2014-11-27 17:58:23

വര്‍ത്തമാനകാലത്തില്‍ പ്രത്യാശയോടെ
മുന്നേറണം: പാപ്പായുടെ സുവര്‍ണ്ണലിഖിതം


26 നവംബര്‍ 2014, സ്ട്രാസ്ബര്‍ഗ്
നവംബര്‍ 25-ാം തിയതി ചൊവ്വാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിന്‍റെ സ്മരണാര്‍ത്ഥം യൂറോപ്യന്‍ പാര്‍ളിമെന്‍റ് മന്ദിരത്തിലെ സന്ദര്‍ശകരുടെ സുവര്‍ണ്ണ ഗ്രന്ഥത്തിലാണ് പാപ്പാ ഇങ്ങനെ കുറിച്ചത്.

ഗതകാലം ഭാവിയെ ആശ്ലേഷിക്കാന്‍ വെമ്പല്‍കൊള്ളുമ്പോഴും, ഇന്നില്‍ അല്ലെങ്കില്‍ വര്‍ത്തമാനകാലത്തില്‍ പ്രത്യാശയോടെ ജീവിക്കണമെന്നാണ് സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സ്വന്തം കൈപ്പടയില്‍ പാപ്പാ എഴുതിച്ചേര്‍ത്തത്.

മനുഷ്യനെ മാനിക്കുന്ന വികസനവും സാങ്കേതികതയും അനിവാര്യമാണെങ്കിലും, അതിന് ഇണങ്ങുന്ന മൂല്യങ്ങള്‍ അനുപേക്ഷണീയമാണെന്നും, യൂറോപ്പിനെ ഇന്ന് നിലനിര്‍ത്തുവാനും ഭാവിയിലേയ്ക്ക് നയിക്കുവാനും മനുഷ്യനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനശൈലി അനിവാര്യമാണെന്ന സമര്‍പ്പണവാക്യത്തോടെയാണ് പാപ്പാ തന്‍റെ സുവര്‍ണ്ണ ലിഖിതം ഉപസംഹരിച്ചത്.

പത്രോസിന്‍റെ പിന്‍ഗാമിയുടെ ഏറ്റവും ഹ്രസ്വവും എന്നാല്‍ ചരിത്രപരവുമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ യൂറോപ്യന്‍ യൂണിയന്‍റെ പാര്‍ളിമെന്‍റിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര.
ഒരു മണിക്കൂറും 50 മിറ്റുകളും മാത്രം നീണ്ടുനിന്ന പാപ്പായുടെ സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സമിതിയെയും പാപ്പാ അഭിസംബോധന ചെയ്യുകയുണ്ടായി.

യൂറോപ് വിവിധതരത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടത്തില്‍ പാപ്പായുടെ സന്ദര്‍ശനം യൂറോപ്പിനു മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ക്കു തന്നെ വെളിച്ചംവീശുന്നതും ദിശാബോധം നല്കുന്നതുമായിരുന്നു.








All the contents on this site are copyrighted ©.