വിശുദ്ധ മാര്‍ക്കോസ് 1, 7-11, യേശുവിന്‍റെ ജ്ഞാനസ്നാനം
യോഹന്നാന്‍ ഇപ്രകാരം ഉദ്ഘോഷിച്ചു. എന്നെക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു. കുഞ്ഞ് അവിടുത്തെ ചചെറിപ്പിന്‍റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജനംകൊണ്ടുള്ള സ്നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്നാനം നല്‍കും.
അന്നൊരിക്കല്‍ യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, ജോര്‍ദ്ദാനില്‍വച്ച് യോഹന്നാനില്‍നിന്നു സ്നാനം സ്വീകരിച്ചു. വെള്ലത്തില്‍നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെ മേല്‍ ഇങ്ങി വരുന്നതും അവന്‍ കണ്ടു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി. നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
പാപ്പാ ഫ്രാന്‍സിസ് കഴിഞ്ഞ മെയ് മാസത്തില്‍ വിശുദ്ധനാടു സന്ദര്‍ശിച്ചത് ഓര്‍മ്മിക്കുന്നുണ്ടാകാം. ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ പാപ്പാ വിനയാന്വിതനായി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്ന് ജോര്‍ദ്ദാനായിരുന്നു. സ്നാപകയോഹന്നാനില്‍നിന്നും ക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് വിശ്വസിച്ചുപോരുന്ന ഇടത്തേയ്ക്ക് പരിസ്ഥിതി സൗമ്യമായ തുറന്ന ഇലക്ട്രിക്ക് കാറില്‍ പാപ്പായെ കൂട്ടിക്കൊണ്ടുപോയത് ജോര്‍ദ്ദാന്‍റെ അബ്ദുള്ള രാജാവുതന്നെയാണ്. പാപ്പാ ഫ്രാന്‍സിസിനെ മുന്നിലിരുത്തി രാജാവ് വാഹനം ഓടിച്ചു നീങ്ങിയ രംഗം അത്യപൂര്‍വ്വമായിരുന്നു. പവിത്രമായ ജോര്‍ദ്ദാന്‍ തീരത്തെത്തിയ പാപ്പാ ഫ്രാന്‍സിസ് ആരുടെയും അകമ്പടിയില്ലാതെ, മെല്ലെ പടവുകള്‍ ഇറങ്ങി, ജലത്തോടു തൊട്ടുനിന്നുകൊണ്ട് മൗനമായി പ്രാര്‍ത്ഥിച്ചു. പിന്നെ ജോര്‍ദ്ദാനിലെ തീര്‍ത്ഥജലം തൊട്ട് ശിരസ്സില്‍ പൂശി, നമ്രശിരസ്ക്കനായി നിന്നു. സംഭവം നേരില്‍ കണ്ടുനിന്ന ആയിരിങ്ങള്‍ക്കും, തത്സമയ സംപ്രേക്ഷണത്തിലൂടെ അത് നിര്‍നിമേഷിതരായി നോക്കിനിന്ന പതിനായിരങ്ങള്‍ക്കും ആത്മീയതയുടെ തീവ്രത ഉണര്‍ത്തുന്നതുമായിരുന്നു പാപ്പാ ഫ്രാന്‍സീസിന്‍റെ പ്രതീകാത്മകമായ തീര്‍ത്ഥാഭിഷേകം.
രക്ഷയുടെ വഴിയൊരുക്കുന്ന പരിശുദ്ധാത്മാവ് ജ്ഞാനസ്നാനത്തിലൂടെ നമ്മെ ഒരുക്കുകയും അഭിഷേചിക്കുകയും, അയയ്ക്കുകയും ചെയ്യുന്നു. ഒരുക്കുക, അഭിഷേചിക്കുക, അയയ്ക്കുക – ഇങ്ങനെ ത്രിവിധ ദൗത്യങ്ങളാണ് ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് ദൈവാത്മാവ് നല്കുന്നത്. യോര്‍ദ്ദാന്‍ തീരത്ത് അരങ്ങേറിയ ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന സംഭവത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നത് മനുഷ്യരക്ഷയുടെ ജീവിതദൗത്യത്തിനായി ദൈവപുത്രനായ ക്രിസ്തുവിനെ ഒരുക്കുവാനായിരുന്നു. വിനീത ദാസനായി എല്ലാം പങ്കുവയ്ക്കുവാനും തന്നെത്തന്നെ പൂര്‍ണ്ണമായി ലോകരക്ഷയ്ക്കായ് സമര്‍പ്പിക്കുവാനുമുള്ള ദൗത്യമായിരുന്നു ദൈവാരൂപി അവിടെവച്ച് ക്രിസ്തുവിന് പകര്‍ന്നുനല്കിയത്.
