2015-01-13 17:10:00

സാഹോദര്യത്തിന്‍റെ സമൂങ്ങള്‍ വളര്‍ത്തുന്ന വേദിയാകണം മതങ്ങള്‍ : പാപ്പാ ശ്രീലങ്കയില്‍


ശ്രീലങ്കിയിലെ നാലു വന്‍ മതസമൂഹങ്ങളുടെ, ബൗദ്ധ ഹിന്ദു മുസ്ലീം ക്രൈസ്തവ മതങ്ങളുടെ പ്രതിനിധികളും തലവാന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരത്തിന് പ്രത്യേകം കൃതഞ്ജത പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള ശ്രീലങ്കിയില്‍, ക്രൈസ്തവര്‍ 20 ശതമാനവും 7 ശതമാനം ഹിന്ദുക്കളുമാണ്. മുസ്ലിങ്ങള്‍ 3 ശതമാനവും...

ശ്രീലങ്കിയിലെ ക്രൈസ്തവ സമൂഹത്തെ വിശ്വാസത്തില്‍ ബലപ്പെടുത്തുകയാണ് തന്‍റെ സന്ദര്‍ശന ലക്ഷൃമെങ്കിലും, അടിസ്ഥാനപരമായി യാഥാര്‍ത്ഥമായ സത്യവും അറിവും വിശുദ്ധിയും ജീവിതത്തില്‍ തേടുന്ന ഇതരമതങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുവാനും ലഭിച്ച അവസരം ഭാഗ്യപൂര്‍ണ്ണമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ഇതര മതങ്ങളില്‍ സത്യവും നന്മയും വിശുദ്ധവുമായതൊക്കെ കത്തോലിക്ക സഭ അംഗീകരിക്കുന്നു, എന്ന സഭാ പ്രോബധനത്തിന്‍റെ വെളിച്ചത്തില്‍ ഇതര സഭകളുമായി നല്ലബന്ധം പുലര്‍ത്തുവാനും, അവരുടെ മതപാരമ്പര്യങ്ങളും ഭക്തിതീക്ഷ്ണതയും കത്തോലിക്ക സഭ അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങനെ മാത്രമേ, പരസ്പര ആദരവിന്‍റെയും സംവാദത്തിന്‍റെ പാത തുറക്കുവാനും കൂട്ടായ്മ വളര്‍ത്തുവാനും സാധിക്കുകയുള്ളൂ. എന്നാല്‍ പരസ്പര ആദരവിന്‍റെ ബോധ്യത്തില്‍ മാത്രമേ സംവാദവും കൂട്ടായ്മയും ഫലമണിയുകയുള്ളൂ, എന്ന് പാപ്പാ സമര്‍ത്ഥിച്ചു. മതങ്ങളുടെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപ്പൊരുളും മനസ്സിലാക്കുന്നത് തുറവുള്ള സംവാദത്തിന്‍റെ പാതിയിലാണ്. എന്നാല്‍ സത്യസന്ധമായ സംവാദത്തിലൂടെ മാത്രമേ പൊതുവായ ദൈവാന്വേഷണ പാത തെളിയുകയും, പരസ്പര ആദരവിന്‍റെയും, സഹകരണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വേദി യാഥാര്‍ത്ഥ്യമാവുകയും ചെയ്യുകയുള്ളൂ.

മതാന്തരസംവാദത്തിന്‍റെയും, മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെയും ക്രിയാത്മകമായ പരിശ്രമങ്ങള്‍ ശ്രീലങ്കയില്‍ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. കാരണം നീണ്ട പതിറ്റാണ്ടുകളുടെ കാലഘട്ടം ഈ നാട് അഭ്യന്തര കാലപത്തിന്‍റെയും യാതനകളുടെയും കലുഷിത ഭൂമിയായിരുന്നു. അതിനാല്‍ വിദ്വേഷവും വിഭജനവുമല്ല, മുറിവ് ഉണക്കലിന്‍റെയും ഐക്യത്തിന്‍റെയും നീക്കങ്ങളാണ് ഇവിടെ വേണ്ടത്. നാടിന്‍റെ നന്മ മാത്രമല്ല, മാനവകുലത്തിന്‍റെ തന്നെ ശ്രേയസ്സ് ലക്ഷൃംവയ്ക്കുന്ന നന്മസ്സുള്ള സകലരിലും നിക്ഷിപ്തമാണ് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും രാഷ്ട്രനിര്‍മ്മിതി. മതാന്തരസംവാദത്തിന്‍റെയും സഭൈക്യത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ശരിയായ കാഴ്ചപ്പാടുണ്ടെങ്കില്‍ വ്യക്തികളില്‍ മത വംശീയ ചിന്തകള്‍ക്ക് പ്രാധാന്യം നല്കാതെ, സമൂഹത്തില്‍ സാഹോദര്യവും കൂട്ടായ്മയും വളര്‍ത്താനാകും.

എല്ലാ മതങ്ങള്‍ക്കും സാഹോദര്യത്തിന്‍റെ സമൂഹം വളര്‍ത്താനുള്ള വേദി ഈ നാട്ടില്‍ത്തന്നെയുണ്ട്. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാന്ത്വനതൈലം, മുറിവുണക്കുന്ന തൈലം ആവശ്യമുള്ള എത്രയോ സഹോദരങ്ങളാണ് നമുക്കു ചുറ്റും. ആത്മീയവും ഭൗതികവുമായ ദാരിദ്ര്യത്തില്‍ സമാശ്വാസവും പ്രത്യാശയും തേടുന്നവരും നിരവധിയാണ്. കലാപങ്ങളിലും യുദ്ധത്തിലും നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ഓര്‍ത്തു വിലപിക്കുന്ന എത്രോയോ കുടുംബങ്ങള്‍!

ശ്രീലങ്കയുടെ ഈ ചരിത്രഘട്ടില്‍ സമൂഹത്തിന്‍റെ ധാര്‍മ്മിക അടിത്തറ ലക്ഷൃം വയ്ക്കുന്നവര്‍ അനിവാര്യമാണ്. നവമായ സമൂഹവും സാമൂഹ്യസ്ഥാപനങ്ങളും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മതങ്ങളും മതനേതാക്കളും സൗഹാര്‍ദ്ദത്തില്‍ ജീവിക്കണം, മതങ്ങള്‍ തമ്മില്‍ പരസ്പര ആദരവും സഹകരണവും വളര്‍ത്തണം. മതവിശ്വസവും ആദര്‍ശങ്ങളും സമാധാനത്തിന്‍റെ മാര്‍ഗ്ഗമാണ് തുറക്കേണ്ടത്, മറിച്ച് അവ ഒരിക്കലും അധിക്രമത്തിനും യുദ്ധത്തിനുമുള്ള കരുവാകരുത്.

പൂര്‍ണ്ണമായും അധിക്രമത്തിന്‍റെ പാത ഉപേക്ഷിച്ച് സമാധനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പ്രായോക്താക്കളാകുവാനും, സംവാഹകരുമാകാന്‍  വ്യക്തവും പതറാത്തതുമായ ശൈലിയില്‍ മതനേതാക്കള്‍ സമൂഹങ്ങളെ, ജനങ്ങളെ പ്രചോദിപ്പിക്കേണ്ടതാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടും, എവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു. 








All the contents on this site are copyrighted ©.