2014-11-15 14:23:01

വര്‍ദ്ധിപ്പിച്ചെടുക്കേണ്ട താലന്ത്
അസ്തിത്വപരമായ അനുരണനങ്ങള്‍


RealAudioMP3
വിശുദ്ധ മത്തായി 25, 14-30 താലന്തകളുടെ ഉപമ – ലത്തീന്‍ റീത്ത്
ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വര്‍ഗ്ഗരാജ്യം. അവന്‍ ഓരോരുത്തന്‍റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊറുവന് ഒന്നും കൊടുത്തശേഷം യാത്രപുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു.
രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാല്‍ ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. ഏറെക്കാലത്തിനുശേഷം യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു. അഞ്ചു താലത്തനു കിട്ടിയവന്‍ വന്ന്, അഞ്ചുകൂടി സമര്‍പ്പിച്ചിട്ടു പറഞ്ഞു. യജമാനനേ, അങ്ങ് എനിക്ക് അഞ്ചു താലന്താണല്ലോ നലികിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനന്‍ പറഞ്ഞു. കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ദൃത്യാ, അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേയ്ക്കു നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു. യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു. കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങള്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേയ്ക്കു പ്രേവശിക്കുക. ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു. യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ. എന്‍റെ നാണയം നീ പണവ്യാപാരിയുടെ പക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനു പിന്നെയും നല്‍കപ്പെടും, അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ഭൃത്യനെ പുറത്ത് അന്ധകാരത്തിലേയ്ക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

കേരള സംസ്ക്കാരത്തനിമയുടെ പ്രതീകമാണ് ഇന്ന് യേശുദാസ്, കെ.ജെ. യേശുദാസ്. എന്തിന് മലയാളത്തിന്‍റെ മാത്രമല്ല, ഇന്ത്യന്‍ സാംസ്ക്കാരികതയുടെ തന്നെ പ്രതീകമായി മാറിക്കഴിഞ്ഞു അദ്ദേഹം. സപ്തതി പിന്നിട്ട ഗന്ധര്‍വ്വഗായകന്‍റെ സ്വരമാധുരിയില്‍ ലയിക്കാന്‍ ഇന്നും ആയിരങ്ങള്‍ ഓടിക്കൂടുന്നു. ഭാരതീയ ശാസ്ത്രീയ സംഗീത മേഖലയില്‍ ആസ്വാദകവൃന്ദം ഏറ്റവും അധികമുള്ള ഗായകനായി യേശുദാസ് ഗണിക്കപ്പെട്ടു കഴിഞ്ഞു.

കേരളത്തില്‍ പശ്ചിമകൊച്ചിയില്‍ ഫോര്‍ട്ടുകൊച്ചി ഭാഗത്ത് കാട്ടാശ്ശേരി അഗസ്റ്റിന്‍ ജോസഫിന്‍റെയും മേരിയുടെയും മൂത്തപുത്രനായി യേശുദാസ് ജനിച്ചു. കഷ്ടപ്പാടിന്‍റെ പാതയിലാണ് വളര്‍ന്നത്. പിതാവ് തികഞ്ഞ കലാകാരനായിരുന്നു - ഗായകനും അഭിനേതാവും. വേദിയിലെ തിളക്കത്തിന്‍റെ പിന്നില്‍ ദാരിദ്യത്തിന്‍റെ വേദനിക്കുന്ന ചുറ്റുപാടിലാണ് കുടുംബം മുന്നോട്ടു നീങ്ങിയത്. ആദ്യകാല മലയാളസിനിമകളില്‍ നായക വേഷമിട്ട അഗസ്റ്റിന്‍ ജോസഫ് താരത്തിളക്കമുള്ള വ്യക്തിത്വമായിരുന്നു. തെളിഞ്ഞ ശബ്ദവും സംഗീതാഭിരുചിയും മൂത്തമകന്‍ ദാസിനുണ്ടെന്നു മനസ്സിലാക്കിയ പിതാവ്, ആദ്യം പ്രാഥമിക വിദ്യാഭ്യാസം നല്കി. അത് പൂര്‍ത്തിയായപ്പോള്‍, പിന്നെ സംഗീതവിദ്യാലയത്തില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിച്ചു. വീട്ടിലെ സാമ്പത്തിക ചുറ്റുപാടുകള്‍ അറിയാവുന്നവര്‍ ഉപദേശിച്ചു. ‘ദാസിനെ വല്ല മരപ്പണിയും പഠിപ്പിക്ക്, ഭാഗവതരേ,’ എന്ന്. ഈ പല്ലവി ചില ഗുരുസ്ഥാനീയര്‍ ആവര്‍ത്തിച്ചത് യുവാവായ യേശുദാസിന്‍റെയും പിതാവിന്‍റെയും മനസ്സില്‍ മുറിപ്പാടായി.

