2015-01-17 07:45:00

ഫിലിപ്പീന്‍സില്‍ പ്രതീകൂല കാലാവസ്ഥ പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം


സാന്ത്വനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശവുമായി ഫിലിപ്പീന്‍സില്‍ കാലുകുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ മൂന്നാം ദിനസന്ദര്‍ശനം ചുഴിലിക്കാറ്റു തകര്‍ത്ത ലെയിത് ഐലന്‍റിലെ തക്ലോബാന്‍-പാലോ പ്രവിശ്യയിലേയ്ക്കായിരുന്നു. മനിലയില്‍നിന്നും 650 കി.മി. അകലെയുള്ള ഫിലിപ്പീന്‍സിന്‍റെ തെക്കു-കിഴക്കന്‍ തീരപ്രദേശമായ ലെയിത് ദ്വീപിലേയ്ക്കാണ് പാപ്പാ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.15-ന് മനിലയില്‍നിന്നും പുറപ്പെട്ടത്. ഇരുണ്ട മാനത്തിലേയ്ക്കാണ് വിമാനം പറന്നുപൊങ്ങിയ്ത്.

ഒരു മണിക്കൂര്‍നീണ്ട യാത്രയുടെ അന്ത്യത്തില്‍, ലെയിത്ത് ദ്വീപിലെ തക്ലോബാന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ 9.30-ന് ഇറങ്ങിയപ്പോഴേയ്ക്കും തുള്ളിയെടുത്ത മഴയെ വകവയ്ക്കാതെ പാപ്പാ ഫ്രാന്‍സിസും സംഘവും ചരിത്രത്തില്‍ യുദ്ധവും ഭൂകമ്പവും, കൊടുങ്കാറ്റും, പേമാരിയും അനുഭവിച്ചിട്ടുള്ള ലയിത്തിലെ ജനമദ്ധ്യേത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു. ലെയിത്തിന്‍റെ ഗവര്‍ണ്ണര്‍, ഡോമിനിക്ക് പെത്തീലായുടെയും പാലോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോണ്‍ ഫെറെസ്സേവുളോയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും, മറ്റു സാംസ്ക്കാരിക പ്രതിനിധികളും കുട്ടികളുടെ നൃത്തസംഘവും ചേര്‍ന്ന് പാപ്പായെ സന്തോഷത്തോടെ സ്വീകരിച്ചു.  

വിമാനത്താവളത്തില്‍നിന്നും വളരെ അടുത്തുള്ള എയര്‍പ്പോര്‍ട്ട് മൈതാനിയിലേയ്ക്ക് ദിവ്യബലിക്കായി ജനമദ്ധ്യത്തിലൂടെ പാപ്പാ കാറില്‍ നീങ്ങി. തങ്ങള്‍ക്ക് എന്നും പരിചയമുള്ള ശക്തമായ കാറ്റുംമഴയ്ക്കും ഒരുങ്ങി മഴക്കോട്ടു ധരിച്ചാണ് ജനങ്ങള്‍ പാപ്പായെ ഹര്‍ഷാരവത്തോടെ വരവേറ്റത്. പ്രതികൂലമായ കാലവാസ്ഥയിലും ആടിയും പാടിയും ജനാവലി പാപ്പായെ വരവേറ്റു. വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞും, അതിനു മുകളില്‍ നേരിയ മഴക്കോട്ടണിഞ്ഞും പാപ്പാ സഹാകാര്‍മ്മികര്‍ക്കൊപ്പം ദിവ്യബലിയാരംഭിച്ചു. ഒപ്പം പ്രതീകൂല കാലാവസ്ഥയെ വെല്ലുവിളിച്ചു പാപ്പായെ കാണുവാനും ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങളും സംഘാടകര്‍ നല്കിയ മഴക്കോട്ടണിഞ്ഞ് ഭക്തിയോടെ നിറഞ്ഞുനിന്ന ബലിവേദി ഹൃദയഹാരിയായ രംഗമായിരുന്നു. തങ്ങളുടെ ദുരന്തത്തില്‍ പങ്കുചേരാനെത്തിയ പോലെയായി പാപ്പായുടെ സന്ദര്‍ശനം. മോശം കാലാവസ്ഥയില്‍ നിറകണ്ണുകളോടെയും പ്രാര്‍ത്ഥനാനിര്‍ഭരരായും ജനങ്ങള്‍ ബലിവേദി നിറഞ്ഞുനിന്നു. മഴയത്തു നിന്ന് ബലയര്‍പ്പിക്കുന്ന ആയരിങ്ങളെക്കണ്ട് പാപ്പാ ഫ്രാന്‍സിസും ഇടറിയ കണ്ഠത്തോടെയെങ്കിലും പതറാതെ ഒരജപാലകന്‍റെ പൗരുഷത്തില്‍ ദിവ്യബലി തുടര്‍ന്നു. ക്രിസ്തുവിന്‍റെ കുരിശിലും, കുരിശില്‍ ചുവട്ടില്‍നിന്ന അമ്മയുടെ മാതൃസംരക്ഷണയിലും പതറാതെ ജീവിതത്തില്‍ മുന്നേറണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഇനിയും പ്രതീക്ഷിക്കുന്ന സൈക്ലോണ്‍ കാലാവസ്ഥ മനസ്സിലാക്കി കാര്യക്രമത്തില്‍ ഭേദഗതിവരുത്തി പാപ്പാ ശനിയാഴ്ച മദ്ധ്യാഹ്നം 1 മണിയോടെ മനിലയിലേയ്ക്ക് മടങ്ങി.








All the contents on this site are copyrighted ©.