2014-12-18 16:14:38

എബോള ബാധിത രാജ്യങ്ങളില്‍
പാപ്പായുടെ സാന്ത്വനമെത്തി


18 ഡിസംബര്‍ 2014, റോം
എബോള ബാധിത രാജ്യങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനമെത്തി.
നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും ‘കാര്‍ത്താസ്’ ഉപവി പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളും ചേര്‍ന്ന് പശ്ചിമാഫ്രിക്കയിലെ എബോളാ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസാമീപ്യവും സഹായവും അവിടങ്ങളിലെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയതെന്ന് വത്തി്കാകന്‍റെ ദിനപത്രം L’Oservatore Romano വെളിപ്പെടുത്തി.

പാപ്പായുടെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഡിസംബര്‍
16, 17 തിയതികളില്‍ പശ്ചിമാഫ്രിക്കയിലെ സിയറാ ലയോണെ, ഗ്വീനിയ എന്നീ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായെന്നും വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോ അറിയിച്ചു.

വേദനിക്കുന്ന രാഷ്ട്രങ്ങളോടും അവിടുത്തെ ജനങ്ങളോടുമുള്ള സഭയുടെ ഐക്യാദാര്‍ഢ്യവും പിന്‍തുണയും അറിയിക്കുയാണ് സന്ദര്‍ശനലക്ഷൃമെന്ന് ഡിസംബര്‍ 18-ാം തിയതി പാപ്പായുടെ പ്രതിനിധിയായി ലൈബീരിയായും സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

6500-ഓളം ആഫ്രിക്കയിലെ സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച എബോളാ വസന്ത ഇനിയും പശ്ചമാഫ്രിക്കയില്‍ പേടിസ്വപ്നമാണെന്നും, ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങളാണ് കൂടുതല്‍ ഈ രോഗത്തിന് അടിമകളാകുന്നതെന്നും ലൈബീരിയായില്‍നിന്നും കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ വത്തിക്കാന്‍റെ പത്രത്തിലൂടെ അറിയിച്ചു.
രോഗബാധിതരായും രോഗാവസ്ഥയില്‍ നിരീക്ഷണ വിധേയരായും ഇനിയും 18000 വ്യക്തികള്‍ പശ്ചിമാഫ്രിക്കിയില്‍ ഉണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അറിയിച്ചു.

വ്യവസായങ്ങളും വിവിധ പൊതുമേഖല സ്ഥാപനങ്ങളും എബോള പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് അടച്ചപൂട്ടപ്പെട്ടുവെന്നും, തൊഴിലില്ലായ്മ പട്ടിണി, എന്നിയുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടടെന്നു കര്‍ദ്ദിനാള്‍ നിരീക്ഷിച്ചു. രോഗം വളര്‍ത്തിയ ഇല്ലായ്മയുടെ പ്രത്യാഘാതമായി വിവിധ അധിക്രമങ്ങളും, മോഷണം, പിടിച്ചുപറി പോലുള്ള മറ്റു തിന്മകളും ഈ മേഖലയില്‍ ധാരളമായി തലപൊക്കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാല്‍ ടേര്‍ക്സണ്‍ വത്തിക്കാന്‍റെ പത്രത്തിനു നല്കിയ പ്രസ്താവനയില്‍ വിവരിച്ചു.









All the contents on this site are copyrighted ©.