2015-01-16 15:19:00

അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


ജനുവരി 15-ാം തിയതി ശ്രീലങ്കയിലെ അപ്പോസ്തോലിക പര്യടനം പൂര്‍ത്തിയാക്കി ഫിലിപ്പീന്‍സിലേയ്ക്കുള്ള യാത്രയില്‍ വിമാനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. പാരീസില്‍ ചാര്‍ളി ഹെബ്ഡോ (Charlie Hebdo) ദിനപത്രത്തിലെ പ്രവര്‍ത്തകരുടെ കൂട്ടക്കുരുതിയെക്കുറിച്ച് ഫ്രഞ്ച ജേര്‍ണലിസ്റ്റ് ഉയര്‍ത്തിയ ചോദ്യത്തിനു മറുപടിയായിട്ടാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് പൊതുവെയും, പിന്നെ അഭിപ്രായ സ്വാതന്ത്രൃത്തിനു പ്രത്യേകിച്ചും പരിമിതികളുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടിയത്. അറുപതിലെറെ വരുന്ന അന്തര്‍ദേശീയ വാര്‍ത്താ ഏജെന്‍സികളുടെ പ്രതിനിധികളോടാണ് പാപ്പായുടെ ഫിലിപ്പീന്‍സിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്കിടയില്‍ അഭിമുഖത്തിന് തയ്യാറായതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും (Human Freedom and Freedom of Expression) തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചാണ് ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചത്.

മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശമാണെന്ന് പാപ്പാ ആദ്യം പ്രസ്താവിച്ചു. ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന മനുഷ്യക്കുരുതി അപഭ്രംശമാണ് അല്ലെങ്കില്‍ ചിത്തഭ്രമമാണെന്ന് പാപ്പാ വ്യാഖ്യനിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്നും, പരിധികളുണ്ടെന്നും മറ്റുള്ളവരുടെ വിശ്വാസത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്ന സ്വാതന്ത്ര്യം തെറ്റാണെന്നും പാപ്പാ സമര്‍ത്ഥിച്ചു. ഉടനെ ഉദാഹരണവും പാപ്പാ കൊണ്ടുവന്നു. തന്‍റെ അടുത്തു നിലക്കുന്ന പേപ്പല്‍ യാത്രകളുടെ സംവിധായകന്‍, ആല്‍ബേര്‍ത്തോ ഗസ്പാരി തന്‍റെ ‘അമ്മയ്ക്കു വിളിച്ചാല്‍’ അല്ലെങ്കില്‍ തിനിക്കെതിരെ ശാപവാക്ക് ഉപയോഗിച്ചാല്‍ അയാള്‍ക്ക് തന്നില്‍നിന്നും ഇടി പ്രതീക്ഷിക്കാമന്ന് പുഞ്ചിരിയോടെ പ്രസ്താവിച്ച പാപ്പാ ഫ്രാന്‍സിസ്, അടുത്തു നിന്നിരുന്ന ഗസ്പാരിയ്ക്കു നേരെ മുഷ്ടിചുരുട്ടി ഇടിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. അത് സ്വാഭാവികമാണെന്നും. നാം ആരെയും പ്രകോപിപ്പിക്കരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരുടെ വിശ്വാസത്തെ പുച്ഛിക്കരുതെന്നും, മതാത്മക ജീവിതത്തെ കളിയാക്കുയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിനും പാപ്പാ ഉത്തരം നല്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമ്പൂര്‍ണ്ണമായും മനുഷ്യബന്ധിയാണോ എന്ന് സംശയമുണ്ടെന്നും, മനുഷ്യന്‍ പ്രകൃതിയുടെ മുഖത്തടിക്കുന്ന പോലെ, അതിന വികൃതമാക്കുകയും ദുരുപയോഗപ്പെടുത്തുകയും ചചെയ്യുന്നുണ്ടെന്നും പാപ്പാ അഭിപ്രായപ്പെട്ടു. മനുഷ്യനാണ് പ്രകൃതിയെ ഏറ്റവും അധികം ചൂഷണംചെയ്യുന്നതെന്നായിരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിപ്രായം. അടുത്തുതന്നെ താന്‍ ഇറക്കുവാന്‍ പോകുന്ന ചാക്രികലേഖനം അല്ലെങ്കില്‍ സഭാപ്രബോധനം പരിസ്ഥിതി സംബന്ധിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. ദൈവത്തിന്‍റെ സൃഷ്ടിയെ മലീമസമാക്കാതെയും നശിപ്പിക്കാതെയും ഉപയോഗപ്പെടുത്ത സംസ്ക്കാരം വളര്‍ത്തത്തക്കവിധത്തില്‍ രാഷ്ട്ര നേതാക്കള്‍ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ തന്‍റെ പ്രബോധനം ഉപയോഗപ്രദമാകുമെന്ന് പ്രത്യാശിക്കുന്നതായി തന്നോടൊപ്പം ഫിലിപ്പീന്‍സിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയില്‍ പങ്കുചേരുന്ന മാധ്യമപ്രവര്‍ത്തകരെ പാപ്പാ അറിയിച്ചു.

2015-ന്‍റെ അവസാനത്തില്‍ പാരിസില്‍ സമ്മേളിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി, COP 21-ന് പരിസ്ഥിതിയുടെ സംരക്ഷണം സംബന്ധിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കട്ടെയെന്നും പാപ്പാ അഭിമുഖത്തില്‍ ആശംസിച്ചു.  








All the contents on this site are copyrighted ©.