2014-11-27 19:20:51

സഭയുടെ അജപാലന
മനഃസ്ഥിതിയില്‍
മാറ്റമുണ്ടാകണം


27 നവംബര്‍ 2014, വത്തിക്കാന്‍
വന്‍നഗരങ്ങളിലെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തെ നവംബര്‍
27-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വന്‍നഗരങ്ങളും ജനസഞ്ചയങ്ങളും വളരുമ്പോള്‍ നവമായ അജപാലന മനഃസ്ഥിതിയോടെ നഗരമദ്ധ്യത്തിലേയ്ക്ക് അജപാലകര്‍ ഇറങ്ങിചെല്ലേണ്ട കാലമായെന്ന് ആമുഖമായി പാപ്പാ സമര്‍ത്ഥിച്ചു.

ഗലീലിയ വിട്ട്, സമറിയായിലും യൂദയായിലും ജരൂസലേമിലും ചെന്ന് സകലരോടും ദൈവരാജ്യം പ്രഘോഷിക്കുവാനും സംവദിക്കുവാനുമുള്ള സ്നേഹതൃഷ്ണ പ്രകടമാക്കിയ ക്രിസ്തുവിനെ അനുകരിച്ച് ആധുനിക നഗരങ്ങളിലേയ്ക്ക് സുവിശേഷവുമായി ഇറങ്ങി പുറപ്പെട്ടാല്‍ നവസുവിശേഷവത്ക്കരണത്തിന്‍റെ മാത്രമല്ല, സഭൈക്യത്തിന്‍റെയും,
മതാന്തരസംവാദത്തിന്‍റെയും നവമായ മാനങ്ങള്‍ തുറക്കാന്‍ ഇന്നത്തെ അജപാലകര്‍ക്ക് സാധിക്കുമെന്ന് പാപ്പാ തന്‍റെതന്നെ ജീവിതാനുഭവത്തില്‍നിന്നും പങ്കുവച്ചു.
1. നവമാനവികതയുടെ നഗരങ്ങളില്‍ പ്രതിഫലിക്കുന്ന ബഹുമുഖ സാംസ്ക്കാരികത,
2. നഗരങ്ങളിലോ, എവിടെയായാലും മനുഷ്യഹൃദയങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ഒടുങ്ങാത്ത ദൈവവിചാരവും മതാത്മകതയും,
3. നഗരവീഥികളിലെ പാവങ്ങളും അവരുടെ ജീവന്‍റെ മൂല്യങ്ങളും - എന്നിങ്ങനെ പാപ്പായുടെ മൂന്നു വ്യക്തിഗതവും തനിമയാര്‍ന്നതുമായ ആശയങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍നിന്നും എത്തിയിട്ടുള്ള അജപാലകരായ പ്രതിനിധികളുമായി പങ്കുവച്ചു.

സമ്മേളനം വിളിച്ചുകൂട്ടുകയും അതിന് നേതൃത്വം നല്കുകയും ചെയ്ത സ്പെയിനിലെ ബാര്‍സിലോണാ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മര്‍ത്തിനെസ് സിസ്റ്റാക്കിന് പ്രത്യേകം പാപ്പാ നന്ദിയര്‍പ്പിച്ചു. നവംബര്‍ 24-ന് ബാര്‍സലോണായില്‍ ആരംഭിച്ച സമ്മേളനം വത്തിക്കാനില്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയോടെയാണ് സമാപിച്ചത്.









All the contents on this site are copyrighted ©.