2014-12-05 17:02:43

വഴിയൊരുക്കുവിന്‍ ഹൃദയമൊരുക്കുവിന്‍
ആഗമനകാലം രണ്ടാം വാരം


RealAudioMP3
വിശുദ്ധ മാര്‍ക്കോസ് 1, 1-8
ദൈവപുത്രനായ ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം. ഇതാ, നിനക്കു മുന്‍പേ ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. അവിടുന്ന് നിന്‍റെ വഴി ഒരുക്കും. മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം. കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ അവിടുത്തെ പാത നേരെയാക്കുവിന്‍, എന്ന ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാം പ്രസംഗിച്ചുകൊണ്ട് സ്നാപക യോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. യൂദയാ മുഴുവനിലെയും ജരൂസലേമിലെയും ജനങ്ങള്‍ അവന്‍റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദ്ദാന്‍ നദിയില്‍വച്ചു സ്നാനം സ്വീകരിച്ചു. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്‍റെ ഭക്ഷണം. അവന്‍ ഇപ്രകാരം ഉദ്ഘോഷിച്ചു. എന്നെക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവിടുത്തെ ചെരിപ്പിന്‍റെ വള്ളികള്‍ അഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കും സ്നാനം നല്‍കും.

മുംബൈ സന്ദര്‍ശിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന ശ്രദ്ധേയമായ വാസ്തുകാരമാണ് the Gateway of India, വാസ്തുചാതുരി നിറഞ്ഞ വലിയ കമാനം. ഇന്ത്യയുടെ പശ്ചിമതീരത്ത് കപ്പലില്‍ എത്തുന്നവര്‍ ആദ്യം കണ്‍കുളിര്‍ക്കെ കാണുന്നതും, അവരെ വരവേല്‍ക്കുന്നതും ഇന്നും തലയെടുപ്പോടെ നില്ക്കുന്ന കമാനമാണ്. ഇംഗ്ലണ്ടിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവും, രാജ്ഞി മേരിയും ബ്രിട്ടീഷ് ഭാരണകാലത്ത്, അതായത് 1911-ല്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരെ രാജകീയമായി സ്വീകരിക്കാന്‍വേണ്ടി ബ്രിട്ടീഷ് രാജ് പണിതീര്‍ത്തതാണീ പടുകൂറ്റന്‍ സ്മാരക കമാനം.
മെത്രാനോ മന്ത്രിയോ നമ്മുടെ നാട്ടിലെത്തുമെന്നറിഞ്ഞാല്‍, പിന്നെ പറയാനില്ല. അവരെ സ്വീകരിക്കാന്‍ പടുകൂറ്റന്‍ കമാനങ്ങളും, ബാനറുകളും ഉയര്‍ത്തുന്ന പതിവ് നമ്മുടെ അജപാലന മേഖലയ്ക്ക് അരങ്ങും, സര്‍വ്വ സാധാരണവുമായിരിക്കുന്നു. ഇനി, മുഖ്യമന്ത്രിയോ ഏതെങ്കിലും രാഷ്ട്ര പ്രധാനിയോ ആണ് വരുന്നതെങ്കില്‍ കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡുകളും വഴികളും നിരപ്പാക്കപ്പെടുന്നു, നേരെയാക്കപ്പെടുന്നു. അണഞ്ഞു കിടക്കുന്ന വഴിവിളക്കുകള്‍ ഏറെ നാളുകള്‍ക്കു ശേഷം കണ്ണുചിമ്മുന്നു. കൊടിതോരണങ്ങള്‍ ഉയരുന്നു. പിന്നെ എന്തെല്ലാം ഒരുക്കങ്ങളാണ്, കോലാഹലങ്ങളാണ്.
ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്നതും രക്ഷാകര ചരിത്രത്തിലെ വരവേല്പിന്‍റെ പ്രത്യേക സാഹചര്യമാണ്. “ദൈവരാജ്യം സമീപസ്ഥമാകയാല്‍ അനുതപിക്കുക, അണിഞ്ഞൊരുങ്ങുക, വഴികള്‍ നേരെയാക്കുക,” എന്ന സ്നാപകയോഹന്നാന്‍റെ വാക്കിനെ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം, ഇതാ, മറ്റൊരു ക്രിസ്തുമസ് സമീപസ്ഥമായിരിക്കുന്നു. അനുതപിക്കുക. അനുതപച്ച് രമ്യതപ്പെട്ടാല്‍ ഹൃദയങ്ങളിലും ജീവിതങ്ങളിലും ക്രിസ്തുവിനെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും.

