2014-11-27 18:14:51

പാപ്പാ തെളിക്കുന്ന സമാധാനപാത
യൂറോപ്പിന് പ്രചോദനാത്മകം


26 നവംബര്‍ 2014, ബുഡാപ്പെസ്റ്റ്
പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്ന സമാധാനപാത പ്രചോദനാത്മകമാണെന്ന്, യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ദോ പ്രസ്താവിച്ചു.

നവംബര്‍ 25-ാം ചൊവ്വാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള യൂറോപ്യന്‍ യൂണിയന്‍റെ പാര്‍ളിമെന്‍റിലും യൂറോപ്യന്‍ കമ്മറ്റി ആസ്ഥാനത്തും നടത്തിയ പ്രഭാഷണങ്ങളെ അധികരിച്ചു സംസാരിക്കവേയാണ് പാപ്പാ ഫ്രാന്‍സിസ് യൂറോപ്പിനു പകര്‍ന്നുനല്കുന്ന നവോന്മേഷത്തെക്കുറിച്ച് ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഏര്‍ദോ ഇങ്ങനെ പ്രസ്താവിച്ചത്.

യൂറോപ്പിന്‍റെ നവമായ സാമൂഹ്യ-സാംസ്ക്കാരിക അന്തരീക്ഷത്തില്‍ ചോര്‍ന്നുപോകുന്നെന്ന്, പാപ്പാ ചൂണ്ടിക്കാണിച്ച കുടുംബമൂല്യങ്ങളും, ആത്മീയ ഓജസ്സും, ആദര്‍ശങ്ങളും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നുനിന്നു പരിശ്രമിച്ചാല്‍ വീണ്ടെടുക്കാനാവുമെന്ന്, പാപ്പായ്ക്കൊപ്പം സ്ട്രാസ്ബര്‍ഗിലേയ്ക്ക് യാത്രചെയ്ത കര്‍ദ്ദിനാള്‍ ഏര്‍ദോ അഭിപ്രായപ്പെട്ടു.

യൂറോപ്പിലെ മെത്രാന്‍ സംഘങ്ങള്‍ ഒത്തൊരുമിച്ചു നിന്നുകൊണ്ട് യൂറോപ്യന്‍ കൗണ്‍സിലുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍, പാപ്പാ നിര്‍ദ്ദേശിക്കുന്ന നവീകരണവും നവോന്മേഷവും യൂറോപ്പില്‍ ഊര്‍ജ്ജ്വസ്വലമാക്കാനാവുമെന്ന് കര്‍ദ്ദിനാള്‍ ഏര്‍ദോ പ്രസ്താവിച്ചു.

തങ്ങള്‍ക്കു ലഭിച്ച ഗഹനമായ ചിന്തകള്‍ക്കും പ്രചോദനത്തിനു യൂറോപ്പിലെ സഭ പാപ്പാ ഫ്രാന്‍സിസിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ബുഡാപ്പെസ്റ്റില്‍ നവംബര്‍ 26-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ഏര്‍ദോ കൂട്ടിച്ച‍േര്‍ത്തു.









All the contents on this site are copyrighted ©.