2014-12-28 17:42:03

പാപ്പാ സംസാരിച്ചാല്‍
ലോകം ശ്രവിക്കുമെന്ന്
ഡോ. സെബാസ്റ്റൃന്‍ പോള്‍


28 ഡിസംബര്‍ 2014, കൊച്ചി
പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശത്തെക്കുറിച്ച് മാധ്യമ വിദഗ്ദ്ധനും നിയമപണ്ഡിതനും മുന്‍ ലോകസഭാംഗവുമായ ഡോ. സെബാസ്റ്റൃന്‍ പോളിന്‍റെ തനിമയാര്‍ന്ന ചിന്തകള്‍:

വത്തിക്കാന്‍ സംസാരിക്കുമ്പോള്‍ ലോകം ശ്രവിക്കുന്നു. ശീതയുദ്ധകാലത്ത് മറ്റൊരു ശബ്ദം ഇല്ലായിരുന്നപ്പോഴും പാപ്പായുടെ ശബ്ദം വ്യത്യസ്തമായിരുന്നു. പാപ്പായ്ക്ക് എത്ര പട്ടാളമുണ്ട് എന്ന നെപ്പോളിയന്‍റെ ചോദ്യം ലോകത്ത് ആരും കാര്യമാക്കിയിട്ടില്ല. പടയണികള്‍ ഫ്രാന്‍സിലെ ചക്രവര്‍ത്തിമാരെ സഹായിച്ചില്ല. നെപ്പോളിയന്‍ ചരിത്രമായപ്പോള്‍, വത്തിക്കാന്‍ ചരിത്രം സൃഷ്ടിക്കുന്നു. ധാര്‍മ്മികതയുടെ ശക്തിയാണ് വത്തിക്കാനില്‍ പാപ്പായുടേത്. പാപ്പാ സംസാരിക്കുമ്പോള്‍ ലോകം കേള്‍ക്കുന്നത് ധാര്‍മ്മികതയുടെ ശബ്ദം ലോകത്തിന് ആവശ്യമുള്ളതുകൊണ്ടാണ്. ലോകം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദമാണത്. പാപ്പാ ഫ്രാന്‍സിസ് പലരീതിയിലും വ്യത്യസ്തനായ വ്യക്തിത്വമാണ്. അധികാരത്തിന്‍റെ ഭാഷയിലല്ല അദ്ദേഹം സംസാരിക്കുന്നത്. ധാര്‍മ്മികതയുടെ ശബ്ദമെന്നു പോലും അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളെയും സംസാരത്തെയും വിശേഷിപ്പിക്കേണ്ട കാര്യമില്ല. സ്നേഹത്തിന്‍റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. സ്നേഹം തന്നെയാണ് അദ്ദേഹത്തിന്‍റെ സംസാരം. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് സംസാരിച്ചപ്പോള്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും പ്രതികരിച്ചു.. വത്തിക്കാനിലെ പാപ്പാ ഫ്രാന്‍സിസ് സംസാരിക്കുന്നത് വിശ്വാസികളോടു മാത്രമല്ല, വിശ്വസിക്കാത്തവര്‍ക്കും ആ വാക്കുകള്‍ പ്രമാണമായി മാറുന്നു. ലോകത്തിനും നഗരത്തിനും എന്ന പാപ്പാ പ്രാന്‍സിസിന്‍റെ സന്ദേശം, ഒന്നാം പേജില്‍ സചിത്രം പ്രാധാന്യത്തോടെ നല്കിയത് ‘ദേശാഭിമാനി’യാണ്. ദൈവത്തിന്‍റെ പേരിലുള്ള കലാപം അവസാനിപ്പിക്കണമെന്ന പാപ്പായുടെ ആഹ്വാനത്തില്‍ കമ്യൂണിസ്റ്റുകര്‍ക്കോ ദൈവനിഷേധികള്‍ക്കോ ആഹ്ലാദിക്കുവാനായി ഒന്നിമല്ല. പക്ഷേ സ്നേഹത്തിന്‍റെ വാക്കുകളില്‍ അകൃഷ്ടരാകാതിരിക്കാനാവില്ല. അതുകൊണ്ട് വ്യാഖ്യാനങ്ങള്‍ ഇല്ലാതെ ആ വാക്കുകള്‍ അവര്‍ കേള്‍ക്കുന്നു. ഇടയന്‍റെ ശബ്ദം തൊഴുത്തിനു പുറത്തുള്ളവരും കേള്‍ക്കുന്നുണ്ട്.

