2014-11-18 14:58:55

ഇടയ സങ്കീര്‍ത്തനത്തിലെ
ക്രിസ്തുഗാഥ (33)


RealAudioMP3
ദൈവത്തിന്‍റെ ഇടയഭാവം ചിത്രികരിക്കുന്ന 23-ാം സങ്കീര്‍ത്തനത്തെക്കുറിച്ചാണ് ഇക്കുറിയും നാം പഠിക്കുന്നത്. പഴയനിയമം വിവരിക്കുന്ന ദൈവത്തിന്‍റെ ഇടയരൂപം പൂര്‍ത്തീകരിക്കപ്പെടുന്നത് ക്രിസ്തുവിലാണ്, പുതിയ നിയമത്തിലാണ്. പഴയനിയമത്തിലെ പൂര്‍ത്തീകരണമായ ഇടയന്‍റെ രൂപം വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷത്തിലെ 10-ാം അദ്ധ്യായത്തില്‍ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. കാവ്യഭംഗിയുള്ള നല്ലിടയന്‍റെ കഥ പ്രതിപാദിക്കാതെ പോയാല്‍ 23-ാം സങ്കീര്‍ത്തനത്തിന്‍റെ പഠനം പൂര്‍ത്തിയാകില്ലല്ലോ എന്നൊരു ചിന്തയും മനസ്സില്‍ വച്ചുകൊണ്ടാണ് ഈ പ്രക്ഷേപണത്തിലേയ്ക്ക് കടക്കുന്നത്. പഴയനിയമത്തിലെ സകലത്തിനും പുതിയനിയമത്തില്‍ പൂര്‍ത്തീകരണം കണ്ടെത്തുന്നുണ്ട്. ക്രിസ്തുവില്‍ എല്ലാം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നു. അങ്ങനെ ‘ദൈവം എന്‍റെ ഇടയനാണ്’ എന്ന സങ്കീര്‍ത്തനപദം, ‘ഞാന്‍ നല്ലിടയനാകുന്നു,’ എന്ന ക്രിസ്തുവിന്‍റെ വാക്കുകളിലാണ് അന്വര്‍ത്ഥമാകുന്നു (യോഹ. 10, 11).

Poetic Link from Kristu Ghadha 1

ചുറ്റുമണഞ്ഞ മനുഷ്യരോടന്നേശു
മറ്റൊരു സത്യകഥ പറഞ്ഞു.
വാതിലിലൂടെ കടന്നു വരുന്ന ഞാ-
നാടുകള്‍ക്കുറ്റോരിടയനത്രേ.

വാതിലൊഴിഞ്ഞു മറുവഴിയാലയില്‍
കേറുവോന്‍ തസ്ക്കരനായിരിക്കും.
നല്ലിടയന്‍ വന്നടുക്കവേ കാവലാള്‍
മെല്ലെത്തുറക്കും പ്രവേശവാടം.

വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷത്തിലെ 15-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന നല്ലിടയന്‍റെ ക്രിസ്തു പറഞ്ഞ ഉപമ പദാനുപദം ആവര്‍ത്തിക്കുന്നതിനു പകരം, ഈ പ്രക്ഷേപണത്തില്‍
പ്രഫസര്‍ ഉലകംതറയുടെ പ്രശസ്തമായ ക്രിസ്തുഗാഥയെന്ന മഹാകാവ്യത്തിലെ അഖ്യാനം കവിയുടെ പദങ്ങളില്‍തന്നെ ഇവിടെ പങ്കുവയ്ക്കുകയാണ്.
മലയാളത്തിന്‍റെ നൂതനവും മനോജ്ഞവുമായ മഹാകാവ്യമാണ് ഉലകംതറയുടെ ‘ക്രിസ്തുഗാഥ’യെന്ന് സാഹിത്യലോകം പരക്കെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. സരസമായ പ്രതിപാദനശൈലികൊണ്ട് മനോഹരവും, കുട്ടികളെപ്പോലും ആകര്‍ഷിക്കുന്നതുമാണ് ഈ മഹാകാവ്യം. നിഘണ്ടുവിന്‍റെ സഹായം കൂടാതെ സാധാരണനുപോലും കേട്ടു രസിക്കത്തക്കവിധത്തില്‍ നല്ലിടയന്‍റെ ചിത്രം സങ്കീര്‍ത്തനംപോലെ മഞ്ജരി വൃത്തത്തില്‍ പ്രഫസര്‍ ഉലകംതറ കാവ്യത്തിന്‍റെ കേന്ദ്രഭാഗത്ത് വരച്ചുകാട്ടുന്നു.
അതുകൊണ്ടു തന്നെയാണ്, ലളിതമായ ഈ സങ്കീര്‍ത്തന പഠനത്തില്‍ അത് ഉപയോഗിക്കുവാന്‍ ധൈര്യപ്പെടുന്നത്. മാത്രമല്ല, ക്രൈസ്തവലോകത്ത് പിറവിയെടുത്ത ‘ക്രിസ്തുഗാഥ’യെന്ന അത്യപൂര്‍വ്വകൃതിയിലെ, ഈ മഹാകാവ്യശകലം പാപ്പായുടെ റോഡിയോയിലൂടെ, വത്തിക്കാന്‍ റേഡിയോയിലൂടെ ഉപയോഗിച്ചുകൊണ്ട്, ശ്രീ ഉലകംതറയുടെ സാഹിത്യോദ്യമത്തെയും അദ്ദേഹത്തെതന്നെയും ആദരിക്കുകയാണ്
ഈ എളിയ ശ്രമമെന്നും ബോധ്യമുണ്ട്.

