2014-12-08 19:45:45

സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവ തിരുനാളില്‍
പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു


8 ഡിസംബര്‍ 2014, റോം
റോമിലെ അമലോത്ഭവ നാഥയുടെ തിരുനാളിന് മാറ്റുക്കൂട്ടിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യമായിരുന്നു. വൈകുന്നേരം നാലു മണിക്ക് വത്തിക്കാനില്‍നിന്നും ചെറിയ കാറില്‍ യാത്രചെയ്ത് 5 കി.മി. അകലെയുള്ള സ്പാനിഷ് ചത്വരത്തിലെത്തി റോമാ നഗരവാസികളുടെ പുരാതനമായ അമലോത്ഭവതിരുനാളില്‍ പാപ്പാ പങ്കെടുത്തു.
പതിവിലും കൂടുതല്‍ ജനങ്ങള്‍ പാപ്പായ്ക്കൊപ്പമുള്ള തിരുനാള്‍ പ്രാര്‍ത്ഥനയ്ക്കായ് കാത്തുനിന്നു. ധാരാളം രോഗികളും സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവനാഥയുടെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയിരുന്നു. സ്വന്തമായി രചിച്ചുണ്ടാക്കിയ അമലോത്ഭവനാഥയോടുള്ള പ്രാര്‍ത്ഥനായായിരുന്നു ഇക്കുറി പാപ്പായുടെ ഓഹരി. ദേവമാതാവിന്‍റെ ലുത്തീനിയ പാടി, ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ച പാപ്പാ സമാപനാശീര്‍വ്വാദം നല്കി. പിന്നെ അധികം സമയവും രോഗികളെ സന്ദര്‍ശിക്കുന്നതിനായി ചിലവഴിച്ചു. റോമാ നഗരത്തിന്‍റെ മേയര്‍ ഇഗ്നാസിയോ മരീനോ, റോമാ രൂപതയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി എന്നിവരുമായും പാപ്പാ സംവദിച്ചു. ചത്വരം നിറഞ്ഞുനിന്ന ജനാവലിയെ പാപ്പാ അഭിവാദ്യംചെയ്തും ആശീര്‍വ്വദിച്ചും കാറില്‍ വത്തിക്കാനിലേയ്ക്കു മടങ്ങി.

ചരിത്രസ്മൃതികള്‍ ഉയര്‍ത്തുന്ന റോമിലെ അമലോത്ഭവ തിരുനാള്‍ :
റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് സ്പാനിഷ് ചത്വരം. വിശാലമായ ചത്വരത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് നൂറ്റാണ്ടുകള്‍ പഴക്കുമുള്ള അമലോത്ഭവനാഥയുടെ വെങ്കല പ്രതിമ സ്ഥിതിചെയ്യുന്നു. നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തൂപത്തിലാണ് 18 അടി ഉയരമുള്ള അമലോത്ഭവനാഥയുടെ അതിമനോഹരമായ വെങ്കലശില്പം ഉയര്‍ന്നു നില്ക്കുന്നത്. ചന്ദ്രനെ പാദപീഠമാക്കിയും ഉടയാടയണിഞ്ഞും കിരീടമായ് ശിരസ്സില്‍ 12 നക്ഷത്രങ്ങളും ചൂഴുന്നുനില്ക്കുന്ന അനുപമയായ അമ്മ, നസ്രത്തിലെ മറിയം പാപരഹിതയാണെന്ന് പ്രഖ്യാപിക്കുന്നതാണ് അമലോത്ഭവ സത്യം. ക്രിസ്തുവിന്‍റെ അമ്മ അമലോത്ഭവയാണ് എന്നു പഠിപ്പിക്കുന്ന വിശ്വാസസത്യം പ്രഖ്യാപിക്കപ്പെട്ടത് 1854 –മാണ്ട് ഡിസംബര്‍
8-ാം തിയതിയാണ്. Ineffabilis Deus – ‘ഏറ്റവും സമുന്നതാനായ ദൈവം’ എന്നു തുടങ്ങുന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഭാഗ്യ സ്മരണാര്‍ഹനായ
9-ാം പിയൂസ് പാപ്പയാണ് അമലോത്ഭവ സത്യം പ്രഖ്യാപിച്ചത്. ഈ ചരിത്രസംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായി ദൈവമാതൃഭക്തനായ സ്പെയിനിലെ അന്നത്തെ രാജാവാണ് അമലോത്ഭവ നാഥയുടെ സ്മരണാര്‍ത്ഥം ഈ അത്യപൂര്‍വ്വസ്തൂപം റോമിലെ സ്പാനിഷ് ചത്വരത്തില്‍ പണികഴിപ്പിച്ചത്. വത്തിക്കാനിലേയ്ക്കുള്ള സ്പെനിന്‍റെ സ്ഥാനപിതയുടെ മന്ദിരം അക്കാലത്തു മാത്രമല്ല, ഇന്നും സ്ഥിതിചെയ്യുന്നത് സ്പാനിഷ് ചത്വരത്തിലാണ്. അതുപോലെ തന്നെ വത്തിക്കാന്‍റെ വിശ്വസപ്രചാരണ സംഘത്തിന്‍റെ കാര്യാലയത്തിന്‍റെയും ഉമ്മറത്താണ് സ്പാനിഷ് ചത്വരം. 1857-ലെ അമലോത്ഭവ നാളില്‍ 9-ാം പിയൂസ് പാപ്പാ തന്നെ അമലോത്ഭനാഥയുടെ മനോഹരമായ
ഈ സ്മാരകം ഉത്ഘാടനം ചെയ്യുകയുണ്ടായി.