അനാദിമുതല്‍ ഈ പ്രപഞ്ചത്തില്‍ സന്നിഹിതനായ ദൈവാത്മാവ്, രക്ഷാകര പദ്ധതിയുടെ ആരംഭം മുതല്‍, നസ്രത്തിലെ മറിയത്തിന്‍റെ ഉദരത്തില്‍ മിശിഹാ ഉരുവായ, മനുഷ്യാവതാരത്തിന്‍റെ ആദ്യനിമിഷം മുതല്‍ ക്രിസ്തുവില്‍ സന്നിഹിതനായിരുന്നു.
1. യേശുവിന്‍റെ യോര്‍ദ്ദാനിലെ സ്നാനം ക്രിസ്തീയ ജ്ഞാനസ്നാനത്തിന്‍റെ മുന്നാസ്വാദനം മാത്രമല്ല, അവിടുന്ന് സ്നാപകയോഹന്നാന്‍റെയും ഇസ്രായേല്യരുടെയും മദ്ധ്യത്തില്‍ ജോര്‍ദ്ദാനിലെ ജലത്തിലേയ്ക്ക് ഊളിയിട്ടിറങ്ങിയത് സഹനദാസന്‍റെ വിനീതഭാവം വെളിപ്പെടുത്തിക്കൊണ്ടാണ് (ഏശയ്യ 42, 48, 53). പാപമില്ലാത്തവനായ മിശിഹാ അനുതപിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി നടത്തിയ മാതൃകാസ്നാനമായിരുന്നു അത്. അവിടുന്നില്‍ പാപമൊന്നും ഇല്ലാതിരിക്കെ, സകലനീതിയും പൂര്‍ത്തിയാക്കുവാനും ദൈവഹിതം നിറവേറ്റുവാനും അവിടുന്ന് താഴ്മയുടെ നെല്ലിപ്പടിയിലേയ്ക്ക് ഇറങ്ങുന്നു. താഴ്മയുടെ ഈ അറിവിലേയ്ക്കും, അവബോധത്തിലേയ്ക്കും വിജ്ഞാനത്തിലേയ്ക്കുമുള്ള പ്രതീകാത്മകമായ സ്നാനമാണ് യോര്‍ദ്ദാന്‍ സംഭവം തെളിയിക്കുന്നത്. എന്നാല്‍ വെള്ളത്തില്‍നിന്നുള്ള ദൈവപുത്രന്‍റെ കയറ്റം അവിടുത്തെ തേജസ്സു പ്രകടമാക്കുന്നു. ഈ ഇറക്കത്തിന്‍റെയും കയറ്റത്തിന്‍റെയും വൈരുദ്ധ്യ തത്വം സുപ്രാധനമാണ്. അതായത് ഉന്നതത്തിലേയ്ക്ക് കയറണമെങ്കില്‍ പാതാളംവരെ ഇറങ്ങണം. മനുഷ്യപുത്രന്‍റെ തരംതാഴ്ത്തല്‍ (humiliation) അവിടുത്തെ തേജസ്സ്വീകരണത്തിന്‍റെ നാന്നിയായിരുന്നു. ശൂന്യവത്ക്കരണത്തിന്‍റെ വിനയഭാവത്തിന് ജീവിതത്തില്‍ നാമും തയ്യാറാകണമെന്നും ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.
2. മര്‍ത്ത്യതയുടെ ഭാഗധേയത്തില്‍ പങ്കുചേരുവാനായി ഇതാ, ദൈവം ദാസന്‍റെ രൂപം ധരിക്കുന്നു. “മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനാണ്.” അടിമയുടെ രൂപത്തിലാണ് പുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. നാം ദൈവപുത്രരാകുന്നത് ജീവിതത്തില്‍ വിനീതഭാവം, എളിമയുടെ ഭാവം അണിയുമ്പോഴാണെന്ന് ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പിതാവിനോടുള്ള ക്രിസ്തുവിന്‍റെ വിധേയത്വമാണ് സര്‍വ്വനീതിയും പൂര്‍ത്തീകരിക്കുവാനുള്ള അവിടുത്തെ ക്ഷണത്തില്‍ നാം ദര്‍ശിക്കുന്നത്.
