2014-11-30 13:00:14

ജീവനെതിരായ അധിക്രമങ്ങള്‍ക്ക് നല്കുന്ന
മതാത്മകമായ ന്യായീകരണം അപലപനിയം


30 നവംബര്‍ 2014, തുര്‍ക്കി
തുര്‍ക്കി സന്ദര്‍ശനത്തിന്‍റെ പ്രഥമദിനം നവംബര്‍ 29-ാം തിയതി വെള്ളിയാഴ്ച അങ്കാറിലെ ഡയനറ്റ്, ഇസ്ലാമിക കേന്ദ്രത്തില്‍വച്ച് മദ്ധ്യപൂര്‍വ്വദേശത്തെ മതനേതാക്കളുടെ മഹാസംഗമത്തെ അഭിസംബോധനചെയ്തുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം:

വിശ്വാസത്തിലുള്ള വൈവിധ്യങ്ങള്‍ക്കുമപ്പുറവും മതങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും നിലനിര്‍ത്താനാവുമെന്ന് ആമുഖമായി പ്രസ്താവിച്ചുകൊണ്ടാണ് ഇസ്ലാം, ക്രൈസ്തവ മതങ്ങളുടെ തലവന്മാരെയും പ്രവര്‍ത്തകരെയും ഡയനെറ്റില്‍ പാപ്പാ അഭിസംബോധനചെയ്തത്. ലോകം ഇന്ന് മതത്തിന്‍റെ പേരില്‍ അപകടകരമായ സംര്‍ഷത്തിലും അസ്വസ്ഥതയിലും എത്തിനില്ക്കുമ്പോള്‍ മതനേതാക്കളുടെ ഈ ഒത്തുചേരല്‍ പ്രത്യാശപകരുന്നതും ധൈര്യം പകരുന്നതുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ആയരിക്കണക്കിന് മനുഷ്യരെ മതത്തിന്‍റെ പേരില്‍ കൊന്നൊടുക്കുയും പീഡിപ്പിക്കുകയും നാടുകടത്തുകയും, ദാരിദ്ര്യത്തിലും കഷ്ടതയിലും ആഴ്ത്തുകയും ചെയ്യുക മാത്രമല്ല, പ്രകൃതിയെയും പരിസഥിതയെയും താറുമാറാക്കുന്ന വിധത്തിലുള്ള യുദ്ധത്തിന്‍റെയും, വംശീയ കലാപങ്ങളുടെയും, അഭ്യന്തര പ്രശ്നങ്ങളുടെയും, അസ്വസ്ഥമാക്കുന്ന കരിപടലത്തിലാണ് ഈ പ്രദേശത്ത് ജനങ്ങള്‍ ജീവിക്കുന്നതെന്ന കാര്യം
ഖേദപൂര്‍വ്വം പാപ്പാ പരാമര്‍ശിച്ചു.

മദ്ധ്യപൂര്‍വ്വദേശത്തെ, വിശിഷ്യാ ഇറാക്കിലെയും സിറിയയിലെയും സാധാരണ ജനങ്ങളുടെ ജീവിത പരിസരങ്ങള്‍ പരിതാപകരമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഒരു മൗലികവാദി സംഘടനയുടെ ധിക്കാരപരമായ പെരുമാറ്റത്തില്‍ രാഷ്ട്രങ്ങളും ജനസമൂഹങ്ങളുമാണ് – ക്രൈസ്തവര്‍ മാത്രമല്ല യാസ്ദി മുസ്ലിം ന്യൂനപക്ഷങ്ങളും അമാനുഷികമായ അധിക്രമങ്ങള്‍ക്കാണ് വിധേയരായി ജീവിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ വിശ്വാസത്തെപ്രതി സാധാരണക്കാരായ ജനങ്ങള്‍ എല്ലാം ഉപേക്ഷിച്ചവരാണെന്നും, ചരിത്ര സ്മാരകങ്ങളും, പ്രാര്‍ത്ഥനാലയങ്ങളും വിദ്യാലയങ്ങളും, വിലപ്പെട്ട കലാ-സാംസ്ക്കാരിക ശേഖരങ്ങളും വിശ്വാസരേഖകളും കലാപത്തിന്‍റെയും തീവ്രവാദത്തിന്‍റെയും ക്രൂരതയില്‍ നശിപ്പിക്കപ്പെടുന്നത് സമ്മേളനത്തെ പാപ്പാ ചൂണ്ടിക്കാട്ടി. മതനേതാക്കളെന്ന നിലയില്‍ നേതൃസ്ഥാനത്തിരിക്കുന്നവരാകയാല്‍, എല്ലാത്തരം അധിക്രമങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും സ്വരമുയര്‍ത്തുവാന്‍ കടമയുണ്ടെന്ന് പാപ്പാ സമ്മേളനത്തെ അനുസ്മരിച്ചു.

