2014-11-26 19:57:21

വന്‍നഗരങ്ങള്‍ ദൈവികകാരുണ്യം
തേടുന്ന ഇടങ്ങളെന്ന്
പാപ്പാ ഫ്രാന്‍സിസ്


26 നവംബര്‍ 2014, വത്തിക്കാന്‍
നഗരങ്ങളിലുള്ളവര്‍ക്ക് ദൈവത്തിന്‍റെ കരുണയുടെ സാമീപ്യം അനുഭവവേദ്യമാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 25-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്ട്രാസ്ബര്‍ഗില്‍നിന്നും തിരിച്ചെത്തിയശേഷം, സ്പേയിനിലെ ബാര്‍സലോണായില്‍ സമ്മേളിച്ച നഗരങ്ങളുടെ അജപാലന ശുശ്രൂഷ സംബന്ധിച്ച ആഗോളസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വന്‍നഗരങ്ങളിലെ സുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള നവമായ പദ്ധതികളെക്കുറിച്ചു പഠിക്കുന്ന സമ്മേളനത്തെ അഭിനന്ദിച്ച പാപ്പാ, ധൃതഗതിയില്‍ ചരിക്കുന്ന നഗരമദ്ധ്യത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന ഏകാന്തതയിലും ദുഃഖത്തിലും, മനഃപതര്‍ച്ചയിലും ദൈവത്തിന്‍റെ സ്നേഹവും കരുണയും അവനു ലഭ്യാമാക്കുന്ന നവമായ പ്രേഷിതത്വത്തിന്‍റെ പ്രായോക്താക്കളാകുവാന്‍ സമ്മേളനത്തിനു സാധിക്കട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.

ബാര്‍സിലോണാ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ലൂയിസ് മര്‍ത്തിനസ് സിസ്റ്റാക്ക് വഴിയാണ് വന്‍നഗരങ്ങളുടെ അജപാലകര്‍ക്കുള്ള സമ്മേളനത്തിന് പാപ്പാ സന്ദേശമയച്ചത്.

സുവിശേഷവത്ക്കരണ പദ്ധതികളെ വിപുലീകരിക്കാന്‍ വേണ്ടിയല്ല നവമായ ഈ പ്രേഷിതത്വം, മറിച്ച് മക്കളുടെ നന്മയില്‍ ശുഷ്ക്കാന്തിയുള്ള അമ്മയെപ്പോലെ വന്‍നഗരങ്ങളിലേയ്ക്കും നഗരപ്രാന്തങ്ങളിലേയ്ക്കും സഭ ഇറങ്ങിച്ചെന്ന് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയരും സമാധാനത്തിന്‍റെയും സന്ദേശം നല്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും നവംബര്‍ 27-വരെ നീണ്ടു നില്ക്കുന്ന സമ്മേളനത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ബാര്‍സിലോണായിലെ ചരിത്രപ്രസക്തവും കലാസമൃദ്ധവുമായ തിരുക്കുടുംബ തീര്‍ത്ഥാടനകേന്ദ്രത്തോട് ചേര്‍ന്നു നടക്കുന്ന സമ്മേളനത്തിന് നസ്രത്തിലെ കുടുംബത്തിന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്നും സന്ദേശത്തിലൂടെ പാപ്പാ ആശംസിക്കുകയുണ്ടായി.









All the contents on this site are copyrighted ©.