3. യേശുവിന്‍റെ ജ്ഞാനസ്നാനത്തെ സ്മരിക്കുന്ന ജലംകൊണ്ടുള്ള കുരിശുവരയ്ക്കല്‍ അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തിന് രക്ഷ നല്കിയ രണ്ടാമത്തെ സ്നാനമായ കുരിശുമരണത്തെയും അനുദിനജീവിതത്തില്‍ അനുസ്മരിപ്പിക്കുന്നുണ്ട്. രക്തംകൊണ്ടുള്ള സ്നാനമായ അവിടുത്തെ പെസഹാരഹസ്യത്തെ ഓര്‍മ്മിപ്പിക്കുകയാണത്. ക്രൈസ്തവര്‍ ദേവാലയത്തില്‍ പ്രവേശിക്കുന്നത്, പ്രഥമമായും പ്രധാനമായും ക്രിസ്തുവിന്‍റെ കാല്‍വരിയാഗത്തിന്‍റെ, രക്ഷായാഗത്തിന്‍റെ അനുവര്‍ത്തനത്തിനാണല്ലോ. എന്നാല്‍ ഓര്‍ക്കണം, എല്ലാ സഹനങ്ങളും ഒരാളെ ക്രിസ്തുവാക്കില്ല. എന്തിന് ഗോല്‍ഗോഥായുടെ ഏറ്റവും താഴത്തെ പടവുകളില്‍പ്പോലും അതു നമ്മെ എത്തിക്കുകയില്ല. കുതറാതെ സഹിക്കുകയാണ് പ്രധാനം. അങ്ങനെയാണല്ലോ ഏശയ്യാ പ്രവാചകന്‍ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്.
“അവിടുന്ന് മര്‍ദ്ദിതനായി, പീഡിതനായി, എങ്കിലും ഒന്നും ഉരിയാടിയില്ല. കൊല്ലാന്‍ കൊണ്ടുപോകുന്ന കൂഞ്ഞാടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും മൗനം പാലിച്ചു” (ഏശയ്യ 53, 7-8). ബലിക്കുവേണ്ടി കൊണ്ടുപോയപ്പോള്‍ അവിടുന്ന് കുതറിയില്ല. ഈ പ്രവചനം നിര്‍വത്തിക്കപ്പെടുന്നത് പിന്നെയും എത്രയോ സംവത്സരങ്ങള്‍ക്കു ശേഷമാണ്, പീലാത്തോസിന്‍റെ അരമനയിലാണത്. അവിടുത്തേയ്ക്കെതിരായ ഓരോ ആരോപണങ്ങളും അതിന്‍റെ മുഴുവന്‍ ആസുരതയോടുകൂടി ഉയരുമ്പോഴും ക്രിസ്തു നിശ്ശബ്ദനായിരുന്നു. ആരോപണങ്ങള്‍ക്കെതിരെ ക്രിസ്തു മറുപടി പറയായ്കയാല്‍, ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടുവെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (മത്തായി 27, 14). ചരിത്രത്തിന്‍റെ വിചാരണമുറിയില്‍ ഇതാദ്യമായിരിക്കാം - പരിഭവമില്ലാതെ, ആത്മനിന്ദയില്ലാതെ, സ്നേഹപൂര്‍വ്വം മൗനമായൊരാള്‍ നില്കുന്നു.
ഈ വിധേയന്‍റെ മൗനം ജ്ഞാനസ്നാന തിരുനാളില്‍ നാം ധ്യാനിക്കേണ്ടതാണ്.
സഹനത്തെ ക്രിസ്തു അതിമനോഹരമായ പദം കൊണ്ടാണ് വിശേഷിപ്പിക്കുന്നത് – സ്നാനം! തന്‍റെ മനസ്സറിഞ്ഞവരോട് സ്നാനം സ്വീകരിക്കുവാന്‍ ഹൃദയപൂര്‍വ്വം അവിടുന്ന് ആഹ്വാനംചെയ്യുന്നു.
“ഞാന്‍ സ്വീകരിക്കുന്ന സ്നാനം നിങ്ങള്‍ക്ക് സ്വീകരിക്കാനാകുമോ...?” എന്നു ക്രിസ്തു ചോദിക്കുന്നുണ്ട്. സഹനത്തെ സ്നാനമായി വെളിപ്പെട്ടു കിട്ടുമ്പോള്‍, കുറെയധികം പൊള്ളുന്ന സമസ്യകളുടെ താക്കോലുകളും നമുക്കു കിട്ടും. വലിയ കരുണ്യത്തോടെ, ഒരനുഷ്ഠാനംപോലെ, നമ്മുടെ മൂര്‍ദ്ധാവിലേയ്ക്ക് ഇറ്റുവീഴ്ത്തിക്കുന്ന തീര്‍ത്ഥംതന്നെയാണ് സഹനം. ഇത് സ്നാനമാണെന്ന് അറിയുമ്പോള്‍, നമ്മെ ഈ സഹനജലം വിമലീകരിക്കുമെന്നറിയുമ്പോള്‍, നാം കുതറുകയില്ല. മറിച്ച്, തുള്ളിപോലും പാഴാകരുതെന്ന പ്രാര്‍ത്ഥനയോടുകൂടി