2014-11-19 16:43:24

‘മരുപ്പച്ച തേടുന്ന കുടിയേറ്റപ്രതിഭാസം’
ഇന്നിന്‍റെ പ്രത്യേകതയെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍


19 നവംബര്‍ 2014, വത്തിക്കാന്‍
‘മരുപ്പച്ച തേടുന്ന കുടിയേറ്റ പ്രതിഭാസം’ ഇന്നിന്‍റെ പ്രത്യേകതയാണെന്ന്,
പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി,
ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

നവംബര്‍ 17-ാം തിയതി തിങ്കളാഴ്ച റോമില്‍ ആരംഭിച്ച കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷ സംബന്ധിച്ച 7-ാമത് ആഗോള സമ്മേളനത്തില്‍ നടത്തിയ ആമുഖപ്രഭാഷണത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

മെച്ചപ്പെട്ട ജീവിതാവസ്ഥയും സാമ്പത്തിക നേട്ടത്തിനും മാത്രമായി വികസിത രാജ്യങ്ങളിലേയ്ക്ക് നാടുംവീടും വിട്ട്, വ്യക്തികള്‍ കുടികേറുന്ന പ്രതിഭാസത്തെ diaspora വിപ്രാവാസമെന്ന്, ബിഷപ്പ് കളത്തിപ്പറമ്പില്‍ വിശേഷപ്പിച്ചു.

കുടിയേറ്റ മേഖലയില്‍ രാഷ്ട്രങ്ങളുടെ സഹകരണം, അവരുടെ വികസനപദ്ധതികള്‍, എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള 4 ദിവസത്തെ സമ്മേളനത്തില്‍ 93 രാജ്യങ്ങളില്‍നിന്നായി 300 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ അറിയിച്ചു.

വിപ്രവാസികളില്‍ കുടിയേറ്റം സൃഷ്ടിക്കുന്ന സ്വാധീനം, അതിലുണ്ടാകുന്ന മാനസിക പരിണാമം, സ്ഥാപിത-സാങ്കേതിക മാറ്റങ്ങള്‍ എന്നിവ സമ്മേളനം വിശദമായി പഠിക്കുമെന്നും ബിഷപ്പ് കളത്തില്‍പ്പറമ്പില്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

വിപ്രവാസ പ്രക്രിയയില്‍ അന്യനാടുകളില്‍ കിട്ടുന്ന എന്തു തൊഴിലും ഏറ്റെടുത്ത്, കുടുംബത്തിന്‍റെ സാമ്പത്തിക സാമൂഹ്യ നിലവാരവും അന്തസ്സും മെച്ചപ്പെടുത്തുവാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു വരികയാണെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

‘കുടിയേറ്റവും സഹകരണവും,’ എന്ന വിഷയാവതരണത്തില്‍ മനില അതിരൂപതാദ്ധൃക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയി അന്തോണിയോ താഗ്ലേ ‘ലോകത്തിന്‍റെയും സഭയുടെ പുരോഗതിയില്‍ കുടിയേറ്റത്തിനുള്ള പങ്ക്,’ എന്ന വിഷയം ആധാരമാക്കി പ്രബന്ധം അവതരിപ്പിക്കുമെന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയേറുന്ന രാജ്യമാണ് ഫിലീപ്പീന്‍സെന്നും പ്രഭാഷണമദ്ധ്യേ ബിഷപ്പ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി.
വിപ്രവാസികള്‍ വികസനത്തിലെ പങ്കാളികള്‍, കുടിയേറ്റക്കാരുടെ അന്തസ്സും അവകാശങ്ങളും എന്നീ വിഷയങ്ങളും നവംബര്‍ 20-ാം തിയതി വ്യാഴാഴ്ച സമാപിക്കുന്ന 7-ാമത് സമ്മേളനം വിലയിരുത്തുമെന്നും ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ ആമുഖ പ്രഭാഷണില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.