2014-11-25 18:19:17

മനുഷ്യന്‍റെ ആത്മീയഭാവം
നിഷേധിച്ചാല്‍
ഭൂമുഖത്തെ അവന്‍റെ കേന്ദ്രസ്ഥാനം
നിഷേധിക്കപ്പെടും


25 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 25-ാം തിയതി ചൊവ്വാഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്തുവച്ച് പാര്‍ളിമെന്‍ററി അംഗങ്ങള്‍ക്കു നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്‍റിനെയും യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രവര്‍ത്തക സമിതിയെയും അഭിസംബോധനചെയ്യുക എന്ന ലക്ഷൃത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അഞ്ചാമത്തെ ഈ അപ്പസ്തോലിക യാത്ര. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യൂറോപ്യന്‍ പാര്‍ളിമെന്‍റിനെ അഭിസംബോധനചെയ്തശേഷം, നീണ്ട 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ്, ലോകഗതിവിഗതികളെ നിയന്ത്രിക്കാനും നയിക്കുവാനും കെല്പുള്ള യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരെയും പ്രതിനിധി സംഘടങ്ങളെയും, യൂറോപ്യന്‍ കമ്മിറ്റിയെയും പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്.
ലോകത്ത് ഇന്ന് ഏറ്റവുമധികം ജനപ്രീതയാര്‍ജ്ജിച്ച ആത്മീയനേതാവും, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനുമായ പാപ്പാ ഫ്രാന്‍സിസ് 50 ശതമാനത്തിലേറെ കത്തോലിക്കരുള്ള യൂറോപ്യരാജ്യങ്ങളെ അഭിസംബോധന ചെയ്യുന്നത് ഏറെ പ്രസക്തമാണെന്ന് പറയേണ്ടതില്ലല്ലോ.
ആത്മീയവും സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ ഏറെ പ്രതിസന്ധികള്‍ നേരിടുന്ന യൂറോപ്യരാജ്യങ്ങള്‍ക്കൊപ്പം, ഇതര ലോക രാഷ്ട്രങ്ങളും ഏറെ പ്രത്യാശയോടും ആകാംക്ഷയോടുംകൂടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്.

ക്ഷണിച്ചതിന് നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്.
യൂറോപ്യന്‍ യൂണിയന്‍റെ സ്ഥാപക പിതാക്കളുടെ ലക്ഷൃം മനുഷ്യവ്യക്തിത്വത്തിലും അന്തസ്സിലും കേന്ദ്രീകൃതമായ യൂറോപ്പ് പടുത്തയര്‍ത്തണമെന്നായിരുന്നു. സമ്പത്തും അധികാരവും കേന്ദ്രീകരിച്ചുള്ള യൂറോപ്പായിരുന്നില്ല. വിശിഷ്യ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, മനുഷ്യാവകാശവും അന്തസ്സും മാനിക്കുന്നതും, ആത്മീയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നതുമായ യൂറോപ്യന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കണം എന്ന ലക്ഷവുമായിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിതമായത് എന്ന വസ്തുത പാപ്പാ ആമുഖമായി സമ്മേളനത്തെ അനുസ്മരിപ്പിച്ചു. മനുഷ്യാന്തസ്സിന്‍റെ ഈ സ്ഥാപകലക്ഷൃം മാനിക്കുന്നതില്‍ ഇന്നും യൂറോപ്യന്‍ യൂണിയന്‍ നിലനിര്‍ത്തുന്ന പതറാത്ത പരിശ്രമങ്ങളെ പാപ്പാ ശ്ലാഘിക്കുകയും അഭിനന്ദിക്കുകയുംചെയ്തു.

എന്നിട്ടും പ്രശ്നങ്ങളുണ്ട് - പ്രായമായവരെ തിരസ്ക്കരിക്കുകയും, പാവങ്ങളെ മാറ്റിനിറുത്തുകയും ചെയ്യുന്ന പ്രവണതകള്‍ തലപൊക്കുന്നുണ്ടെന്നും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും യൂറോപ്പിലും വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഒരു നേരത്തെ ഭക്ഷണത്തിനായി കേഴുന്നവര്‍ ആഗോളതലത്തില്‍ ബഹുഭൂരിപക്ഷമാണെങ്കില്‍ മനുഷ്യാന്തസ്സിനെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ഇനിയും ചിന്തിക്കുകയും ആത്മശോധനചെയ്യുകയും വേണമെന്ന് സമ്മേളനത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യാവകാശത്തെയും, അതിന്‍റെ ലംഘനത്തെയും, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും രാഷ്ട്രങ്ങളുടെ സാമൂഹ്യ-മാനവിക പദ്ധതികളില്‍നിന്നും ഒറ്റപ്പെടുത്തി നിറുത്തുകയും, വിവേചിച്ചു കാട്ടുകയും ചെയ്യുന്ന തെറ്റായ പ്രവണതയും, തെറ്റിദ്ധാരണയും ഇന്ന് നിലനിലക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ സമഗ്ര നന്മയ്ക്ക് അപരിത്യാജ്യമായ ഘടകമായി മനുഷ്യാവകാശവും അന്തസ്സും കാണുവാനും മാനിക്കുവാനും സാധിക്കാത്തതാണ് ഇന്ന് ലോകത്ത് വളര്‍ന്നുവരുന്ന നിരവധി അധിക്രമങ്ങള്‍ക്കും, തിന്മകള്‍ക്കും മൂലകാരണമെന്ന് പാപ്പാ നിരീക്ഷിച്ചു.

