2015-01-08 20:12:00

പാരീസിലെ മനുഷ്യക്കുരുതി നിന്ദ്യമായ അധര്‍മ്മമെന്ന് പാപ്പാ ഫ്രാന്‍സിസ്


കാരണമെന്തായിരുന്നാലും മനുഷ്യക്കുരുതി നിന്ദ്യവും ന്യായീകരിക്കാന്‍ സാധിക്കാത്ത അധര്‍മ്മമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജനുവരി 7-ാം തിയതി ബുധനാഴ്ച പാരീസില്‍ ഭീകരരുടെ കൈകളില്‍ കൊല്ലപ്പെട്ട 12 മാധ്യമപ്രവര്‍ത്തകരെ ഓര്‍ത്ത്, വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള സുവിശേഷ ചിന്തയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. എല്ലാത്തരത്തിലുമുള്ള വിദ്വേഷവും അധിക്രമങ്ങളും – അത് ശാരീരികമോ ആത്മീയമോ ആവട്ടെ അപലപനീയമാണെന്നും, സകലരും അതിനെ ചെറുക്കേണ്ടതാണെന്നും പാപ്പാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

‘അള്ളാവി’നെതിരായ കാര്‍ട്ടൂണ്‍ ചിത്രം പുറത്തിറക്കിയെന്ന് ആരോപിക്കപ്പെടുന്ന മാസിക, Charlie Hebdo-യുടെ പത്രാധിപസമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരിക്കവെയാണ് തോക്കുധാരികളായ രണ്ടു പേര്‍ പ്രസ്സ് ഓഫീസിലെത്തി, മുഖ്യപത്രാധിപര്‍ അടക്കം മാധ്യമപ്രവര്‍ത്തകരെയും, കലാകരന്മാരെയും കാര്‍ട്ടൂണിസ്റ്റുകളെയുമായി 12 പേരെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

പാരീസിലെ ഭീകരാക്രമണത്തെക്കുറിച്ച് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി. ജനുവരി 8-ാം തിയതി വ്യാഴാഴ്ച രാവിലെ പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ആന്ത്രേ വിങ്-ട്രോയിക്ക് അയച്ച സന്ദേശത്തിലാണ് ബുധാനാഴ്ച ഭീകരരുടെ കൈകളില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന നേരുകയും, അവരുടെ കുടുംബാംഗങ്ങളെ പാപ്പാ അനുശോചനം അറിയിക്കുകയും ചെയ്തത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച സന്ദേശത്തില്‍ എല്ലാത്തരത്തിലുമുള്ള അധിക്രമങ്ങളെയും പാപ്പാ അപലപിക്കുകയും, ഫ്രാന്‍സിലെ ജനങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും, വേദനയുടെ നിമിഷങ്ങളില്‍  സാന്ത്വനവും സ്നേഹസാമീപ്യവും സന്ദേശത്തിലൂടെ പാപ്പാ അറിയിക്കുകയും ചെയ്തു.

പാരീസ് നഗരത്തിനും അവിടത്തെ ജനങ്ങള്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്നു മാത്രമായിരുന്നു - ജനുവരി 8-ന് രാവിലെ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം. ഫ്രാന്‍സിന്‍റെ തലസ്ഥാനനഗരരമായ പാരീസില്‍ നടന്ന കൂട്ടക്കൊലയുടെ വ്യഥയിലാണ് പാപ്പാ

ഈ ഹ്രസ്വസന്ദേശം കണ്ണിചേര്‍ത്തത്. ‘സമാധാനത്തിന്‍റെ അടത്തറ പ്രാര്‍ത്ഥനയാണ്’ എന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്ന സംജ്ഞയാണ് ട്വിറ്റര്‍ സംവാദകരോട് പ്രാര്‍ത്ഥനയാചിക്കുന്ന സന്ദേശത്തില്‍ പാപ്പാ ഇക്കുറി പങ്കുവച്ചത്. 








All the contents on this site are copyrighted ©.