2015-01-13 07:12:00

ശ്രീലങ്കയില്‍ പാപ്പാ ഫ്രാന്‍സിസിന് വരവേല്പ് ലങ്കാദ്വീപ് സമാധാനത്തിന്‍റെ പവിഴമാകണമെന്ന് പാപ്പാ


ഇറ്റലിയുടെ മെഡിറ്ററേനിയന്‍ തീരങ്ങള്‍ താണ്ടി പാപ്പായുടെ വിമാനം മദ്ധ്യപൂര്‍വ്വദേശവും പിന്നിട്ട് അറബിക്കടല്‍ കടന്ന് ജനുവരി 6-ാം തിയതി വെളുപ്പിന് പ്രാദേശീക സമയം രാവിലെ 8 മണിയോടെ ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വസന്ദേശമയച്ചു:

ശ്രീലങ്കയിലേയ്ക്കും ഫിലിപ്പീന്‍സിലേയ്ക്കുമുള്ള യാത്രാമദ്ധ്യേ ഭാരതത്തിലെ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥന നേരുന്നു. ദൈവം നാടിനെ സമാധാനത്തിലേയ്ക്കും സമൃദ്ധയിലേയ്ക്കും നയിക്കട്ടെ..!’.

പിന്നെയും ഒരു മണിക്കൂര്‍കൂടെ ഇന്ത്യാമഹാസമുദ്രത്തിനു മുകളിലൂടെ പറന്ന പാപ്പായുടെ വിമാനം, ശ്രീലങ്കയുടെ തെക്കന്‍ തീരത്തുള്ള തുറമുഖ നഗരമായ

കൊളംമ്പോയിലെ ഭണ്ഡാരനായികെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ താഴ്ന്നിറങ്ങി. ശ്രീലങ്കയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ് പിയെര്‍ നഗുവേന്‍ വാന്‍ തോത്തും ശ്രീലങ്കയിലെ പേപ്പല്‍ പരിപാടികളുടെ കാര്യദര്‍ശിയും വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായെ വരവേറ്റു. കവാടത്തില്‍ നിന്നുകൊണ്ട് മന്ദസ്മിതത്തോടെ പാപ്പാ കരങ്ങളുയര്‍ത്തി എല്ലാവരെയും ആശീര്‍വ്വദിക്കുകുയും അഭിവാദ്യംചെയ്യുകയും ചെയ്തു.

വിമാനപടവുകള്‍ ഇറങ്ങിവന്ന പാപ്പായ്ക്ക് ശ്രീലങ്കയുടെ പരമ്പരാഗത വരവേല്പായിരുന്നു. രണ്ടു കുട്ടികള്‍ പാപ്പായെ പട്ടും പൂമാലയും അണിയിച്ചു സ്വീകരിച്ചു. ഉത്സപ്രതീതി ഉണര്‍ത്തുമാറ് അണിയിച്ചൊരുക്കിയ കൊമ്പനാനയും പാപ്പായെ തലയാട്ടി സ്വീകരിച്ചു. തുടര്‍ന്ന് ശ്രീലങ്കയുടെ പ്രസിഡന്‍റ് മൈത്രിബാലാ ശ്രീസേനയും പത്നിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും, ശ്രീലങ്കയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും കൊളംമ്പോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്തിന്‍റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘവും, വിശ്വാസികളുടെ പ്രതിനിധി സംഘവും... പാപ്പായെ സ്വീകരിച്ചു. ചുവപ്പു പരവദാനിയിലൂടെയും, അതിന്‍റെ പാര്‍ശ്വത്തില്‍ നിരന്നുനിന്ന വേഷവിഭൂഷിതരായ പരമ്പരാഗത നര്‍ത്തകരുടെയും, തപ്പ്-തകില്‍ മേളങ്ങളുടെ വാദ്യഘോഷങ്ങളോടെയും എയര്‍പ്പോര്‍ട്ട് വേദിയിലേയ്ക്ക് പാപ്പയെ ആനയിച്ചു.