ബെതലഹേമിലെ പിറവി ദൈവശാസ്ത്രപരമായ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. സൈദ്ധാന്തികമായ ‘സിസേറിയന്‍ സെക് ഷനു’കള്‍ ആവശ്യമുള്ള വിഷയമാണത്. അത് ദൈവശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്, സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദേശത്തില്‍ പറഞ്ഞത്. യേശുവെന്ന വിമോചകനെക്കുറിച്ചാണ് വിമോചനത്തിന്‍റെ അര്‍ത്ഥവും ശാസ്ത്രവും ചരിത്രവും അറിയാവുന്ന പാപ്പാ സംസാരിച്ചത്. വിമോചനം ആഗ്രഹിക്കുവന്നവര്‍ വിമോചകനെ തിരിച്ചറിയും. ആടുകള്‍ ഇടയനെ അറിയുന്നതുപോലെയാണത്.

ബെതലഹേമിലെ തണുത്ത രാത്രിയില്‍, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഷയില്‍, ചൂടുള്ള വാര്‍ത്തയായിരുന്നു വിമോചകന്‍റെ ജനനം. റോഡിയോയും ടെലിവിഷനും കണ്ടുപിടിക്കപ്പെട്ടത് 1900 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. പക്ഷെ, ആ വാര്‍ത്ത അന്ന് തത്സമയം സംപ്രേക്ഷണംചെയ്യപ്പെട്ടു. ഉറങ്ങാതെ ജാഗ്രതയോടെ ഇരുന്ന സാധാരണക്കാരാണ് ആ വാര്‍ത്ത ആദ്യം അറിഞ്ഞത്. ഹേറോദേസിന്‍റെ കൊട്ടാരത്തിലേയ്ക്ക് ഒരു ട്രാന്‍സ്മിഷനും ഉണ്ടായിരുന്നില്ല. കിഴക്കുനിന്നും വന്ന ജ്ഞാനികള്‍ക്കാവട്ടെ, സൂചന മാത്രമാണ് ലഭിച്ചത്. കേട്ടതും നേരിട്ടു കണ്ടതും സാധാരണക്കാരായിരുന്നു. അവരാണ് മറ്റുള്ളവരെ ആ സദ്വാര്‍ത്ത അറിയിച്ചത്. ബൈബിളിന്‍റെ ഈ രീതിയിലുള്ള സെക്കുലര്‍ വ്യാഖ്യാനം അനന്തമായ സാധ്യതകള്‍ നിറഞ്ഞതാണ്. ഞാന്‍ പലപ്പോഴും അതു ചെയ്യാറുണ്ട്. ജനാധിപത്യത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍ പിറവിയുടെ അദ്ധ്യായത്തിലുണ്ട്. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുവേണ്ടിയായിരുന്നു
ആ ദമ്പതികള്‍ ബെതലഹേമില്‍ എത്തിയത്. പ്രസവം ആസന്നമായിരുന്നെങ്കിലും അവര്‍ കര്‍ത്തവ്യം ഒഴിവാക്കിയില്ല.

