2014-12-11 20:03:14

റോമിലെ ഒഎസ്ജെ ഇടവക
പാപ്പാ സന്ദര്‍ശിക്കുമെന്ന്
ഫാദര്‍ ജോണ്‍ ആട്ടുള്ളി


11 ഡിസംബര്‍ 2014, റോം
റോമിലെ ഒഎസ്ജെ ഇടവക പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുമെന്ന്,
ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സഭയുടെ വികാരി ജനറള്‍,
ഫാദര്‍ ജോണ്‍ ആട്ടുള്ളി അറിയിച്ചു.

Oblates of St. Joseph, ഒഎസ്ജെ സന്ന്യാസസഭയുടെ റോമില്‍ ഔറേലിയായിലെ ജനറലേറ്റിനോടു ചേര്‍ന്നുള്ള ഇടവക ഡിസംബര്‍ 14-ാം തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നതെന്ന് ഫാദര്‍ ജോണ്‍ ആട്ടുള്ളി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

റോമാ രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ പാപ്പായുടെ ഔദ്യോഗികമായ സന്ദര്‍ശനമാണിതെന്നും, ഓഎസ്ജെ സഭയുടെ ജനറലേറ്റ് പാപ്പാ സന്ദര്‍ശിക്കുന്നില്ലെന്നും ഫാദര്‍ ആട്ടുള്ളി വ്യക്തമാക്കി.

പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് കാറില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഇടവകയിലെത്തുന്ന പാപ്പായെ മതബോധന ക്ലാസിലെ കുട്ടികളും മാതാപിക്കളും അവരുടെ അദ്ധ്യാപകരും ഇടവകവികാരി, ഫാദര്‍ മൈക്കിള്‍ പീസ്ക്കോപായും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ഫാദര്‍ ആട്ടുള്ളി പറഞ്ഞു.

കഴിഞ്ഞൊരു വര്‍ഷത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും പാപ്പാ ആശീര്‍വ്വദിക്കും. തുടര്‍ന്ന് അവിടെ എത്തിച്ചിട്ടുള്ള ഇടവകയിലെ രോഗികളെ പാപ്പാ സന്ദര്‍ശിക്കും. ഇടവകാതിര്‍ത്തിയിലുള്ള 600-ഓളം പാവപ്പെട്ട കുടുബങ്ങളുടെ പ്രതിനിധികളുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തുന്നുണ്ടെന്നും
ഫാദര്‍ ആട്ടുള്ളി അറിയിച്ചു.

പിന്നെ കുര്‍ബ്ബാനയ്ക്കുമുന്‍പ് അരമണിക്കൂര്‍ സമയം പാപ്പാ ജനങ്ങളുടെ കുമ്പസാരം കേള്‍ക്കുവാന്‍ ഇരിക്കുമെന്നും, അതിനുശേഷം 5 മണിക്കാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി.

ദിവ്യബലിയ്ക്കുശേഷം ഇടവകയിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങുന്നതെന്നും ഫാദര്‍ ആട്ടുള്ളി അറിയിച്ചു.

റോമാ രൂപതയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജോസഫ് ബര്‍ത്തേലോ, ഒഎസ്ജെ സഭയുടെ ജനറല്‍ മിഖേലേ പീസ്ക്കോപ്പോ, സ്ഥലത്തെ വികാരി ഫാദര്‍ ജോസഫ് ലായ് എന്നിവര്‍ പാപ്പായുടെ ദിവ്യബലിയിലെ സഹകാര്‍മ്മികരായിരിക്കുമെന്നും ഫാദര്‍ ആട്ടുള്ളി പറഞ്ഞു.








All the contents on this site are copyrighted ©.