സ്വീകരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍റെയും  ശ്രീലങ്കയുടെയും ദേശീയഗാനങ്ങള്‍ മിലിട്ടറി ബാന്‍ഡ് മീട്ടുകയും ഔപചാരിക സ്വീകരണ വെടികള്‍ മുഴക്കുകയുംചെയ്തു. വിവിധ മതസ്ഥരായ കുട്ടികള്‍ ചേര്‍ന്ന് ഇംഗ്ലിഷിലും, സിംഹളയിലും തമിഴിലും പാടിയ സ്വാഗതഗാനം പാപ്പായെ സമാധാനദൂതനായും, സ്നേഹതാതനായും വര്‍ണ്ണിച്ചു. അവിടുത്തെ സാന്നിദ്ധ്യം നാടിന് സ്നേഹോദ്യോപകവും അനുഗ്രഹദായകവുമെന്നും വിശേഷിപ്പിച്ചു പാടിയത് ഹൃദയസ്പര്‍ശിയായിരുന്നു. പ്രസിഡന്‍റ് മൈത്രിബാലാ പാപ്പായ്ക്ക് സന്തോഷത്തോടും ഹൃദ്യമായും സ്വാഗതമാശംസിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മാത്രം തിരഞ്ഞെടുക്കപ്പെട്ട തന്നെയും ശ്രീലങ്കന്‍ ജനതെയും ആശീര്‍വ്വദിക്കണമെന്നും, പാപ്പായുടെ സന്ദര്‍ശനം നാടിന് അനുഗ്രപ്രദവും സമാധാനദായകവുമാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് സ്വാഗതപ്രസംഗം ഉപസംഹരിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ജനതയെ പാപ്പാ അഭിസംബോധനചെയ്തു.

കൊളംമ്പോ എയര്‍പ്പോര്‍ട്ടിലെ സ്വീകരണവേദിയിലായിരുന്നു ശ്രീലങ്കയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ ആദ്യപ്രഭാഷണം. തനിക്കു നല്കിയ ഹൃദ്യമായ സ്വീകരിണത്തിന് നന്ദിപറഞ്ഞുകൊണ്ട് പാപ്പാ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നല്കി:

എന്‍റെ സന്ദര്‍ശനം പ്രഥമവും പ്രധാനവുമായി അജപാലനപരമാണ്. ആഗോളസഭയുടെ അജപാലകന്‍ എന്ന നിലയില്‍ ദ്വീപിലെ വിശ്വാസികളെ സന്ദര്‍ശിക്കുക. പിന്നെ ഇവിടെ ക്രിസ്തുവെളിച്ചം പരത്തിയ വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുക എന്നതും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഒപ്പം ആഗോളസഭയ്ക്ക് ശ്രീലങ്കന്‍ ജനതയോടുള്ള സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും പ്രകടനംകൂടിയാണിത്. ഇവിടത്തെ ജനങ്ങളുടെ സമൂഹൃജീവിതത്തില്‍ ദേശീയ സഭ സജീവപങ്കാളിയാകണമെന്നതും എന്‍റെ ആഗ്രഹമാണ്.

