2014-11-20 17:06:51

പാവങ്ങള്‍ക്ക് ഭക്ഷണം നല്കിക്കൊണ്ട്
ലോകത്തെ പരിരക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്


20 നവംബര്‍ 2014, റോം
നവംബര്‍ 20-ാം തിയതി വ്യാഴാഴ്ച രാവിലെ ഐക്യരാഷ്ട്ര സഭയുടെ റോമിലുള്ള
ഭക്ഷൃ-കാര്‍ഷിക സംഘടയുടെ ആസ്ഥാനത്ത് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഫാവോ സംഘടിപ്പിച്ച പോഷകാഹാരം സംബന്ധിച്ച രണ്ടാമത് രാജ്യാന്തര സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട്, അന്തസ്സോടെ ജീവിക്കുവാനുള്ള സകലരുടെയും അവകാശം മാനിക്കുന്ന സംസ്ക്കാരം, അല്ലെങ്കില്‍ ഒരു സാകല്യസംസ്കൃതി രാഷ്ട്രങ്ങളില്‍ വളര്‍ത്തണമെന്ന് പാപ്പാ രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

ധാരാളിത്തത്തിന്‍റെ ധൂര്‍ത്ത് ലോകത്ത് നടമാടുമ്പോള്‍ വിശപ്പുമായി ബന്ധപ്പെട്ട ന്യായീകരണങ്ങളും തെറ്റായ തിയറികളും പറഞ്ഞുപരത്താതെ, ഐക്യദാര്‍ഢ്യത്തോടും, സാഹോദര്യത്തോടുംകൂടെ ജനനന്മയ്ക്കായി ഉത്തരവാദിത്വപ്പെട്ടവര്‍ പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്നേഹവും നീതിയും സമാധാനവും അവിഭക്തങ്ങളായ മൂല്യങ്ങളാണെന്നും,
ജനങ്ങളും രാഷ്ട്രങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും സംവാദത്തിന്‍റെയും പരസ്പര ധാരണയുടെയും അരൂപിയില്‍ ഈ മൂല്യങ്ങള്‍ മാനിച്ചാല്‍ ലോകജനതയെ ഭാഷയുടെയോ സംസ്ക്കാരത്തിന്‍റെയോ, ഭൂപ്രദേശത്തിന്‍റെയോ വിവേചനമില്ലാതെ വളര്‍ത്തുക, ഊട്ടുക എന്ന ധര്‍മ്മം ലോകത്തെവിടെയും യാഥാര്‍ത്ഥ്യമാക്കാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ലക്ഷൃത്തിലും പ്രവൃത്തിയിലുമുള്ള ഏകതാനതയും, സാഹോദര്യത്തിന്‍റെ അരൂപിയുമാണ് ദാരിദ്ര്യത്തിന്‍റെ മേഖലയില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുള്ള ഉപാധികളെന്നും പ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

ജനതകളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സകലരെയും കരുണാസമ്പന്നനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും, അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.