‘കര്‍ത്താവിനു വഴിയൊരുക്കുക.’ അതായതത്, തിന്മയില്‍നിന്ന് പിന്തിരിയുകയാണ് ആദ്യത്തെ ഒരുക്കം. അനുതാപമാണ് ആദ്യപടി. ‘അനുതപിക്കുക’ എന്നതിനുള്ള ഗ്രീക്കുപദം metanoia എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ മറുവശത്തേയ്ക്കു പോകുക. To cross over എന്നാണര്‍ത്ഥം. മറുകണ്ടം ചാടുക. ‘U’ turn എന്നു പറയാം. മറുവശത്തു ചെന്നു നോക്കുമ്പോള്‍ ഇടതുഭാഗത്തായിരുന്നത് വലതുഭാഗത്തായും, വലതുവശത്തായിരുന്നത് ഇടതുവശത്തായും കാണാം. അതുവരെ തെറ്റായിരുന്നത് ഇപ്പോള്‍ ശരിയാണ്. ശരിയായിരുന്നത് ഇപ്പോള്‍ തെറ്റെന്നും ബോധ്യപ്പെടും. അപരന്‍റെ പക്ഷംചേരുക, പിന്നെ അവിടെനിന്നു നോക്കുമ്പോള്‍ അത് നന്മയുടെ കാഴ്ചപ്പാടായിരിക്കും, ദൈവിക കാഴ്ചപ്പാടായിരിക്കും.

രണ്ടാമതായി, പശ്ചാത്താപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. ജീവിതവീക്ഷണത്തില്‍ വന്ന മാറ്റം പ്രവൃത്തിയില്‍ പ്രകടിപ്പിക്കുക. You should be just, you should live justly. നീതിമാന്മാരായിരുന്നാല്‍ പോരാ, നീതിയോടെ ജീവിക്കണം. നീതിയ്ക്കു ചേരുന്ന പ്രവൃത്തികള്‍ നമ്മില്‍നിന്നും ഉണ്ടാകണമെന്നു സാരം. ഒരുങ്ങിയിരിക്കുന്ന ഹൃദയങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും ക്രിസ്തു കടന്നുവരുന്നു. കാരണം, വഴി ഒരുങ്ങി കഴിഞ്ഞു. ഊടുവഴികള്‍ നിരപ്പായിരിക്കുന്നു. നമ്മുടെ ജീവിതപാത നേരെയാണെങ്കില്‍, തിന്മയുടെ ഊടുവഴികള്‍ നന്മയുടെ നിരപ്പാതകളായി രൂപാന്തരപ്പെടുമെങ്കില്‍ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കും, നമ്മുടെ ചെറുജീവിതകുടിലുകളില്‍ അവിടുന്നു വന്നു വാഴും.

രണ്ടു സുവിശേഷകന്മാരില്‍ വിശുദ്ധ മത്തായിയിലും, വിശുദ്ധ മാര്‍ക്കോസിലും കാണുന്ന ദൈവരാജ്യത്തിന്‍റെ പ്രഘോഷണത്തിന് അല്പം അന്തരമുണ്ട്. ‘അനുതപിക്കുക. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു’ എന്ന് മത്തായി വിവരിക്കുമ്പോള്‍, മാര്‍ക്കോസില്‍ ഒരട്ടിമറിയാണ് കാണുന്നത്. ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കുക.’

പഴയനിയമത്തിന്‍റെ ഫോര്‍മുലയാണ് മത്തായി ഉപയോഗിക്കുന്നത്.
പ്രവാചക ശൈലിയാണത്. അനുതപിക്കുന്നവര്‍ക്ക് ദൈവരാജ്യം അഥവാ ദൈവം സമീപസ്ഥനാണ്. ‘അനുതപിക്കുക’ എന്ന വ്യവസ്ഥ വിശുദ്ധ മത്തായി ആദ്യം പറഞ്ഞിരിക്കുന്നു. വിശുദ്ധ മാര്‍ക്കോസിലാകട്ടെ, വ്യവസ്ഥകളൊന്നുമില്ല. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവസ്നേഹം ഇതാ, പ്രവഹിക്കുന്നു, നിര്‍ഗ്ഗളിക്കുന്നു. ആ സ്നേഹത്തിന്‍റെ കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ദൈവസ്നേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ല.
ദൈവത്തിന്‍റെ സ്നേഹസ്പര്‍ശത്തില്‍, അവിടുത്തെ കൃപാസ്പര്‍ശത്തില്‍ മനുഷ്യമനസ്സുകളുടെ മാനസാന്തരം യാഥാര്‍ത്ഥ്യമാകുന്നു, എന്നാണ് മാര്‍ക്കോസ് വിവക്ഷിക്കുന്നത്.