കരങ്ങള്‍കൂപ്പി, കൃതജ്ഞതാപൂര്‍വ്വം അതേറ്റു വാങ്ങും. “സഹനത്തിന്‍റെ സ്നാനം സ്വീകരിക്കുവോളം, നിന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കും!” (ലൂക്കാ 12, 50) എന്നു ക്രിസ്തു പറഞ്ഞുവച്ചിരിക്കുന്നു. അങ്ങനെ, ക്രിസ്തു യോര്‍ദ്ദാന്‍ നദിയില്‍ സ്വീകരിച്ച സ്നാനം, അവബോധത്തിലേയ്ക്കും, സ്നേഹത്തിലേയ്ക്കുമുള്ള ഉണര്‍വാണ്. യോഹന്നാന്‍ അല്പം ജലം എടുത്ത് അവിടുത്തെ ശിരസ്സിലേയ്ക്ക് ഇറ്റിച്ച് വീഴ്ത്തിയപ്പോള്‍ വിണ്ണു തുറന്ന് സാക്ഷൃപ്പെടുത്തിയത് ആ ഉണര്‍വ്വാണ്. “ഇവനെന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” (മത്തായി 3, 17). യോര്‍ദ്ദാനില്‍ ആരംഭിച്ച ക്രിസ്തീയ ഉണര്‍വ്വിന്‍റെ പൂവിടല്‍, പിന്നീട് സഹനമെന്ന രണ്ടാം സ്നാനത്തിലാണ് കലാശിക്കുന്നത്. അതായിരിക്കണം ക്രിസ്തു പറയുന്ന അഗ്നികൊണ്ടുള്ള സ്നാനം. ഈ സ്നാനം സ്വീകരിക്കാത്തവരുടെ ധ്യാനവും സ്നേഹവും എന്നും അപൂര്‍ണ്ണമായിത്തന്നെ അവശേഷിക്കും.
പ്രിയ സഹോദരങ്ങളേ, പാപത്തില്‍നിന്നും മരണത്തില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുവാനുള്ള രക്ഷയുടെ പദ്ധതി ഭൂമുഖത്ത് തെളിയുന്നത്, ജോര്‍ദാന്‍ നദിക്കരയിലെ ജ്ഞാനസ്നാന വേളിയില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ മേല്‍ ഇറങ്ങിവന്നപ്പോഴാണ്. കലുഷിതമായ ലോകത്ത്,
ഇന്നിന്‍റെ സാമൂഹ്യചുറ്റുപാടില്‍ മതാത്മകവും, സാസ്ക്കാരികവും രാഷ്ട്രീയവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ മറന്ന് സഹോദരങ്ങളുമായി ഒത്തുചേരുന്നതിന് നമ്മുടെ ഹൃദയങ്ങളെ ഒരുക്കണമേയെന്ന് പരിശുദ്ധാത്മാവിനോടു ഈ തിരുനാളില്‍ പ്രാര്‍ത്ഥിക്കാം. അങ്ങേ കാരുണ്യതൈലത്താല്‍ ഞങ്ങളെ അഭിഷേചിച്ച് തെറ്റുകളുടെയും തെറ്റിദ്ധാരകളുടെയും, കലഹത്തിന്‍റെതുമായ മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തണമേ. വര്‍ഗ്ഗീയവാതത്തിന്‍റെയും, വംശീയതയുടെയും വൈവിദ്ധ്യങ്ങള്‍, വിയോജിപ്പുകള്‍ അകറ്റണമേ, അങ്ങനെ വെല്ലുവിളി നിറഞ്ഞതെങ്കിലും, സമ്പന്നമായ അങ്ങേ സമാധാനത്തിന്‍റെ പാതയില്‍ വിനയാന്വിതരായും അനുരഞ്ജിതരായും ചരിക്കുവാന്‍ ഞങ്ങളെ അയയ്ക്കണമേ, സഹായിക്കണമേ...
ഈ ഗാനം ആലപിച്ച ഗന്ധര്‍വ്വഗായകന്, കെ. ജെ. യേശുദാസിന് നന്ദിയോടെ 75-ാം പിറന്നാള്‍ ആശംസകള്‍ നേരുന്നു, ദൈവം ആയുസ്സും ആയുരാരോഗ്യവും നല്കട്ടെയെന്ന് എല്ലാ ശ്രോതാക്കളുടെയും പേരില്‍ പ്രാര്‍ത്ഥിക്കുന്നു.
ധര്‍ബാരി കാനഡയിലുള്ള ഗാനം മനോഹരമായി ചിട്ടപ്പെടുത്തിയത് ജര്‍സണ്‍ ആന്‍റെണിയും. രചിച്ചത് ജയന്‍ പള്ളുരുത്തിയുമാണ്.
നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച ക്രിസ്തുവിന്‍റെ ജ്ഞാന സ്നാന മഹോത്സവ നാളിലെ സുവിശേഷചിന്തകളാണ്.
All the contents on this site are copyrighted ©. |