ദൈവികദാനമായ മനുഷ്യജീവന് ദിവ്യവും ഭവ്യവുമായ സ്വഭാവവും മൂല്യവും തനിമയുമുണ്ട്. എന്നാല്‍ തല്‍സ്ഥാനത്ത്, ജീവനെതിരായ അധിക്രമങ്ങള്‍ക്ക് മതാത്മകമായ ന്യായീകരണം നല്കുകയാണെങ്കില്‍ അതിനെ, ഏതു മതത്തില്‍പ്പെട്ടവരായാലും ശക്തമായി അപലപിക്കേണ്ടതാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. കാരണം, സര്‍വ്വശക്തനായ ദൈവം ജീവന്‍റെയും സമാധാനത്തിന്‍റെയും ദാതാവാണ്, ശ്രോതസ്സാണ്.

അവിടുത്തെ ആരാധിക്കുകയും, അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്ന സകലരും, അവരുടെ മത-സാംസ്ക്കാരിക-വംശീയ-താത്വിക വൈവിധ്യങ്ങള്‍ക്ക് അതീതമായി സമാധാനത്തിന്‍റെ പ്രായോക്താക്കളാകേണ്ടവരാണെന്നും, സഹോദരങ്ങളായി ഭൂമുഖത്തു വസിക്കേണ്ടവരാണെന്നും പാപ്പാ സമര്‍ത്ഥിച്ചു. ഒപ്പം ശരിയായ പ്രതിവിധി കണ്ടെത്തണമെങ്കില്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, അതിനായി ഉത്തരവാദിത്വപ്പെട്ട - അധികാരത്തിലുള്ള എല്ലാവരുടെയും – ഭരണകൂടങ്ങളുടെയും, രാഷ്ട്രീയ-മതനേതാക്കളുടെയും, സമൂഹപ്രതിനിധികളുടെയും, നന്മനസ്സുള്ള സകലരുടെയും, വിശിഷ്യ മതനേതാക്കളുടെ സഹകരണം ആവശ്യമാണെന്നും പാപ്പാ പ്രസ്താവിച്ചു.

പിന്നെ നന്മയുടെ മേഖലയില്‍ പൊതുവായ പൈതൃകമുള്ള ക്രൈസ്തവ-ഇസ്ലാം സമൂഹങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ തുടര്‍ന്ന് ഇങ്ങനെ പ്രസ്താവിച്ചു – കാരുണ്യവാനും സര്‍വ്വനന്മയുമായ ദൈവത്തില്‍ വിശ്വസിക്കുന്നവരും പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ പിതൃത്വം ആശ്ലേഷിക്കുന്നവരും .... പ്രാര്‍ത്ഥന, ദാനം, ഉപവാനം എന്നീ സല്‍പ്രവൃത്തികളിലൂടെ ജീവിതപരിവര്‍ത്തനം ആര്‍ജ്ജിക്കുകയും, മനുഷ്യാന്തസ്സില്‍ അധിഷ്ഠിതമായ വിശ്വസാഹോദര്യത്തിന് അടിത്തറപാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സംഘര്‍ഷഭൂമിയില്‍നിന്നും ജീവരാക്ഷാര്‍ത്ഥം കുടികേറുന്ന ജനങ്ങളെ സ്നേഹത്തോടും സാഹോദര്യത്തോടുംകൂടെ സ്വീകരിക്കുന്ന തുര്‍ക്കിയിലെ ജനങ്ങളെ പാപ്പാ അഭിനന്ദിച്ചു. അതുപോലെ യഥാര്‍ത്ഥമായ സംവാദത്തിന്‍റെയും സന്മനസ്സിന്‍റെയും പ്രത്യാശപൂര്‍ണ്ണമായ സമാധാനയജ്ഞനത്തിന്‍റെയും പ്രതീകമായി വത്തിക്കാന്‍റെ മതാന്തരസംവാദ സംഘവും ‘ഡയനെറ്റും’ പരസ്പരം പുലര്‍ത്തുന്ന സൗഹൃദബന്ധത്തെ പാപ്പാ ശ്ലാഘിക്കുകയും, ലോകത്തെ ഇനിയും സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും സമൃദ്ധിയുടെയും പാതിയില്‍ നയിക്കാന്‍ ഈ ഉദ്യമങ്ങള്‍ പ്രേരകമാവട്ടെ, എന്ന് ആശംസിച്ചുകൊണ്ട്, പാപ്പാ വേദിയില്‍നിന്നും വിടവാങ്ങി.








All the contents on this site are copyrighted ©.