2015-01-12 14:48:00

ഏഷ്യന്‍ ജനതയോടുള്ള സ്നേഹപ്രതീകമായി പാപ്പായുടെ ശ്രീലങ്ക ഫിലിപ്പീന്‍സ് അപ്പസ്തോലിക യാത്ര


ഏഷ്യന്‍ ജനതയോടുള്ള സ്നേഹവുമായി പാപ്പാ ഫ്രാന്‍സിസ് ജുനുവരി 12-ാം തിയതി തിങ്കളാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 7 മണിക്ക് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും പുറപ്പെടും. ജനുവരി 13-മുതല്‍ 15-വരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രീലങ്കാ സന്ദര്‍ശനം. തുടര്‍ന്ന് 15 മുതല്‍ 19-വരെ തിയതികളില്‍ പാപ്പാ ഫിലിപ്പീസും സന്ദര്‍ശിക്കും. ലോകത്തിന്‍റെ വന്‍ജനസാന്നിദ്ധ്യമുള്ള ഏഷ്യാ ഭൂഖണ്ഡത്തോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക വാത്സല്യമാണ് കൊറിയ സന്ദര്‍ശനത്തെ തുടര്‍ന്ന് വീണ്ടും ഏഷ്യന്‍ മണ്ണിലേയ്ക്കുള്ള ഈ പ്രേഷിതയാത്രകള്‍ സൂചിപ്പിക്കുന്നത്.

ജനുവരി 12-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് റോമില്‍നിന്നും പുറപ്പെടുന്ന പാപ്പാ ഫ്രാന്‍സിസ്, ശ്രീലങ്കയിലെ സമയം പിറ്റേന്ന്- ജനുവരി 13-ാം തിയതി ചെവ്വാഴ്ച രാവിലെ കൊളംമ്പോയില്‍ വിമാനമിറങ്ങും.

പുതിയ പ്രസിഡന്‍റ് മൈത്രിബാലാ ശ്രീസേനാ രാഷ്ട്രത്തിന്‍റെ പേരില്‍ നല്കുന്ന ഔദ്യോഗിക സ്വീകരണത്തോടെ രണ്ടു ദിവസം നീണ്ടുനില്ക്കുന്ന സന്ദര്‍ശന പരിപാടികളിലേയ്ക്ക് കടക്കുകയായി. ജനുവരി 14-ാം തിയതി കൊളംമ്പോയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ശ്രീലങ്കയുടെ പ്രേഷിതനും ഗോവ സ്വദേശിയുമായ വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തും.

70 ശതമാനം ബുദ്ധമതക്കാരും 13 ശതമാനം ഹൈന്ദവരുമുള്ള ശ്രീലങ്കയില്‍ ക്രൈസ്തവര്‍ 10 ശതമാനമാണ്. സിംഹള-തമിഴ് വംശീയ വ്യതിരിക്തത ഉണ്ടെങ്കില്‍ത്തന്നെയും രാഷ്ട്രീയ-സമൂഹ്യ മേഖലകളില്‍ ശാന്തമായൊരു അന്തരീക്ഷത്തിലാണ് രാഷ്ട്രത്തലവന്മാരും ദേശീയ സഭയും ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനെ ലങ്കാദ്വീപിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തമിഴ് വംശജര്‍ ധാരാളമുള്ള ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയും പാപ്പാ സന്ദര്‍ശിക്കും. ജനുവരി 15-ാം തിയതി വൈകുന്നേരം സമാപിക്കുന്ന സന്ദര്‍ശനത്തെ തുടര്‍ന്ന് അന്നുതന്നെ പ്രാദേശിക സമയം വൈകുന്നേരം, അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായി പാപ്പാ ഫ്രാന്‍സിസ് ഫിലിപ്പീന്‍സിലേയ്ക്ക് പുറപ്പെടും.

15-ാം തിയതി വ്യാഴാഴ്ച ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനനഗരമായ മനിലയില്‍, അവിടെ പ്രാദേശിക സമയം രാവിലെ 6.30-ന് പാപ്പാ വിമാനമിറങ്ങും. സ്വീകരണച്ചടങ്ങിനുശേഷം അന്ന് പാപ്പാ ഫിലിപ്പീന്‍സിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും. ജനുവരി 16, 17, 18, തിയതികളിലായി മൂന്നു ദിവസം നീളുന്നതാണ് പാപ്പായുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനം.  ഭരണകര്‍ത്താക്കളും സഭാ തലവന്മാരുമായുമുള്ള കൂടിക്കാഴ്ച, മതനേതാക്കളുമായുള്ള നേര്‍ക്കാഴ്ച, 80 ശതമാനം കത്തോലിക്കരുള്ള അവിടത്തെ വിശ്വാസസമൂഹത്തോടൊപ്പമുള്ള ബലിയര്‍പ്പണം, അടുത്തകാലത്തുണ്ടായ സുനാമിയുടെയും ചുഴലിക്കാറ്റിന്‍റെയും കെടുതികളില്‍പ്പെട്ട പ്രദേശങ്ങളിലേയ്ക്കുള്ള സന്ദര്‍ശനം, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവ പാപ്പായുടെ ഫിലിപ്പീന്‍സ് യാത്രിയിലെ മുഖ്യഇനങ്ങളാണ്. ജനുവരി 19-ാം തിയതി തിങ്കളാഴ്ച പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങും.

 








All the contents on this site are copyrighted ©.