സ്വര്‍ഗ്ഗത്തിലേയ്ക്ക് കരങ്ങള്‍ ചൂണ്ടിനില്ക്കുന്ന കന്യകാനാഥയുടെ വെങ്കല പ്രതിമയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ സ്തൂപത്തിന്‍റെ കീഴ്ത്തട്ടും കലാപരവും വാസ്തു ഭംഗിയുള്ളതുമാണ്. മോസസ്, ഏശയാ, ദാവീദ് എന്നിങ്ങനെ രക്ഷയുടെ ചരിത്രത്തില്‍ ക്രിസ്തുവോടും മറിയത്തോടും ചേര്‍ന്നുനില്ക്കുന്ന വ്യക്തിത്വങ്ങളാണ് അമലോത്ഭവ സ്തൂപത്തിന്‍റെ പാദപീഠമായി.


റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള അതിവിശിഷ്ടമായ ഇറ്റാലിയന്‍ കലാചാതുരിയുടെ ദൃശ്യാവിഷ്ക്കാരം അതിന്‍റെ തികവിലെത്തുന്നത് എല്ലാവര്‍ഷവും ഡിസംബര്‍ 8-ാം തിയതിയാണ്. അന്നേദിവസം ദൈവമാതാവിന്‍റെ അമലോത്ഭവ മഹോത്സവം ആഘോഷിക്കാന്‍ റോമാവാസികള്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരും, റോമാ രൂപതയുടെ മെത്രാനും ആഗോളസഭയുടെ അദ്ധ്യക്ഷനുമായ പാപ്പായും സ്പാനിഷ് ചത്വരത്തില്‍ എത്തിച്ചേരുന്നു. അമലോത്ഭവ തിരുസ്വരൂപത്തിന്‍റെ പാദപീഠങ്ങളില്‍ പുഷ്പാര്‍ച്ചനയ്ക്കായി പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പാ എത്തുന്നത് റോമിലെ അമലോത്ഭവ മഹോത്സവത്തിന്‍റെ ചരിത്രപരമായ സവിശേഷതയാണ്. പാപ്പാ നയിക്കുന്ന സായാഹ്ന പ്രാര്‍ത്ഥനാശുശ്രൂഷയും വചനചിന്തയും റോമിന് അനുഗ്രഹദായകമെന്ന് നഗരവാസികള്‍ വിശ്വസിക്കുന്നു. പാപ്പായുടെ സാന്നിദ്ധ്യത്തിലുള്ള പ്രാര്‍ത്ഥനയില്‍ ആത്മനിര്‍വൃതിയോടെ പങ്കെടുത്ത് അമലോത്ഭവനാഥയുടെ അനുഗ്രഹം നേടാനായി ആബാലവൃന്ദം ജനങ്ങള്‍ സ്പാനിഷ് ചത്വരത്തിലെത്തുന്നു. മാത്രമല്ല കുടുംബങ്ങളിലെ രോഗികളെയും പ്രായമായവരെയും അതില്‍ പങ്കെടുപ്പിക്കുന്ന പതിവുമുണ്ട്. ശുശ്രൂഷയുടെ അന്ത്യത്തില്‍ പാപ്പാ ഹ്രസ്വമായ ധ്യാനചിന്ത പങ്കുവയ്ക്കാറുണ്ട്. രോഗികളെ സന്ദര്‍ശിച്ച് പാപ്പാ അവരെ ആശീര്‍വ്വദിക്കുന്നതും തിരുനാള്‍ ശുശ്രൂഷയുടെ ഭാഗമാണ്.

റോമിലെ ഫയര്‍ ഫോര്‍സില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി പ്രത്യേക ക്രെയിനിന്‍റെ സഹായത്തോടെ ഉയര്‍ന്നുപൊങ്ങി നൂറടിയിലും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമലോത്ഭവ സ്വരൂപത്തിന്‍റെ വലതുകൈയ്യില്‍ പാപ്പായുടെ നാമത്തില്‍ വെളുത്ത ഓര്‍ക്കിഡ് പുഷ്പചക്രം സമര്‍പ്പിച്ചുകൊണ്ടാണ് റോമാനഗരത്തിന്‍റെ അമലോത്ഭത്തിരുനാളിന് തുടക്കമാകുന്നത്.

റോമിന്‍റെ മേയറും, അതുപോലെ മറ്റു നാഗരാധിപന്മാരും ഉദ്യോഗസ്ഥരും സകുടുംബം പ്രാര്‍ത്ഥനാശുശ്രൂഷ്യില്‍ പങ്കെടുക്കുന്നതും പാപ്പായെ അഭിവാദ്യംചെയ്യുന്നതും തിരുനാള്‍ക്രമത്തിന്‍റെ ഭാഗമാണ്. 1958-മുതല്‍ എല്ലാ പാപ്പാമാരും മുടങ്ങാതെ സംബന്ധിക്കുന്ന റോമാനഗരത്തിന്‍റെ അമലോത്ഭവത്തിരുനാളില്‍ ഈ വര്‍ഷം ഡിസംബര്‍ 8-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം
4 മണിക്ക് പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു.








All the contents on this site are copyrighted ©.