2014-12-10 18:23:47

ഡിജിറ്റല്‍ ശൃംഖലയില്‍
പതിയിരിക്കുന്ന
കുട്ടികള്‍ക്കുള്ള കെണി


10 ഡിസംബര്‍ 2014, റോം
ഡിജിറ്റല്‍ ശൃംഖല കുട്ടികള്‍ക്ക് അപകടകരമാണെന്ന്, കുട്ടികളുടെ പീഡിനങ്ങള്‍ക്കെതിരായ ആഗോള പ്രസ്ഥാനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫോര്‍ത്തുനാത്തോ ദി നോത്തോ പ്രസ്താവിച്ചു.

സൈബര്‍ ശൃംഖല കുട്ടികളുടെ ജീവിതത്തില്‍ ചെലുത്തുന്ന വിപരീത സ്വാധീനത്തെക്കുറിച്ച് ഡിസംബര്‍ 9-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടന്ന ഏകദിന സമ്മേളനത്തിലാണ് ഫാദര്‍ നോത്തോ ഇങ്ങനെ പ്രസ്താവിച്ചത്.

നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ സൈബര്‍ ലോകം ഉണര്‍ത്തുന്ന ബാലപീഡനത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും കഥകള്‍ ഫാദര്‍ നോത്തോ ഉദാഹരണത്തോടെ പുറത്തുകൊണ്ടുവന്നു.

ഉത്തരവാദിത്വപൂര്‍ണ്ണമല്ലാതെ, അപഹാസ്യമായും അലക്ഷൃമായും ആധുനിക മാധ്യമങ്ങള്‍ വിരിക്കുന്ന വന്‍കെണിയില്‍ നിര്‍ദ്ദോഷികളായ ധാരാളം കുഞ്ഞുങ്ങള്‍ ഇരകളാക്കപ്പെടുന്നുണ്ടെന്ന് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡോണ്‍ നോത്തോ സമ്മേളനത്തെ ബോധ്യപ്പെടുത്തി.

ആക്ഷേപഹാസ്യം, അപവാദം, ഭീഷണി, കിംവദന്തികള്‍, ദുഷ്പ്രചരണം എന്നിവ സൈബര്‍ ലോകത്ത് ആധുനിക മാധ്യമശൃംഖലയിലൂടെ ഇടംതേടുമ്പോള്‍ അവയുടെ നിറപ്പകിട്ടില്‍ വശ്യരാക്കപ്പെടുന്ന കുട്ടികളും യുവാക്കളും ഏറെ കബളിപ്പിക്കപ്പെടുകയും അധാര്‍മ്മികതയുടെ കയത്തിലേയ്ക്ക് ചെറുപ്രായത്തിലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നുണ്ടെന്നും സമ്മേളനം വിലയിരുത്തി.

നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് പ്രസിഡന്‍റ് കാര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ നേതൃത്വം നല്കി. കുട്ടികളുടെ ധാര്‍മ്മിക കാര്യങ്ങള്‍ക്കായുള്ള ഫ്രഞ്ച് സര്‍ക്കാരിന്‍റെ അന്തര്‍ദേശിയ പ്രസ്ഥാനവും സമ്മേളനത്തില്‍ സജീവമായി സഹകരിച്ചുവെന്ന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.