Poetic Link from Kristu Ghadha 2
ആടുകള്‍ കേള്‍ക്കുമവന്‍റെ സ്വരം, പേരു-
മാറാതവയെ, യവന്‍ വിളിക്കും.
ആലയില്‍നിന്നു പുറത്തവയെത്തുമ്പോള്‍
കാലേയവന്‍ മുന്നില്‍ സഞ്ചരിക്കും.

മേഷങ്ങളോ സ്വരം കേട്ടറിഞ്ഞന്യത്ര-
മേയാതെ പിമ്പേ നടന്നുകൊള്ളും.
മറ്റൊരാള്‍ വന്നു വിളിച്ചാല്‍ പരിചയ-
മറ്റ സ്വരം കേട്ടകന്നുമാറും.

ഒരു ദിവസം ഗലീലിയന്‍ കുന്നുകളുടെ താഴ്വാരത്ത് എവിടെയോ പുല്‍പ്പരപ്പില്‍ ക്രിസ്തുവും ശിഷ്യന്മാരും എത്തിച്ചേര്‍ന്നു. ആബാലവൃന്ദം ജനങ്ങള്‍ അവിടുത്തെ ചുറ്റുംകൂടി. അകലെ മേഞ്ഞുനിന്ന ആടുകളെ നോക്കി ക്രിസ്തു പറഞ്ഞതാവണം ഇക്കഥ - ‘നല്ലിടയന്‍റെ കഥ.’ വാതിലിലൂടെ കടക്കുന്നവന്‍ ആടുകളുടെ ഇടയനാണ്, നല്ലിടയനാണ്. എന്നാല്‍ വാതിലൂടെയല്ലാതെ, ആലയില്‍ പ്രവേശിക്കുന്നവന്‍ കള്ളനാണ്, തസ്ക്കരനാണെന്നും കവി, ഉലകംതറ സാല്‍ സുവിശേഷത്തെ ആധാരമാക്കി ഈ വരികളില്‍ സമര്‍ത്ഥിക്കുന്നു.

പുതിയനിയമത്തിലെ നല്ലിടയന്‍റെ ഉപമ പഴയനിയമ പാരമ്പര്യം വരച്ചുകാട്ടുന്ന 23-ാം സങ്കീര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇസ്രായേലില്‍ രാജാക്കാന്മാരുടെയും, ദൈവത്തിന്‍റെ തന്നെയും പ്രതീകമായിരുന്നു ഇടയന്‍. പീന്നീട് ചരിത്രത്തില്‍ ദൈവംമാത്രം ഇസ്രായേലിന്‍റെ ഇടയനായി മാറിയപ്പോള്‍, രാജാക്കന്മാരെയോ, നേതാക്കന്മാരേയോ ജനം ഇടയനായി ഗണിച്ചിരുന്നില്ല. എന്നാല്‍ ദാവീദിന്‍റെ ഭവനത്തില്‍നിന്നുമുള്ള ഇടയനെ ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുവെന്നത് പ്രവാചക ശബ്ദമാണ് (ഏശയ 40, 11). ‘ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിന്‍ കൂട്ടത്തെ മേയിക്കും. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്ത്, മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കും,’ എന്ന് ഏശയ്യാ പ്രവചിച്ചിരിക്കുന്നു. അങ്ങനെ പ്രവാചക സങ്കല്പത്തിലുള്ള ഇടയന്‍ ക്രിസ്തുതന്നെയാണെന്ന് വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ സമര്‍ത്ഥിക്കുന്നത്, പ്രഫസര്‍ ഉലകംതറ ഭാവാത്മകമായി തന്‍റെ കവിതയുടെ വാക്കുകളില്‍ വരച്ചുകാട്ടുന്നു.