അറിയുന്നതിനുള്ള ജനങ്ങളുടെ അവകാശമാണ് കര്‍ത്താവിന്‍റെ ദൂതന്‍ നിറവേറ്റിയത്. അറിയേണ്ടതില്ലാത്തവരില്‍നിന്നും അത് മറച്ചുവയ്ക്കപ്പെട്ടു. അത് പൊതുതാല്പര്യത്തിന് അനുസൃതമായിരുന്നു. അന്വേഷിച്ചവര്‍ അതുകണ്ടെത്തി. ദൈവദൂതരെപ്പോലെയായിരിക്കണം മാധ്യമപ്രവര്‍ത്തകര്‍ എന്ന മാധ്യമപാഠവും പിറവിയുടെ വിവരണത്തില്‍ ഉണ്ട്. അവര്‍ സത്യം പറയുന്നവരും, സത്യം അറിയിക്കുന്നവരും ആകണം. ഇപ്രകാരം സമകാലികമായി വേദപുസ്തകത്തെ വായിച്ചെടുക്കുന്നതില്‍ അപാകതയില്ലെന്നുമുള്ള നിലപാടും പാപ്പായുടെ ക്രിസ്തുമസ് സന്ദേശത്തില്‍ ഉണ്ട്. പെഷവാറിനെ ഓര്‍ക്കാതെ സ്നേഹമുള്ള പിതാവിന് ക്രിസ്തുമസ് സന്ദേശം നല്കാനാവില്ല. പെഷവാറിലെ കരച്ചിലും മുറവിളിയുമാണ് അന്ന് റാമായില്‍ നാം കേട്ടത്. ബെതലഹേമിലെ കുട്ടികള്‍ വധിക്കപ്പെട്ടത് അവരുടെ തെറ്റുകൊണ്ടായിരുന്നില്ല. അധികാരത്തിന്‍റെ കുരുതിയില്‍ ബലിയാകുന്നവര്‍ നിരവധി. സന്താനങ്ങളെ ഓര്‍ത്തു കരയുന്ന അമ്മമാരെ സാന്ത്വനപ്പെടുത്തുക അസാദ്ധ്യം. അതുകൊണ്ട് വത്തിക്കാന്‍ ചത്വരത്തില്‍ ഹൃദയഹാരിയായ ക്രിസ്തുമസ് സന്ദേശം നല്കിയ പാപ്പാ ഫ്രാന്‍സിസ് പെഷവാറിലെ കരച്ചില്‍ കേട്ടു. ഗാസായിലെ വിലാപം കേട്ടു, ഇറാക്കിനെയും സിറിയയെയും ഓര്‍ത്തു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ അനുസ്മരിച്ചു. രോഗികളെ ഓര്‍ത്തു. വിശക്കുന്നവരെ ഓര്‍ത്തു. അങ്ങനെ നന്ദിതരെയും പീഡിതരെയും ഓര്‍മ്മിക്കുന്നതിനുള്ള സമയമാണ് ക്രിസ്തുമസ്. അവഗണിക്കപ്പെടുന്നവരെയും അഭയാര്‍ത്ഥികളെയും ഓര്‍മ്മിക്കുന്നതിനുള്ള സമയമാണ് ക്രിസ്തുമസ്സ്. പാവങ്ങളെയും രോഗികളെയും ഓര്‍മ്മിക്കുന്നതിനുള്ള സമയമാണത്. പാപ്പായുടെ സന്ദേശം ലോകത്തിന് സ്വീകര്യമാകുന്നത് ഈ ഓര്‍മ്മകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഹൃദയത്തിന്‍റെ ഭാഷ സാര്‍വ്വത്രികമാണ്. ബാബേലില്‍ ഭാഷകല്‍ ഭിന്നിപ്പിനു കാരണമായി. ജരൂസലേമിലെ പെന്തക്കൂസ്തയില്‍ സമസ്തഭാഷകളും സംശ്ലേഷിതമായി. അത് ഹൃദയത്തിന്‍റെ ഭാഷയായി. ആ ഭാഷയിലാണ് വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ച 80,000-ല്‍ ഏറെ വന്ന ജനസഞ്ചയത്തോട് പാപ്പാ സംസാരിച്ചത്. അതുകൊണ്ടാണ് റോമാ നഗരത്തോടു മാത്രമല്ല, ലോകത്തോടു മുഴുവനുമായുള്ള സന്ദേശമായി അത് മാറിയത്.

