2014-12-10 18:09:13

കര്‍ദ്ദിനാള്‍ മെഹിയാ അന്തരിച്ചു
പാപ്പാ അനുശോചിച്ചു


10 ഡിസംബര്‍ 2014, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയ മെഹിയായുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.
അര്‍ജന്‍റീനാ സ്വദേശിയും ബ്യൂനസ് ഐരസ് അതിരൂപതാംഗവുമായ കര്‍ദ്ദിനാള്‍ മെഹിയാ ഡിസംബര്‍ 9-ാം തിയതി ചൊവ്വാഴ്ചയാണ് 91-ാമത്തെ വയസ്സില്‍ റോമില്‍ അന്തരിച്ചത്.

കര്‍ദ്ദിനാള്‍ മെഹിയായുടെ നിര്യാണത്തില്‍ അര്‍ജന്‍റീനായിലെ വിശ്വാസികളെയും, വിശിഷ്യ ബ്യൂനസ് ഐരസിലെ ജനങ്ങളെയും സന്ദേശത്തിലൂടെ അനുശോചനം അറിയിച്ച പാപ്പാ, അദ്ദേഹത്തിന്‍റെ നീണ്ട സഭാസേവനത്തിന് ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതായും പ്രസ്താവിച്ചു.

വിശ്രമജീവിതം നയിക്കവെ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസ് അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മെഹിയാ അന്തരിച്ചത്.

കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറി പദവി ഉള്‍പ്പെടെ രണ്ടു പതിറ്റാണ്ടു കാലം, വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളില്‍ കര്‍ദ്ദിനാള്‍ മെഹിയാ സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്.
കര്‍ദ്ദിനാല്‍ മെഹിയായുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 208-ായി കുറയുകയാണ്. അതില്‍ 112-പേര്‍ 85-വയസ്സിനു താഴെ സഭാകാര്യങ്ങളില്‍ വേട്ടവകാശമുള്ളവരും, ബാക്കി 96-പേര്‍ പ്രായപരിധി കഴിഞ്ഞ് വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.
കര്‍ദ്ദിനാള്‍ മേഹിയായുടെ അന്തിമോപചാര ശുശ്രൂഷകള്‍ക്ക്
പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്ക്കുമെന്ന്, ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിയിച്ചു..

അന്തിമോപചാര ശുശ്രൂഷ:
ഡിസംബര്‍ 11-ാം തിയതി വ്യാഴാച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കുകയും, തന്‍റെ നാട്ടുകാരനും പ്രേഷിതരംഗത്തെ സുഹൃത്തും തീക്ഷ്ണമതിയായ സഭാശുശ്രൂഷകനുമായിരുന്ന കര്‍ദ്ദിനാല്‍ മെഹിയായ്ക്ക് അന്ത്യമൊഴിചൊല്ലുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

അന്തിമോപചാര ശുശ്രൂഷയ്ക്ക് ആമുഖമായി കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബസിലിക്കയിലെ ശ്രേഷ്ഠഇരിപ്പിടത്തിന്‍റെ, അല്ലെങ്കില്‍ പത്രോസിന്‍റെ പരമാധികാരത്തിന്‍റെ അള്‍ത്താരയില്‍ പരേതന്‍റെ ആത്മശാന്തിക്കായി ദിവ്യബലിയര്‍പ്പിക്കപ്പെടുമെന്നും, കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളും വത്തിക്കാന്‍ കാര്യാലയങ്ങളുടെ പ്രതിനിധികളും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരീയ മെഹിയാ:
1923-ല്‍ ബ്യൂനസ് ഐരസില്‍ ജനിച്ചു.
1945-ല്‍ വൈദികനായി.
ബൈബിള്‍ പണ്ഡിതനായിരുന്ന അദ്ദേഹം, രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ വിദഗ്ദ്ധനും ഉപദേശകനുമായി പങ്കെടുത്തു.
1978-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചാപ്ലിനായി നിയമിതനായി.
1986-ല്‍ മെത്രാനും വത്തിക്കാന്‍റെ നീതിന്യായ കമ്മിഷന്‍റെ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1994-ല്‍ മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെയും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെയും സെക്രട്ടറിയായി നിയുക്തനായി.
1998-ല്‍ വത്തിക്കാന്‍ ലൈബ്രറിയുടെയും രഹസ്യരേഖാശേഖരത്തിന്‍റെ സൂക്ഷിപ്പുകാരനായും സേവനംചെയ്തു.
2003-ല്‍ ഔദ്യോഗിക പദവികളില്‍നിന്നും വിരമിച്ചു.
വിശ്രമജീവിതം നിയക്കവെ 2013 മാര്‍ച്ചു 13-ാം തിയതി രൂപതാംഗം കര്‍ദ്ദിനാള്‍ ഹോര്‍ഹ് മാരിരോ ബര്‍ഗോളിയോ പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസം, കര്‍ദ്ദിനാള്‍ മെഹെയ്ക്ക് ഹൃദായാഘാതമേറ്റിരുന്നു.









All the contents on this site are copyrighted ©.