Poetic Link from Kristu Ghadha 3

സ്വന്തമിടയനെ, യല്ലാതെയാടുകള്‍
പിന്‍തുടരുന്നില്ല മറ്റൊരാളെ.
ഞാനാണജങ്ങള്‍ക്കു വാതിലെന്നോര്‍ക്കുവിന്‍
നൂനമിതില്‍ കൂടെയുള്‍പ്രവേശം.

ഈ വാതിലില്‍ക്കൂടി ഉള്ളില്‍ക്കടപ്പവന്‍
മേവും സുരക്ഷിതനായി നിത്യം.
അന്യവാടങ്ങളിലൂടെ വരുന്നവര്‍
നന്മയജങ്ങള്‍ക്കു ചെയ്യുകില്ല.

ക്രിസ്തുവും മറ്റ് ഇടയന്മാരും തമ്മിലുള്ള വ്യത്യാസമാണ് മേല്‍വരികളില്‍ കവി വ്യക്തമാക്കുന്നത്. ആടുകളെ നല്ലിടയന്‍ പേരുചൊല്ലി വിളിക്കുന്നു. അതുപോലെ ആടുകള്‍ക്കും അവരുടെ ഇടയന്‍റെ സ്വരം തിരിച്ചറിയാം. പിന്നെ ആലയില്‍നിന്നും പുറത്തിറങ്ങി മേയാന്‍ പോകുമ്പോള്‍ ആടുകള്‍ അവന്‍റെ പിന്‍പേ ഗമിക്കുന്നു. ഇടയന്‍ ആടുകള്‍ക്കു മുന്‍പേയും നടക്കുന്നു.
കവി വര്‍ണ്ണിക്കുന്നത് - ആടുകള്‍ നല്ലിടയന്‍റെ സ്വരം കേട്ടിട്ട്, അന്യത്രമേയാതെ – അതായത് മറ്റിടങ്ങളില്‍ മേയാതെ, അല്ലെങ്കില്‍ തോന്നിയ വഴിക്കുപോകാതെ, താന്തോന്നികളായി നടക്കാതെ, അനുസരണയോടെ ഇടയന്‍റെ പിന്‍പേ ഗമിക്കുന്നു. മാത്രമല്ല, അപരിചിതനായ ഒരാള്‍ വന്നു വിളിച്ചാല്‍ തന്നെ, അവ അന്യസ്വരം തിരിച്ചറിയുകയും, ഉടനെ അവനില്‍നിന്നും അകന്നുമാറിപ്പോകുമെന്നും കവി സരസമായി കുറിക്കുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രയോഗത്തില്‍ ‘ആടുകള്‍ ഇടയന്‍റെ മണം’ അറിയുന്നു, ‘ആടുകള്‍ ഇടയനെ മണത്തറിയുന്നു,’ എന്നാണ്. നല്ലിടയന് ആടുകളോടുള്ള ബന്ധവും പതറാത്ത വാത്സല്യവും, പാപ്പായുടെ ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതുപോലെ കവിതയിലെ വരികളും ശക്തമാണ്, സുവ്യക്തമാണ്.

Poetic Link from Kristu Ghadha 4

ചോരണം ചെയ്യുന്നു മേഷങ്ങളെയവര്‍
ദാരുണമായ്ക്കൊന്നു തിന്നിടുന്നു.
എന്നാലണഞ്ഞു ഞാന്‍, ജീവന്‍ സമൃദ്ധിയായ്
തന്നെന്നജങ്ങളെപ്പോറ്റിടുവാന്‍.

