2015-01-09 13:54:00

പാപ്പായെ കാണാന്‍ മുസ്ലിം പണ്ഡിതരെത്തി


ജനുവരി 7-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ പ്രഥമ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് ഫ്രഞ്ചുകാരായ 4 മുസ്ലിം പുരോഹിത പണ്ഡിതന്മാര്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്. ഫ്രാന്‍സിലെ ദേശീയ മെത്രാന്‍ സമിതിയുടെ മതസൗഹാര്‍ദ്ദത്തിനായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് മിഷേല്‍ ഡുബോയോട് ഒപ്പമാണ് ഇമാമുകള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.

ലോകത്തു നടമാടുന്ന അധിക്രമങ്ങളോടുള്ള തങ്ങള്‍ക്കുള്ള വിയോജിപ്പും, പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാന പരിശ്രമങ്ങളോടുള്ള ഐക്യദാര്‍ഢ്യവും പ്രകടമാക്കുകയാണ് ആഗമന ഉദ്ദേശ്യമെന്ന് ഇമാമുകള്‍ വെളിപ്പെടുത്തിയതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.  

ലോകത്തുയരുന്ന ഭീതിദമായ മതമൗലികവാദത്തിന്‍റെയും, മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയുടെയും സംഘര്‍ഷാവസ്ഥയില്‍ സമാധാനത്തിന്‍റെ പാതയിലുള്ള സഭയുടെ സത്യസന്ധമായ സമര്‍പ്പണത്തെയും പരിശ്രമങ്ങളെയും പിന്‍തുണ്യ്ക്കുന്നതായി മുസ്ലീം ഡെലഗേഷനുവേണ്ടി ഫ്രാന്‍സിലെ വെലൂര്‍ബാനിലുള്ള Villeurbanne ഓര്‍മ്മാന്‍ ഇസ്ലാമിക കേന്ദ്രത്തിന്‍റെ Orhman Islamic Centre and Mosque റെക്ടര്‍, അസദീന്‍ ഗാസി പ്രസ്താവിച്ചു.

വത്തിക്കാനിലെത്തിയ ഫ്രാന്‍സിലെ ഇസ്ലാം മതനേതാക്കള്‍ ജനുവരി 8-ാം തിയതി വ്യാഴാഴ്ച രാവിലെ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തുറാനുമായും കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 

 








All the contents on this site are copyrighted ©.