2014-11-27 19:42:16

പുതുവീഞ്ഞ് ഉള്‍ക്കൊള്ളാന്‍
പഴയ തോല്‍ക്കുടങ്ങള്‍ ഉപേക്ഷിക്കണം


27 നവംബര്‍ 2014, വത്തിക്കാന്‍
പുതുവീഞ്ഞ് ഉള്‍ക്കൊള്ളാന്‍ കെല്പില്ലാത്ത പഴയതോല്‍ക്കുടങ്ങള്‍ ഉപേക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ നവംബര്‍ 27-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍
അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സഭയെയും സന്ന്യാസജീവിതത്തെയും സംബന്ധിച്ച രണ്ടു പ്രബോധനങ്ങളും – perfectae caritatis, Lumen Gentium 50 വര്‍ഷങ്ങള്‍ പിന്നിട്ട കാലഘട്ടത്തില്‍
‘പുതുവീഞ്ഞും പുതിയ തോല്‍ക്കുടങ്ങളും,’ എന്ന പ്രതിപാദ്യ വിഷയവുമായിട്ടാണ് സന്ന്യസ്തരുടെ കാര്യങ്ങല്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം സംഗമിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ചുവടുപിടിച്ച്, സഭയില്‍ പിന്നെയും വീശുന്ന പരിശുദ്ധാരൂപിയുടെ പരിവര്‍ത്തന കാറ്റിന്‍റെ നവഗതിയില്‍ ചരിക്കാന്‍ ക്രിസ്തുവിന്‍റെ സുവിശേഷവിളിയോട് പ്രത്യുത്തരിച്ചിട്ടുള്ള സകല
സ്ത്രീ-പുരുഷന്മാരോടും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്
പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

നവംബര്‍ 30-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ ഉദ്ഘാടനംചെയ്യപ്പെടുന്ന സന്ന്യസ്തരുടെ വര്‍ഷാചരണത്തിന് ആമുഖമായിട്ടാണ് കര്‍ദ്ദിനാള്‍ ജോസ് ബ്രാസ് ദാ’വിസിന്‍റെ (João Braz de Aviz) നേതൃത്വത്തിലുള്ള സമ്മേളനത്തിലെ പ്രതിനിധികള്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

പഴയ സ്ഥാപനവത്കൃത മനഃസ്ഥിതിയും അതിന്‍റെ സുരക്ഷിതത്വവും സുഖസൗകര്യങ്ങളും വെടിഞ്ഞ്, ദൈവരാജ്യത്തിന്‍റെ പുരോഗതിയില്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്ന മാറ്റങ്ങളോടും മനോഭാവത്തോടും തുറവുള്ളവരായി മുന്നോട്ട് ചരിക്കുവാനും സുവിശേഷാധിഷ്ഠിതമായ ജീവിക്കുവാനും സന്ന്യസ്തര്‍ സന്നദ്ധരാവണണെന്ന്, സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
ആത്മീയ ജീവിതത്തെ മറന്നുകൊണ്ടുള്ള സ്ഥാപനവത്കൃതവും സ്ഥാപിതവുമായ താല്പര്യങ്ങളും, സംഘടനാക്രമീകരണങ്ങളും അധികാരത്തിന്‍റെ ആശങ്കകളും പാടെ ഉപേക്ഷിക്കുന്നത് നവീകരണത്തിന് അനിവാര്യമാണെന്നും പാപ്പാ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു.
പക്വമാര്‍ന്ന ഫലങ്ങള്‍ പുറപ്പെടുവിക്കത്തക്കവിധം സന്ന്യാസ സ്ഥാനപനങ്ങളെ ഔദാര്യത്തോടും കാര്യക്ഷമതയോടുംകൂടെ സഹായിക്കുവാനും നയിക്കുവാനും സംഘത്തിനും സമ്മേളനത്തിനും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും, സഭാജീവിതത്തിന് നവമായ വീര്യവും ആനന്ദവും പകരുന്ന നറുവീഞ്ഞു പുറപ്പെടുവിക്കുവാന്‍ സന്ന്യാസസ്ഥാപനങ്ങള്‍ക്കും അവയിലെ വ്യക്തി സമര്‍പ്പണത്തിനും സാധിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹിച്ചത്.








All the contents on this site are copyrighted ©.