2014-12-30 10:01:03

താഴ്മയില്‍ ലോകത്തുവന്ന ദൈവത്തിനായി
ഹൃദയങ്ങള്‍ തുറക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്


30 ഡിസംബര്‍ 2014, വത്തിക്കാന്‍
ക്രിസ്തുമസ് രാത്രിയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിമദ്ധ്യേ നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

1 അന്ധകാരത്തില്‍ നടന്ന ജനത വലിയ പ്രകാശം കണ്ടു. ഇരുണ്ട ഭൂപ്രദേശത്തു വസിച്ചവരുടെമേല്‍ ദിവ്യപ്രകാശം ഉദയംചെയ്തു (ഏശ 9, 1). കര്‍ത്താവിന്‍റെ ദൂതന്‍ ഇടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ക്കു ചുറ്റും കര്‍ത്താവിന്‍റെ മഹത്വം തെളിഞ്ഞുനിന്നു (ലൂക്ക 2, 9). ക്രിസ്തുമസ് രാത്രിയുടെ ആരാധനക്രമത്തില്‍ തിരുപ്പിറവി ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്: അന്ധകാര നിബിഡമായ ലോകത്ത് ദിവ്യപ്രകാശം വിരിഞ്ഞ്, ഇരുട്ട് ഇല്ലാതാകുന്നു. ജനത്തിന്‍റെ മദ്ധ്യേയുള്ള കര്‍ത്താവിന്‍റെ സാന്നിദ്ധ്യം അവരുടെ പരാജയത്തിന്‍റെ ദുഃഖവും, അടിമത്വത്തിന്‍റെ ദയനീയതയും ദുരീകരിച്ച് സന്തോഷവും ആനന്ദവും വിരിയിക്കുന്നു.

2 നമ്മുടെ കാലടികള്‍ വിശ്വാസവെളിച്ചത്താല്‍ നയിക്കപ്പെട്ട് ദൈവത്തെ കണ്ടെത്താമെന്നുമുള്ള പ്രത്യാശയാല്‍ പ്രചോദിതരുമായിട്ടാണ് ഈ വിശുദ്ധരാത്രിയില്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ നാം സമ്മേളിച്ചിരിക്കുന്നത്. അങ്ങനെ നമ്മുടെ പാദങ്ങളെ നയിക്കുന്ന വിശ്വാസവെളിച്ചത്താല്‍ ആനീതരായിട്ടാണ് ഭൂമിയെ ചൂഴ്ന്നിരിക്കുന്ന ഇരുട്ടിനെ നാം മറികടക്കുന്നത്. ആ മഹാതേജസ്സില്‍ ഒരുനാള്‍ നാം എത്തിച്ചേരുമെന്നുള്ള പ്രത്യാശയോടെ ഹൃദയങ്ങള്‍ തുറന്നാല്‍ ഉന്നതങ്ങളില്‍ ഉയരുന്ന ആ ദിവ്യശിശു നമ്മുടെ ജീവിതചക്രവാളങ്ങളെ പ്രകാശിപ്പിക്കും.

3 യുഗങ്ങളിലെ ആ ദിവ്യരാത്രിയില്‍ ലോകത്തെ ആവരണംചെയ്ത അന്ധകാരം അകന്നുപോയി. മാനവികതയിലെ ആദ്യകൊലപാതകത്തിന്‍റെ ഇരുണ്ട യാമത്തിലേയ്ക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. അസൂയയാല്‍ അന്ധനായിട്ടാണ് കായേന്‍ തന്‍റെ സഹോദരന്‍ ആബേലിനെ വകവരുത്തിയത് (ഉല്പത്തി 4, 8). ഇതിന്‍റെ ഫലമായി അധിക്രമം, യുദ്ധം, വെറുപ്പ് പീഡനം എന്നിവയുടെ അടയാളങ്ങള്‍ ചരിത്രത്തില്‍ ഇന്നും ചുരുളഴിയുന്നു. എന്നാല്‍ തന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനുവേണ്ടി പ്രത്യാശയുടെ നാമ്പുവിരിയിച്ച് ദൈവം കാത്തിരുന്നു. നീണ്ട ആ കാത്തിരിപ്പ്, ചിലപ്പോള്‍ ഭഗ്നമോഹത്താല്‍ തളര്‍ന്നതായിരുന്നു. എന്നാല്‍ സ്വയം നിഷേധിക്കാതിരിക്കാന്‍ അവിടുന്ന് തന്‍റെ കാത്തിരിപ്പിന് അറുതിവരുത്തിയില്ല (2 തിമോ. 2, 13).

