2014-12-10 18:15:26

സാധാരണ സിനഡിനുള്ള
ആലോചനപത്രിക വിതരണംചെയ്തു


10 ഡിസംബര്‍ 2014, വത്തിക്കാന്‍
മെത്രന്മാരുടെ സാധാരണ സിനഡ് സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ വത്തിക്കാന്‍ ആരംഭിച്ചു.
സമകാലീന ലോകത്തും സഭയിലും കുടുംബങ്ങളുടെ വിളിയും ദൗത്യവും (vocation and mission of the family in the church and in the contemporary world) എന്ന വിഷയം ആധാരമാക്കി സമ്മേളിക്കുവാന്‍ പോകുന്ന മെത്രാന്മാരുടെ 14-ാമത് സാധാരണ സിനഡു സമ്മേളനത്തിനുള്ള പ്രവര്‍ത്തനരേഖ lineamenta ഒരുക്കുന്നതിനുള്ള ആലോചനാപത്രിക ദേശീയ മെത്രാന്‍ സമിതികള്‍ക്കും, വിവിധ പൗരസ്ത്യ സഭാസമൂഹങ്ങള്‍ക്കും, വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങള്‍ക്കും അയച്ചതായി സിനഡിന്‍റെ സെക്രട്ടേറിയേറ്റ് ഡിസംബര്‍ 9-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ആലോചനകളുടെ ഫലപ്രാപ്തി 2015 ഏപ്രില്‍ 15-നു മുന്‍പായി വത്തിക്കാനിലെ സിനഡ് ഓഫീസില്‍ എത്തിരിക്കേണ്ടതാണെന്നും 2015, ഒക്ടോബര്‍ 4-മുതല്‍ 15-വരെ തിയതികളിലാണ് മെത്രാന്മാരുടെ 14-ാമത് സാധാരണ സിനഡു സമ്മേളനം വത്തിക്കാനില്‍ സംഗമിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.

2014 ഒക്ടോബറില്‍ സമാപിച്ച മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിന്‍റെ തീര്‍പ്പുകള്‍ക്കൊപ്പം (relatio Synodi), പ്രാദേശീകവും ദേശീയവുമായ പ്രസക്തിയുള്ള ചോദ്യങ്ങളുമാണ് അടുത്ത സിനഡു സമ്മേളനത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനരേഖയ്ക്കു സഹായമാകേണ്ട് ആലോചനയ്ക്ക് നല്കിയിരിക്കുന്നത്.

ദൈവത്തിന്‍റെ രക്ഷാകര പദ്ധതയില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് കാലികമായി നിര്‍വ്വചിക്കുവാനുള്ള ശ്രമമാണ് രണ്ടു സിനഡുസമ്മേളനങ്ങളും. യഥാര്‍ത്ഥത്തില്‍ ചുറ്റും കാണപ്പെടുന്നതും, എന്നാല്‍ ഇനിയും വ്യക്തമാക്കപ്പെടേണ്ടതുമായ കുടുംബങ്ങളുടെ സുവിശേഷം സംബന്ധിച്ച് സമൂഹത്തില്‍ നിലനില്ക്കുന്ന അന്തരങ്ങളും വൈരുദ്ധ്യങ്ങളും ഇല്ലായ്മ ചെയ്യുകയാണ് ആസന്നമാകുന്ന സാധാരണ സിനഡിന്‍റെ ലക്ഷൃമെന്നും സെക്രട്ടേറിയേറ്റിന്‍റെ പ്രസ്താവന വ്യക്തമാക്കി.

സഭ പഠിപ്പിക്കുന്ന കുടുബങ്ങളെക്കുറിച്ചുള്ള സത്യത്തിനും, അിതന്‍റെ മനോഹാരിതയ്ക്കും അപ്പുറമുള്ള അവരുടെ മുറിവുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി, എന്നാല്‍ സവിശേഷമൂല്യങ്ങള്‍ അവഗണിക്കാതെ, അവരെ ക്രിസ്തുവിന്‍റെ കരുണയോടും ക്ഷമയോടും കൂടെ പിന്‍തുണയ്ക്കണമെന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന കാഴ്ചപ്പാടെന്ന് സിനഡിന്‍റെ സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവന വ്യക്തമാക്കി. കുടുംബങ്ങളുടെ മുറിവുകള്‍ ഉണക്കുകയെന്നത് ക്രൈസ്തവജീവിതം പക്വമാര്‍ജ്ജിക്കാന്‍ അജപാലകര്‍ നല്കേണ്ട പിന്‍തുണയുടെ ഭാഗമാണ്. അതിന്‍റെ പ്രകടവും പ്രായോഗികവുമായ വശങ്ങളാണ് വിവാഹക്കേസുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നത്.
അതുപോലെ സ്വവര്‍ഗ്ഗരതിയില്‍ വീഴുന്നവരെ അവഗണിക്കാതെയും, അവരെക്കുറിച്ച് അറിവില്ലായ്മ നടിക്കാതെയും അജപാലന ശുശ്രൂഷയുടെ അനുകമ്പാര്‍ദ്രമായ വീക്ഷണത്തിലൂടെ സുവിശേഷവെളിച്ചത്തിലേയ്ക്ക് അവരെയും ആനയിക്കണമെന്നത് സഭയുടെ നവമായ ലക്ഷൃമാണ്.
കൂദാശകളുടെ ശുശ്രൂഷയിലും പരികര്‍മ്മത്തിലും വിവാഹമോചിതരും പുനര്‍വിവാഹിതരുമായവരുടെ കാര്യത്തില്‍ യുക്തമല്ലാത്തതും അനാവശ്യവുമായ വിലക്കുകള്‍ നീക്കുവാനുള്ള പരിശ്രമവും സിനഡിന്‍റെ അംഗീകാരം തേടുന്ന സഭയുടെ നവമായ കാഴ്ചപ്പാടാണ്. ജീവന്‍റെ പരിരക്ഷണത്തിന്‍റെ മേഖലയിലും സിനഡിന്‍റെ ആലോചനകള്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. വര്‍ദ്ധിച്ച ജനസംഖ്യാ വ്യാതിയാനത്തിലും ജീവനോടുള്ള സമീപനത്തിലും പൊതുവായ ധാര്‍മ്മിക മനഃസാക്ഷി നിലനിര്‍ത്തണമെന്ന് സിനഡ് നിഷ്ക്കര്‍ഷിക്കുന്നു. ഒപ്പം ക്രൈസ്തവ ധാര്‍മ്മികതയില്‍ അടിയുറച്ചു ജീവിച്ചുകൊണ്ട് കുടുംബങ്ങളിലൂടെ വിശ്വാസപ്രചാരണം ഇനിയും യാഥാര്‍ത്ഥ്യമാക്കണമെന്ന ലക്ഷൃത്തോടെയാണ് സിനഡിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്ന് ആസന്നമാകുന്ന മെത്രാന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിന്‍റെ ആലോചനാ പത്രിക (consulations in prepartion for the Lineamenta) വെളിപ്പെടുത്തുന്നുണ്ട്.








All the contents on this site are copyrighted ©.