ക്രിസ്തുമസ്സിന്‍റെ സന്ദേശം ഭാഷകള്‍ക്ക് അതീതമാണ്. ‘ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം,’ എന്ന ആശംസകേട്ടാല്‍ ആരുടെ മനസ്സും ആര്‍ദ്രമാകും. ആര്‍ദ്രതയാണ് ക്രിസ്തുമസ്സിന്‍റെ ആഹ്ലാദം. വിശുദ്ധമായ രാത്രിയുടെ നിശ്ശബ്ദതയില്‍ തോക്കുകള്‍ നിശ്ശബ്ദമാകും. അങ്ങനെ ഒരനുഭവം ഒന്നാം ലോകമഹായുദ്ധത്തിലെ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായി. ബ്രിട്ടന്‍റെയും ജര്‍മ്മനിയുടെയും സൈനികര്‍ മുഖാമുഖം നിലക്കുന്ന സമരമുഖത്താണ് ആ അത്ഭുതം സംഭവിച്ചത്. ജര്‍മ്മന്‍ ക്യാമ്പില്‍നിന്നും ഉയര്‍ന്ന ക്രിസ്തുമസ് ഗാനത്തിന്‍റെ സാന്ദ്രത ബ്രിട്ടീഷ് പീരങ്കികളുടെമേല്‍ സമാധാനത്തിന്‍റെ പട്ടു പുതപ്പിച്ചു. അതിര്‍ത്തിയിലെ യുദ്ധത്തിന്‍റെ അടയാളങ്ങള്‍ അപ്രത്യക്ഷമായി. ജര്‍മ്മനും ഇംഗ്ലിഷും ചേര്‍ന്ന മനോഹരമായ പെന്തക്കൂസ്താനുഭവം, ക്രിസ്തുമസ്സിന്‍റെ സമാധാനാനുഭവം യുദ്ധത്തിന് അപ്രഖ്യാപിതമായ അവധിപ്രഖ്യാപിച്ചു. അതായിരുന്നു 1914-ലെ ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന ക്രിസ്തുമസ് യുദ്ധവിരാമം. വിയറ്റ്നാം യുദ്ധം മൂര്‍ദ്ധന്യത്തില്‍നില്ക്കുമ്പോഴും ക്രിസ്തുമസിന് അവധിയുണ്ടായിരുന്നു.
ഇന്ന് കാലം മാറി. പവിത്രമായ ബലിപ്പെരുന്നാളിനുപോലും ആയുധം താഴെവയ്ക്കാന്‍ ഇറാക്കിലെയും സിറിയയിലെയും ശിരച്ഛേദകര്‍ക്കു കഴിഞ്ഞില്ല. അത് വിദ്വേഷത്തിന്‍റെ കൊടുംമുടിയില്‍ അവര്‍ നടത്തുന്ന ബലിയാണ്. അവരെ പിന്‍തിരിപ്പിക്കാന്‍ ആകാശത്ത് കര്‍ത്താവിന്‍റെ ദൂതനുണ്ട്. പക്ഷെ അവര്‍ അത് കേള്‍ക്കുന്നില്ല. വാനമേഘത്തുനിന്നുമുള്ള സമാധാനത്തിന്‍റെ ശബ്ദമാണ് വത്തിക്കാനില്‍ കേട്ടത്. അവിടെനിന്നല്ലാതെ മറ്റൊരിടത്തുനിന്നും സമാധനകാഹളം കേള്‍ക്കുന്നില്ല.

ലോകമെമ്പാടുമുള്ള വത്തിക്കാന്‍ റേഡിയോ ശ്രോതാക്കള്‍ക്ക് ക്രിസ്തുമസ്സിനാളിന്‍റെയും നവവത്സരത്തിന്‍റെയും ആശംസകള്‍ നേരുന്നു!
- ഡോ. സെബാസ്റ്റൃന്‍ പോള്‍







All the contents on this site are copyrighted ©.