4 കാലത്തികവില്‍ നമുക്ക് വെളിപ്പെട്ടു കിട്ടുന്ന സത്യം ഇതാണ്, അന്ധകാരം ചിതറിക്കുന്ന ദിവ്യപ്രകാശമായ ദൈവം നമ്മുടെ പിതാവാണെന്നും, പിന്നെ അവിടുത്തെ ക്ഷമയുള്ള വിശ്വസ്തത പാപാന്ധകാരത്തെയും അതിന്‍റെ ശക്തികളെയും വെല്ലുന്നതാണെന്നുമാണ്. ഈ ക്രിസ്തുമസ് രാവിന്‍റെ ദിവ്യസന്ദേശവും ഇതാണ്. ദൈവത്തില്‍ അക്ഷമയോ വിദ്വേഷത്തിന്‍റെ വിസ്ഫോടനമോ ഇല്ല. ധൂര്‍ത്തപുത്രന്‍റെ കഥയിലെ പിതാവിനെപ്പോലെ ദൈവം സദാ നമുക്കായി കാത്തിരിക്കുന്നു, മടങ്ങിവരുന്ന മകനെയും കാത്തിരിക്കുന്ന സ്നേഹസമ്പന്നനായ പിതാവാണ് ദൈവം.

5 രാത്രിയുടെ മറ കീറിയെത്തുന്ന മഹാപ്രകാശത്തെപ്പറ്റി ഏശയ്യാ പ്രവചിക്കുന്നുണ്ട്. ആ ജ്യോതിസ്സ് ഉദയംചെയ്തത് ബതലഹേമില്‍ മറിയത്തിന്‍റെ സ്നേഹാര്‍ദ്രമായ കരങ്ങളിലേയ്ക്കും, യൗസേപ്പിന്‍റെ വാത്സല്യത്തിലേയ്ക്കും ഇടയന്മാരുടെ വിസ്മയങ്ങളിലേയ്ക്കുമായിരുന്നു. ആട്ടിടയന്മാരെ മാലഖമാര്‍ തിരുപ്പിറവി അറിയിച്ചത് ഇപ്രകാരമായിരുന്നു. ‘ഇതാ, ഒരു ആടയാളം! പിള്ളക്കച്ചയില്‍ പൊതിഞ്ഞ ശിശുവിനെ നിങ്ങള്‍ പുല്‍ത്തൊട്ടിയില്‍ കാണും’ (ലൂക്കാ 2, 12). സ്നേഹമായ ദൈവം നമ്മുടെ താഴ്മയെ പുല്‍കി. മനുഷ്യന്‍റെ യാതനകളിലേയ്ക്കും, ആശങ്കകളിലേയ്ക്കും, ആശകളിലേയ്ക്കും പരിമിതികളിലേയ്ക്കും ദൈവം ഇറങ്ങിവന്ന രാവായിരുന്നു അത്. സകലരും പ്രതീക്ഷിച്ചതും ഹൃദയാന്തരാളങ്ങളില്‍ തേടിയതും ഈ ദിവ്യതേജസ്സിനെയാണ്. മനുഷ്യന്‍റെ ഇല്ലായ്മയെ അറിയുന്ന, അവനെ സ്നേഹത്തിന്‍റെ നിറകണ്ണുകളാല്‍ കടാക്ഷിക്കുന്ന, അവന്‍റെ താഴ്മയെ സ്നേഹിക്കുന്നതുമായ ലാളിത്യമുള്ള ദൈവമാണ് അവിടുന്ന്.

6. പുല്‍ക്കൂട്ടില്‍പ്പിറന്ന ഉണ്ണിയേശുവെ ധ്യാനിക്കുന്ന ഈ രാവില്‍ ദൈവിക ലാളിത്യത്തെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നു ചിന്തിക്കേണ്ടതാണ്. പൂര്‍ണ്ണമായും എന്നിലേയ്ക്കു വരുന്ന, എന്നില്‍ നിറഞ്ഞ്, എന്നെ ആശ്ലേഷിക്കുന്ന ദൈവത്തെ ഞാന്‍ അവഗണിക്കുന്നുണ്ടോ? ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നുണ്ടെന്നു പറയാമെങ്കിലും, എന്‍റെ അന്വേഷണത്തെക്കാള്‍, അവിടുന്ന് എന്നെ തേടിയെത്തുന്നു, ആര്‍ദ്രമായി എന്നെ തഴുകുന്നുവെന്ന് മനസ്സിലാക്കണം. അതിനാല്‍ എന്നെ സ്നേഹിക്കാന്‍ ദൈവത്തെ അനുവദിക്കുന്നുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. ദൈവം നമ്മുടെ താഴ്മയെ സ്നേഹിക്കുന്നുവെന്നും, നമ്മോടൊത്ത് ആയിരിക്കുവാന്‍ സ്വയം വിനീതനായി എന്നും മനസ്സിലാക്കിയാല്‍ ഹൃദയങ്ങള്‍ അവിടുത്തേയ്ക്കായി തുറക്കുവാനും, അവിടുത്തെ അന്വേഷിക്കുവാനും നമുക്കു സാധിക്കും.

