ സന്ദര്‍ശനത്തില്‍ ലഭിച്ച ആത്മീയ ഉണര്‍വും, ഒപ്പം സന്ദര്‍ശനത്തിന്‍റെ വിജയവും പ്രകടമാക്കുന്നതായിരുന്നു.

മനിലയിലെ റിസാല്‍ പാര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ 6 ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്തത് വത്തിക്കാന്‍റെ കണക്കുകൂട്ടലില്‍ ‘റെക്കോര്‍ഡാ’ണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട ലെയിത്ത് ദ്വീപിലേയ്ക്കുള്ള പോപ്പിന്‍റെ സന്ദര്‍ശനം, വീണ്ടും ചെറിയൊരു ചുഴലിക്കാറ്റിന്‍റെ ഇടയില്‍ സംഭവിച്ചതും, ശക്തമായ മഴയെയും കാറ്റിനെയും വെല്ലുവിളിച്ച് മഴക്കോട്ട് അണിഞ്ഞ് രണ്ടു ലക്ഷത്തോളം വരുന്ന ദ്വീപുവാസികള്‍ക്കൊപ്പം തക്ലോബാനിലെ എയര്‍ ബെയ്സില്‍ ദിവ്യബലിയര്‍പ്പിച്ച പാപ്പാ ഫ്രാന്‍സിസ് ജനഹൃദയങ്ങളില്‍ മനുഷികതയുടെ ഹൃദ്യമായ സ്പന്ദനങ്ങളുണ്ടാക്കി. മനിലയിലെ സെന്‍റ് തോമസ് യൂണിവേഴ്സിറ്റിയുടെ 4-ാം ശതാബ്ദി ആഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന യുവജന സംഗമം പങ്കാളിത്തംകൊണ്ടും തുറവുള്ള പങ്കുവയ്ക്കലും ജീവിതസാക്ഷൃവുംകൊണ്ട് അത്യപൂര്‍വ്വവും ഫലപ്രദവുമായെന്ന് അധികൃതര്‍ സാക്ഷൃപ്പെടുത്തി.

അപ്പസ്തോലിക യാത്രയുടെ ആദ്യ ഘട്ടമായ ശ്രീലങ്ക സന്ദര്‍ശനം രാഷ്ട്രീയ കലാപങ്ങള്‍ കീറിമുറിച്ച ദ്വീപില്‍ അനുരഞ്ജനത്തിന്‍റെ അലയടി ഉയര്‍ത്തി. ബഹുഭൂരിപക്ഷം ബുദ്ധമതക്കാരും, പിന്നെ ഹൈന്ദവരും മുസ്ലിംങ്ങളും ക്രൈസ്തവ ന്യൂനപക്ഷളുമുള്ള ലങ്കാദ്വീപില്‍ പാപ്പായുടെ സന്ദര്‍ശനം കൂടുതല്‍ രമ്യതയുടെയും കൂട്ടായ്മയുടെയും രംഗങ്ങളാണ് ദൃശ്യമാക്കിയത്. പുതിയ പ്രസിഡന്‍റ് മൈത്രിബാലാ സിരിസേനയുടെ നേതൃത്വത്തില്‍ പാപ്പായ്ക്കു നല്കിയ പരമ്പരാഗത സ്വീകരണവും, സജീവപങ്കാളിത്തം പ്രകടമാക്കിയ സര്‍വ്വമത സമ്മേളനവും, കൊളംമ്പോയിലെ ഗാലി ഫാച്ചെ തീരത്തു നടന്ന സമൂഹബലിയര്‍പ്പണവും ശ്രീലങ്കയുടെ സാമൂഹ്യചുറ്റുപാടില്‍ നവോന്മേഷത്തിന്‍റെ തരംഗങ്ങള്‍ ഉയര്‍ത്തി.

ജാഫ്ന ഭാഗത്തെ മധു തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള സന്ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രീലങ്ക പര്യടനത്തിന് സമഗ്രത നല്കിയതെന്നു പറയാം. അധികവും തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുകയും, അഭ്യന്തരകലാപത്തിന്‍റെ കരിപടലം വീണിട്ടുള്ളതുമായ ജാഫ്ന പ്രവിശ്യയ്ക്കും പാപ്പായുടെ സാന്നിദ്ധ്യം അനുഗ്രഹവും കൂട്ടായ്മയ്ക്കുള്ള കാഹളവുമായിട്ടുണ്ട്. 








All the contents on this site are copyrighted ©.