ഡിസംബറിലെ പരീക്ഷയ്ക്ക് പഠിക്കാന്‍ തെല്ലുനേരത്തേ എഴുന്നേറ്റ് പുസ്തകം തുറന്നുവച്ച് മടിച്ചിരിക്കുമ്പോള്‍ മകര മഞ്ഞുവീണ നാട്ടുവഴികളില്‍നിന്ന് ശരണംവിളികള്‍ നന്നേ വെളുപ്പിനേ കേള്‍ക്കാറുണ്ട്. കറുത്തവേഷ്ടി ചുറ്റി, ശിരസ്സില്‍ ഇരുമുടിക്കെട്ടുമായി മലയ്ക്കുപോകുന്ന സ്വാമികള്‍! ഒരാത്മീയ സ്പര്‍ശത്തില്‍ അറിയാതെ കരങ്ങള്‍ കൂപ്പി നാമും നിന്നുപോകും. ഇരുമുടിക്കെട്ടിന്‍റെ പൊരുള്‍ പിന്നീടാണ് മനസ്സിലായത്. രണ്ടു കെട്ടുകളാണവിടെ - ചെറിയകെട്ട് സുകൃതങ്ങളുടേത്, വലുത് അറിഞ്ഞും അറിയാതെയും ചെയ്തുപോയ അപരാധങ്ങളുടേത്. നരജന്മ നിയോഗത്തിന്‍റെ ഒരപൂര്‍വ്വ ചാരുതയുള്ള ചിത്രമാണിത്, ചിന്തയാണിത്. ഇടര്‍ച്ചകളുടെ താഴ്വാരങ്ങളില്‍നിന്ന്, പുണ്യപാപങ്ങളുടെ അദൃശ്യമായ കെട്ടുമുറുക്കി ദൈവദര്‍ശനത്തിന്‍റെ മല ചവിട്ടാന്‍ കൊതിക്കുന്ന എളിയ മനുഷ്യമനസ്സുകളുടെ തീര്‍ത്ഥയാത്രയാണ്, തീര്‍ത്ഥാടനമാണ്. ആഗമനകാലത്തിന്‍റെ ആദ്യദിനങ്ങളില്‍ കര്‍ത്താവിന് വഴിയൊരുക്കാന്‍ ‘താഴ്വാരങ്ങള്‍ ഉയര്‍ത്തണം,’ എന്ന സ്നാപകയോഹന്നാന്‍റെ പ്രബോധനം ശ്രവിക്കുമ്പോള്‍, പുലരിമഞ്ഞിന്‍റെ വ്രതശുദ്ധിയുമായി നടന്നു നീങ്ങുന്ന അനുതാപികളുടെ കൂട്ടം, സ്വാമികളുടെ കൂട്ടം ഗൃഹാതുരതയോടെ കണ്‍മുന്‍പിലെത്തുന്നു.

മലയെന്നും മനുഷ്യന്‍റെ ഏറ്റവും പവിത്രമായ സ്വപ്നമാണ് - ദൈവത്തിന്‍റെ വിശുദ്ധഗിരികള്‍! മോശയ്ക്ക് അത് സീനായ്, ക്രിസ്തുവിന് അത് താബോര്‍, ഫ്രാന്‍സിസിന് അത് അല്‍വേര്‍ണാ, ജോണ്‍ ഓഫി ദി ക്രോസിന് കാര്‍മ്മല്‍, നരേന്ദ്ര സ്വമികള്‍ക്ക് ഋഷികേശ്, രാമണ മഹര്‍ഷിക്ക് തിരുവണ്ണാമല...
എന്തിന് മലയാളികള്‍ക്ക് മലയാറ്റൂരും, ശബരിഗിരിയും.....
ഈ മലയില്‍നിന്നെല്ലാം ചില നേരങ്ങളില്‍ മനസ്സ് പടിയിറങ്ങിപ്പോകുമ്പോള്‍ അതിനെ പാപമെന്ന് വിളിക്കുന്നു. എപ്പോഴോ ദൈവത്തില്‍നിന്ന് ഇടറിപ്പോയ ആത്മാവ് നിലവിളിക്കുന്നു – “അഗാധത്തില്‍നിന്നു നിന്നെ വിളിക്കുന്നു ഞാന്‍. ദൈവമേ, എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ...,” എന്ന് സങ്കീര്‍ത്തകന്‍ വിലപിക്കുന്നത്, എന്‍റെതന്നെ വിലാപമാണ് (സങ്കീര്‍ത്തനം 130, 1).

