2015-01-09 12:33:00

ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികതയാണ് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണം


പ്രത്യക്ഷീകരണ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം :

 

സ്രായേലിലെ ഇടയന്മാര്‍ ബെതലഹേമിലെ പുല്‍ത്തൊട്ടിയിലേയ്ക്ക് നടത്തിയ പ്രയാണത്തെക്കുറിച്ചു നാം ക്രിസ്തുമസ് രാത്രിയില്‍ ധ്യാനിക്കുകയുണ്ടായി. യഹൂദരുടെ രാജാവും ലോകരക്ഷകനുമായ പുല്‍ത്തൊട്ടിയിലെ ഉണ്ണിക്ക് കാഴ്ചകള്‍ സമര്‍പ്പിച്ച കിഴക്കുനിന്നും എത്തിയ പൂജരാജാക്കളെയാണ് പ്രത്യക്ഷീകരണ മഹോത്സവത്തില്‍ അനുസമരിക്കുന്നത്. വിജാതീയരും വിദൂരസ്ഥരുമായ രാജാക്കളുടെ ബെതലഹേമിലേയ്ക്കുള്ള സന്ദര്‍ശനവും അവരുടെ പ്രതീകാത്മകമായ കാഴ്ചകളും സൂചിപ്പിക്കുന്നത്, ക്രിസ്തു ഈ ഭൂമിയില്‍ ജാതനയാത് ഒരു ജനത്തെ രക്ഷിക്കുവാനല്ല, മറിച്ച് സകല ലോകത്തെയും രക്ഷിക്കുവാനാണെന്ന് പഠിപ്പിക്കുന്നു. അങ്ങനെ ഈ മഹോത്സവം നമ്മുടെ കാഴ്ചപ്പാടിന്‍റെ ചാക്രവാളങ്ങളെ വിപുലീകരിക്കുകയും വിശാലമാക്കുകയും ചെയ്യേണ്ടതാണ്. കാരണം ഇത് ദൈവികസ്നേഹത്തിന്‍റെ സാര്‍വ്വലൗകികതയുടെ പ്രത്യക്ഷീകരണമാണ്. പിന്നെ രക്ഷയുടെ സാര്‍വ്വലൗകിക സ്വഭാവവും വെളിപ്പെടുത്തുന്നു. തിരഞ്ഞെടുക്ക പ്പെട്ടവര്‍ക്കോ, അനുകൂല്യം അവകാശപ്പെടുന്നവര്‍ക്കോ മാത്രമായി തന്‍റെ സ്നേഹം ക്രിസ്തു തരംതിരിച്ചു വച്ചില്ല. അത് സകലര്‍ക്കുമായി നല്കുകയാണുണ്ടായത്. സകലര്‍ക്കുമായി ലഭ്യമാക്കുകയാണുണ്ടായത്. ദൈവം ഈ ലോകത്തുള്ള സകലത്തിന്‍റെയും, സകലരുടെയും സ്രഷ്ടാവും പിതാവും ആയിരിക്കുന്നതുപോലെ, അവിടുന്ന് സകലരുടെയും രക്ഷകനുമാണ്. ആകയാല്‍ നാം ഓരോ വ്യക്തിയിലും, നമ്മുടെ ഓരോ സഹോദരങ്ങളിലും, വിശിഷ്യാ ദൈവത്തിന്‍റെ അപരിമേയവും വിശ്വാസ്യവുമായ സ്നേഹത്തില്‍നിന്നും അകന്നിരിക്കുന്നവരിലും, അവിടുത്തെ വിട്ടകന്നുപോയവരിലും, അവരുടെ രക്ഷയിലുമുള്ള പ്രത്യാശയും വിശ്വാസവും വളര്‍ത്തിയെടുക്കേണ്ടതാണ്. കാരണം, ദൈവം....ഏറെ താഴ്മയില്‍ വിനീതനായി നമ്മിലേയ്ക്കു വന്നവനാണ്.

 

ക്രിസ്തുവിനെ തേടിയും അവിടുത്തോട് ഐക്യപ്പെടുവാനുമുള്ള ആത്മാവിന്‍റെ യാത്രയാണ് സുവിശേഷത്തിലെ പൂജരാജാക്കളുടെ സംഭവം വെളിപ്പെടുത്തുന്നത്. രക്ഷയെക്കുറിച്ച് അവര്‍ക്കു ലഭിച്ച അടയാളങ്ങളോട് ഏറ്റവും ശ്രദ്ധാലുക്കളായിരുന്നു അവര്‍. അന്വേഷണപാതയിലെ പ്രതിസന്ധികളെ തരണംചെയ്യുവാനുള്ള സന്നദ്ധതയോടെ പതറാതുള്ള മുന്നേറ്റമായിരുന്നു അവരുടേത്. ശ്രദ്ധയോടുകൂടെയും, തളരാതെയും, ധൈര്യപൂര്‍വ്വവുമുള്ള യാത്രയായിരുന്നു അതെന്ന് പാപ്പാ എടുത്തു പറഞ്ഞു.