ലോകത്ത് വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധത്തിലാണെന്നത് ഇന്നും തുടരുന്ന യാഥാര്‍ത്ഥ്യവും ദുരന്തവുമാണ്. വിയോജിപ്പുകളിലും വ്യതിരിക്തതകളിലും അനുരജ്ഞനപ്പെടാനാവാതെ, പഴയതും പുതിയതുമായ ഒടുങ്ങാത്ത പകയിലും വൈരാഗ്യത്തിലും വംശീയവും, മതാത്മകവുമായ സംഘര്‍ഷങ്ങളും അധിക്രമങ്ങളും കൊടുമ്പിരിക്കൊള്ളുകയാണ്. അഭ്യന്തരകലാപത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ഈ നാടും പഴയ മുറിവുകള്‍ ഉണക്കുവാനും ഇനിയും സമാധാനം വളര്‍ത്തുവാനും പരിശ്രമിക്കുകയാണ്. കലാപം വളര്‍ത്തിയ അനീതിയുടെയും ശത്രുതയുടെയും അവിശ്വസ്തയുടെയും പൈതൃകത്തെ അതിജീവിക്കുക എളുപ്പമല്ല. ഓര്‍ക്കുക, ‘തിന്മയെ നന്മകൊണ്ടു മാത്രമേ നേടാനാകൂ..’ (റോമ. 12, 21).  ഐക്യദാര്‍ഢ്യത്തിലൂടെ സമാധാനം വളരണമെങ്കില്‍ അനുരഞ്ജനം അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

അനുരഞ്നത്തിലൂടെ രാഷ്ട്രത്തിന്‍റെ പുനഃര്‍നിര്‍മ്മിതിക്കായി പരിശ്രമിക്കുന്നതില്‍ മതങ്ങള്‍ക്കും വിവിധ സാംസ്ക്കാരിക ഭാഷാസമൂഹങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. സമാധാനം കൂട്ടായ പരിശ്രമമാണ്. എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടാവുകയും വേണം. തങ്ങളുടെ ആശകളും ആശങ്കകളും അഭിലാഷങ്ങളും പ്രകടമാക്കാന്‍ എല്ലാ വിഭാഗക്കാര്‍ക്കും അവസരം ലഭിക്കുകയും വേണം. സര്‍വ്വോപരി, പരസ്പരം അംഗകരിക്കുവാനും, ന്യായമായ ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും വിശ്വാസത്തിന്‍റെയും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും, ഒരുമിച്ച് ഒരു കുടുംബമായി ജീവിക്കുവാനും സാധിക്കണം. എളിമയോടും തുറവോടുംകൂടെ പരസ്പരം അംഗീകരിക്കുവാനും ശ്രവിക്കുവാനും സാധിച്ചാല്‍, വൈവിധ്യങ്ങള്‍ ഭീഷണയാവില്ല, മറിച്ച് അവ സമ്പന്നതയുടെയും സമാധാനത്തിന്‍റെയും ശ്രോതസ്സുക്കളായി പരിണമിക്കും. പിന്നെ നീതിയിലേയ്ക്കും, അനുരഞ്ജനത്തിലേയ്ക്കും സാമൂഹ്യ ഐക്യത്തിലേയ്ക്കുള്ള പാത തെളിഞ്ഞുവരികയുംചെയ്യും.

ഈ നാടിന്‍റെ പുനഃനിര്‍മ്മിതി ബാഹ്യമായ ഘടനയുടെയും, അഭിവൃദ്ധിയുടെയും മാത്രമായിരിക്കരുത്, സമൂഹത്തില്‍ വ്യക്തികളെ മാനിച്ചുകൊണ്ടും, അവരുടെ അന്തസ്സും, അവകാശങ്ങളും ആദരിച്ചു കൊണ്ടുമായിരിക്കട്ടെ. ശ്രീലങ്കയിലെ രാഷ്ട്രീയ സാംസ്ക്കാരിക മത നേതാക്കള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും, അവരുടെ വാക്കുകളിലും പ്രവൃത്തികളിലും സൂക്ഷ്മതയോടും ശ്രദ്ധയോടുംകൂടെ ഇവിടെയുള്ള വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ശ്രീലങ്കന്‍ ജനതയെ ആത്മീയവും ഭൗതികവുമായ ഉന്നതിയിലേയ്ക്കു നയിക്കട്ടെ. ഇന്ത്യാ മഹാസമുദ്രത്തിലെ പവിഴമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലങ്കാരാജ്യത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പവിഴത്തിളക്കമുണ്ടാകട്ടെ, എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും, പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചു. 








All the contents on this site are copyrighted ©.