താഴ്വാരം കാല്പനികതയുടെ മനോഹരമായ ഒരടായാളമാണ്. മഞ്ഞുവീണ താഴ്വാരം, എന്നു കേള്‍ക്കുമ്പോള്‍തന്നെ മനസ്സില്‍ കുളിരു വീശുന്നുണ്ട്. എന്നാല്‍, ബൈബിള്‍ ഭാഷ്യത്തില്‍ അത് തെറ്റുചെയ്തവന്‍ അനുഭവിക്കുന്ന ആന്തരിക വ്യഥയാണ്. ഇരുളുവീണ താഴ്വാരമെന്നും, മരണത്തിന്‍റെ ഗര്‍ത്തമെന്നുമൊക്കെ വായിക്കുമ്പോള്‍ അത് ഒരാത്മാവ് കടന്നുപോകുന്ന വേദനയില്‍ വിറങ്ങലിച്ച നിമിഷങ്ങളുടെ അക്ഷരസാക്ഷൃമാണ്. പാപത്തെക്കുറിച്ച് ഇങ്ങനെയും നിര്‍വ്വചനമുണ്ട് – sin is a descending process. പാപം താഴ്വാരങ്ങളിലേയ്ക്കുള്ള പടിയിറക്കമാണ്, താലഉുപോലാണ്, മുങ്ങിപ്പോകലാണ്. പാപത്തിന്‍റെ നിമിഷങ്ങളില്‍ ഓരോ ചുവട് താഴോട്ടാണ്. ധൂര്‍ത്തപുത്രന്‍റെ കഥയെടുക്കുക. അത് താഴോട്ട് ചായുന്ന ഗ്രാഫിന്‍റെ സൂചനതന്നെ. ആദ്യം പിതാവിന്‍റെ സ്നേഹവലയത്തില്‍നിന്ന് പടിയിറങ്ങുന്ന മകന്‍ പിന്നെ സ്നേഹിതരുടെ സ്നേഹിതീരങ്ങളിലേയ്ക്ക് എത്തിപ്പെടുന്നു. പിന്നെ അവിടെന്നിന്നും, അപരിചിതരിലേയ്ക്ക്..... കഥ അവസാനിക്കുമ്പോള്‍ അയാള്‍ പന്നിക്കൂട്ടത്തിലാണ്. ഓരോ നിമിഷവും ഓരോ പടവ് താഴോട്ട്, താഴോട്ട് പോകുന്നു. sin shall shrink you always.
പാപം എപ്പോഴും എന്നെ ചെറുതാക്കുകയാണ്, ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യമോ വൈരൂപ്യമോ അജ്ഞതയോ അല്ല മനുഷ്യനെ ചെറുതാക്കുന്നത്. ഇടറിപ്പോയ നിമിഷങ്ങളാണ്, പാപനിമിഷങ്ങളാണ്.

ദൈവരാജ്യത്തിന്‍റെ ഭാഗമായിരിക്കാന്‍ നമുക്ക് അനുതാപത്തോടെ ക്രിസ്തുമസ്സിന് ഒരുങ്ങാം. ക്രിസ്തുവിന്‍റെ മിഴികളില്‍ നോക്കി ഉയര്‍ത്തെഴുന്നേല്‍ക്കുവാനും, ഉയര്‍ന്നുനില്ക്കുവാനുള്ള ആത്മവിശ്വാസമാണ് വിശുദ്ധി. നമ്മുടെ ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി തുറക്കാം.
അവിടെ അവിടുത്തെ വരവേല്‍ക്കാന്‍ വിശുദ്ധിയുടെയും നന്മയുടെയും സുന്ദരകവാടങ്ങള്‍ ഉയര്‍ത്താം. അങ്ങനെ ആത്മാവിന്‍റെ ആഴങ്ങിലേയ്ക്ക് ഇങ്ങിച്ചെല്ലുവാനും ക്രിസ്തുവിനെ
ഈ ക്രിസ്തുമസ്സില്‍ വീണ്ടും സ്വീകരിക്കുവാനും ആഗമനകാലം നമ്മെ സഹായിക്കട്ടെ.

നാം ശ്രവിക്കുന്ന ഗാനം ആലീന ആലപിച്ചതാണ്. രചനയും സംഗീതവും സണ്ണിസ്റ്റീഫന്‍.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച ആഗമനകാലം രണ്ടാം വാരത്തിലെ സുവിശേഷചിന്തകളാണ്








All the contents on this site are copyrighted ©.