പ്രാണനജങ്ങള്‍ക്കു വേണ്ടിക്കൊടുക്കുവോ-
നാണേറെ ശ്രേഷ്ഠനാമാട്ടിടയന്‍.
കൂലിക്കുനില്പവന്‍ ചെന്നായ് വരുന്നേര-
മാടുകളെ വിട്ടു പോയൊളിക്കും.

ഹെബ്രായ ശീലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വരികള്‍.
നാടോടി ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി യാത്രയിലാണ് എന്നും. രാത്രിയില്‍ അവയെ ഏതെങ്കിലും ഗുഹയിലേയ്ക്ക് അയാള്‍ ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാദ്ധ്യമല്ല. അതുകൊണ്ട് ഇടയന്‍ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തു കടക്കണമെങ്കില്‍ അയാളുടെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. കള്ളനോ കുറുനരിക്കോ അകത്തു കടക്കണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ടാണ് ക്രിസ്തു ആടുകളുടെ വാതിലാണെന്നു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്.

Poetic Link from Kristu Ghadha 5

എന്‍ പിതാവിന്‍റെയജങ്ങള്‍ക്കിടയനായ്
മന്നില്‍ വര്‍ത്തിക്കുന്നു ഞാനനിശം.
ഞാനറിയുന്നെന്‍ പിതാവിനെയാവിധം
സൂനുവാമെന്നെ, യവനറിവൂ.

ഏവമെന്നാടുകളെന്നെയറിയുന്നു
ഞാനവയേയുമഭംഗമെന്നും
ജീവനവയ്ക്കായ് സമര്‍പ്പിച്ചിടുന്നു ഞാന്‍
ജീവിച്ചിടുന്നെന്നിലെന്‍ ജനകന്‍.

കൂടുവിട്ടുപോയവരൊക്കെ, വീടുവിട്ടുപോയവരൊക്കെ ഗുഹാമുഖത്തെ ഇടയനെ കുറുകെ കടന്നവരാണ്. ഒപ്പം അതൊരു അസാധാരണമായ സംരക്ഷണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അഹിതമായ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അവിടുന്ന് ആറിയാതിരിക്കുന്നില്ല, എന്നത് ഉറപ്പാണ്. അതുപോലെ പരിഹാരമോ പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങള്‍ അയാളുടെ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഇടയനും പരിക്കേല്‍ക്കുമെന്നതില്‍ സംശയമില്ല.
‘ഞാന്‍ ആകുന്നു വാതില്‍,’ എന്ന് ഉപമയില്‍ ആവര്‍ത്തിച്ചു കാണുന്ന ക്രിസ്തുവിന്‍റെ പ്രസ്താവന – അവിടുന്നിലൂടെ ജനതകള്‍ ജീവനില്‍ പ്രവേശിക്കുമെന്ന സൂചനയാണു നല്കുന്നത്. 23-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ മേച്ചില്‍പ്പുറം ദൈവിക പരിപാലനയുടെ ഇടമാണ്, പ്രതീകമാണ്. നല്ല ലോകത്ത്, പ്രശാന്തമായിടത്ത് ജീവിക്കാന്‍ തന്‍റെ ജനത്തെ ദൈവം പ്രാപ്തരാക്കുന്നു.
Poetic Link from Kristu Ghadha 6

ജീവന്‍ സ്വമേധയാ നല്കുകയാണു ഞാന്‍
അതാരുമെടുക്കയില്ലെന്നില്‍നിന്നും
ഈയാല വിട്ടു പുറത്തുമുണ്ടാടുകള്‍
മേയുന്നവയാ, യെനിക്കു സ്വന്തം.

ഞാനവയേയുമീ, ആലയിലേയ്ക്കിനി-
ആനയിക്കേണ്ടതായുണ്ടു മേലില്‍.
പിന്നീടവയുമെന്‍ നാദം ശ്രവിച്ചിടും
ഒന്നാകും ആലയും മേഷപനും.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

എക്കാലത്തും മനുഷ്യമനസ്സുകള്‍ക്ക് കുളിര്‍മ്മയും പ്രത്യാശയും നല്കിയിട്ടുള്ള 23-ാമത്തെ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാന പഠനം വീണ്ടും അടുത്തയാഴ്ചയില്‍....








All the contents on this site are copyrighted ©.