2014-12-10 18:45:19

സമര്‍പ്പിതരുടെ വര്‍ഷാചരണത്തിന്
പിഒസിയിലൊരു തുടക്കം


10 ഡിസംബര്‍ 2014, കൊച്ചി
ഡിസംബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലെയായിരുന്നു കേരളസഭയുടെ പിഒസിയിലെ കാര്യാലയത്തില്‍ പ്രാദേശിക സഭയിലെ മൂന്നു റീത്തുകളിലുമുള്ള സന്ന്യസ്തരുടെ വര്‍ഷാചരണത്തിന് പ്രത്യേക തുടക്കം കുറിച്ചത്.

കേരളത്തിലെ മൂന്നു റീത്തുകളിലെയും മെത്രാന്മാരുടെ സാന്നിദ്ധ്യത്തില്‍, സന്ന്യാസസഭകളുടെ ജനറല്‍-പ്രവിന്‍ഷ്യല്‍ സുപ്പീരിയേഴിസിന്‍റെ സംയുക്തസമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി സമര്‍പ്പിതരുടെ വര്‍ഷം ഉത്ഘാടനംചെയ്തു.

നവംബര്‍ 30-ാം തിയതി, ആഗമനകാലത്തിലെ ആദ്യവാരത്തില്‍ വത്തിക്കാനില്‍ തുടക്കമിട്ട സന്ന്യസ്തരുടെ വര്‍ഷാചിരണത്തിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിലെ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സന്ന്യസ്തരുടെ വര്‍ഷത്തിന് കേരളസഭയില്‍ തുടക്കമിടുന്നതെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉദ്ഘാടനച്ചടങ്ങില്‍ പരാമര്‍ശിച്ചു.

കേരളത്തിനും ഭാരതത്തിനും മാത്രമല്ല, ലോകമെമ്പാടും നിറഞ്ഞുനില്ക്കുന്ന കേരളത്തിലെ സന്ന്യസ്തരുടെ സമര്‍പ്പണ സാന്നിദ്ധ്യത്തെ ബലപ്പെടുത്തുന്ന വര്‍ഷമാവട്ടെ, 2016 ഫെബ്രുവരി
2-ാം തിയതിയിലെ സമര്‍പ്പണ തിരുനാള്‍വരെ നീണ്ടുനില്ക്കുന്ന സന്ന്യസ്ത വര്‍ഷാചരണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി ആശംസിച്ചു.

കേരള കത്തോലിക്കാ സഭയിലെ മെത്രാന്മാരം സന്ന്യാസ സഭാ സമൂഹങ്ങളിലെ ജനറല്‍മാരും പ്രവിഷ്യല്‍മാരും അല്മായ പ്രതിനിധികളുമായി 400-ലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി, പിഓസി ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.










All the contents on this site are copyrighted ©.