മനുഷ്യാന്തസ്സിനെയും ജീവനെയും മറികടക്കുന്ന സാങ്കേതിക മികവും തികവും അപ്രസക്തമാണെന്നും അസ്ഥാനത്താണെന്നും പാപ്പാ എടുത്തുപറഞ്ഞു. ശ്രേഷ്ഠമായ മൂല്യങ്ങള്‍ മാറ്റിവച്ച് സ്ഥാപനവത്കൃതവും- സാങ്കേതികവുമായ മികവിന്‍റെയും മേല്‍ക്കോയ്മയുടെയും മനോഭാവം രാഷ്ട്രങ്ങളില്‍ വളര്‍ന്നുവരുന്നത് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യാന്തസ്സും അവകാശങ്ങളും മൂല്യങ്ങളും ബലികഴിച്ചിട്ട്, സാമ്പത്തിക സാങ്കേതിക മികവും, അതിന്‍റെ സമൃദ്ധിയും രാഷ്ട്രങ്ങള്‍ ലക്ഷൃമിടുന്നത് അപകടകരമാണെന്നും, തേഞ്ഞുതിരൂമ്പോള്‍ വലിച്ചെറിയുന്ന യന്ത്രഭാഗംപോലെ മനുഷ്യവ്യക്തിയെ കാണാനാവില്ലെന്നും, അത് ഇന്നിന്‍റെ ധൂര്‍ത്തിന്‍റെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും നിഷേധാത്മകമായ പ്രവണതകളാണെന്നും പാപ്പാ പ്രസ്താവിച്ചു.

ഇന്ന് യൂറോപ്പില്‍ മാത്രമല്ല, ലോകത്ത് എവിടെയും അറ്റുപോകുന്നു എന്നു തോന്നുന്ന പ്രത്യാശയും പ്രതീക്ഷയും നമുക്ക് തിരിച്ചെടുക്കാനാവും. എങ്ങിനെ....? വിശ്വത്തര കലാകാരന്‍ റഫയേലിന്‍റെ ചുവര്‍ചിത്രം ദൃശ്യമാക്കുന്നതുപോലെ, ഭൂമിയും സ്വര്‍ഗ്ഗവും, മനുഷ്യനും ദൈവവും തമ്മില്‍ നിരന്തരമായി സംവദിക്കുന്ന ഒരു സംസ്കൃതി വളര്‍ത്തിയെടുത്തുകൊണ്ടും, മൂല്യാധിഷ്ഠിതമായ സമൂഹജീവിതത്തെ കരുപ്പിടിപ്പിച്ചുകൊണ്ടുമാണ് മനുഷ്യകുലത്തിനു പ്രത്യാശ പകരേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തോടു തുറവുള്ളവരാണെങ്കില്‍, സ്രഷ്ടാവിനോട് ആത്മീയബന്ധം പുലര്‍ത്താനായാല്‍, പ്രാഗോയികമായി ഭൗമിക പ്രതിസന്ധികളെ നേരിടുവാനുള്ള കെല്പും കഴിവും ലഭിക്കുമെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ഈ ജീവിതത്തിലെ മനുഷ്യന്‍റെ ആത്മീയഭാവം നിഷേധിക്കുന്നത് മനുഷ്യന്‍റെ ഭൂമുഖത്തുള്ള കേന്ദ്രസ്ഥാനംതന്നെ നിഷേധിക്കുന്നതിനു തുല്യമായിരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ടും, അതിനാല്‍ മനുഷ്യന്തസ്സു മാനിച്ചുകൊണ്ടും, ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നതുമായ യൂറോപ്യന്‍ സംസ്ക്കാരം നിലനിര്‍ത്തിക്കൊണ്ടും, അത് കെട്ടിപ്പടുക്കുവാന്‍ പരിശ്രമിച്ചുകൊണ്ടുമാണ് മുന്നേറേണ്ടതെന്ന്, ആഹ്വാനം ചെയ്തുകൊണ്ടുമാണ് യൂറോപ്യന്‍ പാര്‍ലിമെന്‍റിലെ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.