2015-01-14 15:59:00

സമാധാനപാതയിലെ പൊന്‍വെളിച്ചമാണ് പാപ്പാ ഫ്രാന്‍സിസ് : സിരിസേന


പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ശ്രീലങ്കന്‍ ജനതയുടെ സമാധാനപാതിയിലെ പൊന്‍വിളക്കാണെന്ന് പ്രസിഡന്‍റ് മൈത്രീപാലാ സിരിസേന പ്രസ്താവിച്ചു.

ജനുവരി 13-ാം തിയതി ചൊവ്വാഴ്ച രാവിലെ കൊളംമ്പോയിലെ ബാന്ദ്രനായികേ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പാപ്പാ ഫ്രാന്‍സിസിനു നല്കിയ സ്വീകരണച്ചടങ്ങിലെ പ്രഭാഷണത്തിലാണ് സിരിസേന ഇങ്ങനെ പ്രസ്താവിച്ചത്. പതിറ്റാണ്ടുകളായി വംശീയ കലാപത്തിന്‍റെ കെടുതിയില്‍നിന്നും നാടു സ്വതന്ത്രമാകുന്ന പ്രക്രിയയില്‍ അനുരഞജനത്തിന്‍റെ സന്ദേശവുമായെത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം സമാധാനപാതയിലെ വെളിച്ചമാണെന്ന് സിരിസേന വിശേഷിപ്പിച്ചു. ശത്രുവിനെ സ്നേഹക്കണമെന്നും, ശപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കണമെന്നുമുള്ള ക്രിസ്തുവചനവും (മത്തായി 5, 44), വിദ്വേഷത്തെ സ്നേഹംകൊണ്ടും കരുണകൊണ്ടും കീഴടക്കാമെന്നുള്ള ബുദ്ധമന്ത്രവും (ധര്‍മ്മപാത) ഉദ്ധരിച്ചുകൊണ്ടാണ് പ്രസിഡന്‍റ്, സിരിസേന ഭരണത്തിന്‍റെ കന്നിനാളില്‍ തന്‍റെ സമാധാനവാഞ്ച പ്രകടമാക്കിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസിനെ ലങ്കാദ്വീപിലേയ്ക്ക് വരവേറ്റത്.

പൗരാണികമായ ഹിന്ദു-ബൗദ്ധ-ക്രൈസ്തവ മതങ്ങളുടെ പിള്ളത്തൊട്ടിലായ ശ്രീലങ്കയുടെ മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും ബലപ്പെടുത്തിയെടുക്കാന്‍ പുതിയ ഭരണകൂടം ജനങ്ങളോടു ചേര്‍ന്നു  പ്രവര്‍ത്തിക്കുമെന്നും സിരിസേന പ്രസ്താവിച്ചു. 2015 ജനുവരി 8-ാം മുന്‍പ്രസിഡന്‍റ്, മഹീന്ദ രാജപക്ഷെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ സഖ്യകക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാണ് മൈത്രിബാല ശ്രീസേന പ്രസിഡന്‍റ്പദം കരസ്ഥമാക്കിയത്. ശ്രീലങ്കയുടെ ആരോഗ്യമന്ത്രിയായി സേവനം ചെയ്യവെയാണ് സിരിസേന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

 








All the contents on this site are copyrighted ©.