7. ചുറ്റുമുള്ളവരുടെ വിഷമതകളും, പ്രയാസങ്ങളും ഉള്‍ക്കൊള്ളുവാനുള്ള കരുത്ത് നമുക്ക് ഉണ്ടോ?
മറിച്ച് വ്യക്തികളെ മാനിക്കാത്തതും സുവിശേഷ ചൈതന്യം ഇല്ലാത്തതുമായ പ്രതിവിധികളാണോ പ്രശ്നപരിഹാരമായി നാം തേടുന്നത്? ദൈവിക ലാളിത്യത്തിനും ക്ഷമയ്ക്കും സ്നേഹത്തിനുമായി ലോകം കേഴുകയാണ്.

8. ക്രൈസ്തവന്‍റെ പ്രതികരണം മനുഷ്യന്‍റെ താഴ്മയിലേയ്ക്ക് ഇറങ്ങിവന്ന ദൈവത്തിന്‍റെ വിനീതഭാവത്തില്‍നിന്നും വ്യത്യസ്തമായിരിക്കാനാവില്ല. നന്മയും എളിമയുംകൊണ്ടാണ് നാം ജീവിതത്തെ അഭിമുഖീകരിക്കേണ്ടത്. മനുഷ്യര്‍ കരുണയും സ്നേഹവും എളിമയും ഉള്‍ക്കൊള്ളണം. മനുഷ്യനെ ആര്‍ദ്രമായി സ്നേഹിക്കുവാനും തുണ്യ്ക്കുവാനും ദൈവം താഴ്മയില്‍ ഇറങ്ങിവന്നുവെങ്കില്‍, നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി തുറക്കാതിരിക്കാനാവില്ല. അവിടുത്തെ അന്വേഷിക്കാതിരിക്കാനാവില്ല.
ദൈവമേ, എനിക്ക് അങ്ങേ വിനീതഭാവം തരണമേ. ജീവിത പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ അങ്ങേ ആര്‍ദ്രമായ കൃപ എനിക്കു നല്കണമേ. മനുഷ്യയാതനകളില്‍ അവരുടെ സമീപത്തായിരിക്കുവാന്‍ എന്നെ സഹായിക്കണമേ. ജീവിത സംഘട്ടനത്തില്‍ എനിക്കു വിനീതഹൃദയം തരണമേ!

9. ഇരുളില്‍ ജീവിച്ചവര്‍ ദൈവിക പ്രഭ കണ്ടു (ഏശയ്യ 9, 1), എന്ന് ക്രിസ്തുമസ് രാവില്‍ നാം ധ്യാനിക്കുന്നു. വീനീതഹൃദയര്‍ക്കും തുറവുള്ളവര്‍ക്കുമാണ് ദൈവകൃപ ലഭിച്ചത്. അവരാണ് ദൈവികവെളിച്ചം കണ്ടത്. ധാര്‍ഷ്ട്യമുള്ളവരും അഹങ്കാരികളും, വ്യക്തിതാല്പര്യത്തിനുവേണ്ടി നിയമങ്ങള്‍ നടപ്പിലാക്കിയവരും, അപരനോട് അടഞ്ഞ മനഃസ്ഥിതിയുള്ളവരും പ്രകാശം കണ്ടില്ല. പുല്‍ക്കൂട്ടിലേയ്ക്കു നോക്കി നമുക്കു പ്രാര്‍ത്ഥിക്കാം,
പരിശുദ്ധ അമ്മേ, ഓ മറിയമേ, ദിവ്യപ്രകാശമായ ക്രിസ്തുവിനെ ഞങ്ങള്‍ക്കും നല്കണമേ!









All the contents on this site are copyrighted ©.