2014-12-11 19:55:51

ദൈവസ്നേഹത്തിന്‍റെ
പ്രഘോഷകരാകണം കുടുബങ്ങള്‍


11 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 10-ാം തിയതി ബുധനാഴ്ച കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയായ്ക്ക് അയച്ച കത്തിലാണ് പാപ്പാ ഇങ്ങനെ പ്രതിപാദിച്ചത്.

അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ സംഗമിക്കാന്‍ പോകുന്ന 8-ാം മത് ആഗോള കുടുംബ സമ്മേളനത്തിന് ഒരുക്കമായിട്ടാണ് സംഗമത്തെയും അതിന്‍റെ സംഘാടകരെയും അഭിസംബോധനചെയ്യുന്ന പ്രത്യേക കത്ത് ആര്‍ച്ചുബിഷപ്പ് പാലിയ വഴി പാപ്പാ അയച്ചത്.

‘സ്നേഹത്തിന്‍റെ വിളിയും ദൗത്യവുമുള്ള കുടുംബങ്ങള്‍,’ എന്ന ആപ്തവാക്യവുമായി 2015 സെപ്തംബര്‍ 22-മുതല്‍ 27-വരെ തിയതികളിലാണ് കുടുംബങ്ങലുടെ ലോക സമ്മേളനം ഫിലാഡെല്‍ഫിയയില്‍ അരങ്ങേറുന്നത്.

ഗാര്‍ഹിക ജീവിതത്തിന്‍റെ മാനുഷികവും ആത്മീയവുമായ ബലതന്ത്രം സ്നേഹമാണെന്നും, ലോകമനഃസ്ഥിതി വ്യക്തിമാഹാത്മ്യ വാദത്തിന്‍റെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും സുഖലോലുപതയുടെയും പിന്‍പേ പായുമ്പോള്‍ കുടുംബങ്ങളില്‍ തെളിയേണ്ട സ്നേഹവെളിച്ചമാണ്
ഇന്നിന്‍റെ ലോക ഗതിവിഗതികളെ നയിക്കേണ്ടതെന്നും കത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വസ്തമായതും സ്നേഹമുള്ളതുമായ കുടുംബങ്ങള്‍ ജീവനോടുള്ള തുറവ്,
കൂട്ടായ്മ, കരുണ, പങ്കുവയ്ക്കല്‍ ഐക്യദാര്‍ഢ്യം എന്നിവയുടെ സ്രോതസ്സായിരിക്കണമെന്നും കത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവജനത്തിനും ഗാര്‍ഹികസഭയ്ക്കും ഒരുപോലെ മാര്‍ഗ്ഗദീപമാകേണ്ട തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ മുന്നേറുവാനും ജീവിക്കുവാനും കുടുംബങ്ങള്‍ക്കും അജപാലകര്‍ക്കും, സഭാപ്രസ്ഥാനങ്ങള്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ കത്ത് ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.