 

പിന്നെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്‍റെ സകല പ്രത്യാഘാതങ്ങളും സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും അവര്‍ സന്നദ്ധരായിരുന്നു. പൂജരാജാക്കളുടെ അനുഭവം വിളിച്ചോതുന്നത് ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങുന്ന ഓരോ മനുഷ്യന്‍റെയും ആത്മീയയാത്രയാണ്. തങ്ങളുടെ ജീവിത പരിസരത്തുനിന്നും ഇറങ്ങിപ്പുറപ്പെട്ട പൂജരാജാക്കളെപ്പോലെ, ആകാശത്തു കണ്ട നക്ഷത്രത്തെ നോക്കി ദൈവത്തെ അന്വേഷിച്ചിറങ്ങുന്നത്, നമ്മുടെ ഹൃദയങ്ങളോടു മന്ത്രിക്കുന്ന അദൃശ്യമായ ദൈവികപ്രഭ തേടിയുള്ള യാത്രയാണ്. നമ്മെ ദൈവത്തിലേയ്ക്കു നയിക്കുവാനും, നമ്മുടെ ഹൃദയങ്ങളെയും സമൂഹങ്ങളെയും തെളിയിക്കുവാനും കെല്പുള്ള ദിശാതാരം ദൈവവചനമാണ്, ക്രിസ്തുവിന്‍റെ സുവിശേഷമാണ്. തിരുവചനം ജീവിതപാതയില്‍ വെളിച്ചം നല്കുകയും, വിശ്വാസജീവിതത്തെ നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ദൈവവചനം അനുദിനം വായിക്കുവാനും ധ്യാനിക്കുവാനും മറന്നുപോകരുത്. കാരണം, അത് നമുക്കും, നമ്മുടെ കൂടെയുള്ളവര്‍ക്കും, പ്രത്യേകിച്ച് ക്രിസ്തുവിലേയ്ക്കുള്ള വഴി കണ്ടെത്താന്‍ വിഷമിക്കുന്നവര്‍ക്കും മാര്‍ഗ്ഗദീപമാകുമെന്നും പാപ്പാ എടുത്തു പറഞ്ഞു.

 

ഇന്നേ ദിവസം പ്രത്യക്ഷീകരണ മഹോത്സവം ആചരിക്കുന്ന പൗരസ്ത്യസഭാ സമൂഹങ്ങളെ  - കത്തോലിക്കരെയും ഓര്‍ത്തഡോക്സ് സമൂഹങ്ങളെയും അനുസ്മരിക്കുകയും, അവര്‍ക്ക് തിരുനാളിന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ നേരുകയും ചെയ്തു.

 

കുട്ടികളുടെ പ്രേഷിത ദിനത്തെക്കുറിച്ചും പാപ്പാ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിനിടയില്‍  അനുസ്മരിപ്പിച്ചു. തങ്ങളുടെ വിശ്വാസം വിശ്വസ്തതയോടെ ജീവിച്ചുകൊണ്ട്, കുട്ടികള്‍ ക്രിസ്തുവെളിച്ചം ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെ കുട്ടികളുമായി, വിശിഷ്യ പാവപ്പെട്ട കുട്ടികളുമായി പങ്കുവയ്ക്കണമെന്നും, അതാണ് കുട്ടികളുടെ മിഷണറി ദിനത്തിന്‍റെ പൊരുളെന്നും ചത്വരത്തില്‍ തിങ്ങിനിന്ന ജനങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു. കുട്ടികളിലെ പ്രേഷിതചൈതന്യം വളര്‍ത്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും, അങ്ങനെ കുഞ്ഞുങ്ങള്‍ ദൈവസ്നേഹത്തിന്‍റെയും ദൈവികലാളിത്യത്തിന്‍റെയും സാക്ഷികളും പ്രഘോഷകരും, പ്രായോക്താക്കളുമാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  

 

ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പാപ്പാ അഭിവാദ്യംചെയ്തു. ജര്‍മ്മനിയില്‍നിന്നും, അയര്‍ലണ്ടില്‍നിന്നും, അമേരിക്കയിലെ മിനസ്സോട്ടയില്‍നിന്നും എത്തിയവരെയും, റോമിലെ ഡോണ്‍ ഓറിയോനെയിലെ യുവജനങ്ങളെയും പേരെടുത്തു പറഞ്ഞ് പാപ്പാ അഭിവാദ്യംചെയ്തു. പിന്നെ, പൂജരാജാക്കളുടെ തിരുനാള്‍ പ്രമാണിച്ച് സേഞ്ഞി, ആര്‍ത്തേനാ, കര്‍പ്പിനേത്തോ റൊമാനോ, ഗോരേഗാ, മൊന്തെലാനിക്കോ... എന്നീ റോമന്‍ പ്രവിശ്യകളില്‍നിന്നും നാടോടി ദൃശ്യങ്ങളും, വാദ്യമേളങ്ങളും, കൗതുകക്കാഴ്ചകളുമായി വേഷവിഭൂഷിതരായി എത്തിയ ആബാലവൃന്ദം ജനങ്ങളെ പാപ്പാ അനുമോദിച്ചു. അവര്‍ക്ക് നന്ദിയര്‍പ്പിച്ചു.

 

വിശ്വപ്രകാശമായ ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍ ഇനിയും ലോകത്ത് പ്രകാശിപ്പിക്കുവാന്‍ തക്കവിധം നമ്മുടെ ജീവിതങ്ങളെ നയിക്കാന്‍ കരുത്തുനല്കണമേ, എന്ന് പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു. പിന്നെ, ജീവിതയാത്രയില്‍ ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് – അവിടുത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ ശ്രദ്ധയോടും, തളരാതെയും, ധൈര്യപൂര്‍വ്വവും മുന്നേറാമെന്ന് വീണ്ടും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.