ജീവിതക്ലേശങ്ങള്‍ക്കിടയിലും മനസ്സിലേറ്റിയ ശുദ്ധസംഗീതത്തിന്‍റെ പാതയില്‍ കലാകാരനായ പിതാവ് മകനെ നയിച്ചു. പിതാവ് ഏല്പിച്ച ദൗത്യം യേശുദാസ് തന്‍റേതാക്കിയും, സ്വാംശീകരിച്ചും മുന്നോട്ടു നീങ്ങി. കഠിനാദ്ധ്വാനത്തിന്‍റയും ജീവിതനിഷ്ഠയുടെയും ചുവുടപിടിച്ച് ഇന്നും ശുദ്ധസംഗീതത്തിന്‍റെ വഴിയില്‍ ചരിക്കുന്ന യേശുദാസിന്‍റെ ജീവിതം ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ദൈവം നല്കിയ താലന്ത് വിശ്വസ്തതയോടെ സൂക്ഷിക്കുക മാത്രമല്ല, അത് അത്യദ്ധ്വാനംകൊണ്ട് വര്‍ദ്ധിപ്പിച്ച്, നന്മയായി പങ്കുവച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിതസപര്യ തുടരുന്ന സംഗീതലോകത്തെ നല്ല ഭൃത്യനാണ്, നല്ല ദാസനാണ് കെ. ജെ. യേശുദാസ്.

താലന്ത് അല്ലെങ്കില്‍ Talent എന്നു പറയുമ്പോള്‍ കഴിവ് എന്നാണ് ഇന്നു നാം മനസ്സിലാക്കുന്നതെങ്കിലും, ഉപമയില്‍ അത് വലിയ തുകയാണ്, സ്വത്താണ്. ബൈബിള്‍ കാലത്തെ താലന്ത് ഏകദേശം ഇന്നത്തെ പതിനായിരം രൂപയാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അപ്പോള്‍ അഞ്ചും, പത്തും താലന്തുകളെന്നു പറയുമ്പോള്‍ വലിയ തുകയാണ് യജമാനന്‍ തന്‍റെ ഭൃത്യന്മാരെ വിശ്വസിച്ച് ഏല്പിച്ചിട്ടു പോയത്. ദൈവം നമുക്ക് സമ്പത്തും കഴിവും എല്ലാം നല്കുന്നുണ്ട്. അത് ഉത്തരവാദിത്വത്തോടെ വര്‍ദ്ധിപ്പിക്കണമെന്നതാണ് ദൈവികപദ്ധതി. കിട്ടുന്ന കാശ് കള്ളു കുടിച്ചും ധൂര്‍ത്തടിച്ചും നശിപ്പിക്കുകയാണെങ്കില്‍ അവന്‍ ദൈവസന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ജീവിതം ആസ്വാദ്യമാക്കേണ്ടത് നമ്മുടെ അദ്ധ്വാനഫലത്തിലും കഴിവിലും മേന്മയിലുമെല്ലാം മറ്റുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടും, മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടുമാണ്, അതാണ് ധന്യമായ ജീവിതം. വിശ്വസ്തമായ ജീവിതം.

മുതലാളി കഠിനഹൃദയനാണ്, അനീതി ചെയ്യുന്നവനാണ്, എന്നൊക്കെയാണ് പൊതുവെ താലന്തു നശിപ്പിച്ചവന്‍റെ ന്യായം. അതുകൊണ്ടാണ് തനിക്കു കിട്ടിയ തലാന്ത് ഉപയോഗിക്കാതെ പൂഴ്ത്തിവച്ചത്. എന്നാല്‍ താലന്ത് പാഴാക്കിക്കളഞ്ഞ ഭൃത്യനെ യജമാനന്‍ ശിക്ഷിക്കുകയും, ഉള്ളതുപോലും അവനില്‍നിന്ന് എടുത്തുകളയുകയും ചെയ്യുന്നു. പൈതൃകമായി കിട്ടായതോ, ദാനമായി സ്വീകരിച്ചതോ, എന്തുമാവട്ടെ..., നമുക്കുള്ളതും, നമ്മെ ഏല്പിച്ചതും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല, അദ്ധ്വാനിച്ച് ക്രിയാത്മകമായി അത് വര്‍ദ്ധിപ്പിക്കേണ്ടത് ഉത്തരവാദിത്വമാണ്.
ദൗത്യം ശിഷ്യരെ ഏല്പിച്ചിട്ട് കടന്നു പോകുന്ന ക്രിസ്തു, ദൈവരാജ്യം പ്രഘോഷിക്കുവാനും, അത് ലോകമെങ്ങും പ്രചരിപ്പിക്കുവാനും, അതിന്‍റെ ഫലസമൃദ്ധി സകലരുമായി, സകല ജനതകളുമായി പങ്കുവച്ച് വകസിപ്പിക്കുവാനുമാണ് ആവശ്യപ്പെട്ടത്. ഓരോരുത്തരുടെയും കഴിവനുസരിച്ചാണ് താലന്തുകള്‍ ദൈവം തരുന്നത്. അതിനാല്‍ കുറച്ചുള്ളവന്‍ പരാതിക്കാരനാകേണ്ടതില്ല. കുറച്ചുകിട്ടിയത് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം.

ആടിത്തുടങ്ങിയ നൃത്തം പാതിവഴിയില്‍ അവസാനിപ്പിച്ച് ഗുരുമുഖത്ത് ചിലങ്ക വലിച്ചെറിഞ്ഞ് അരങ്ങില്‍നിന്നും ഇറങ്ങിപ്പോകുന്ന മനുഷ്യരുടെ കാലമാണിത്. തന്നിലേയ്ക്കുതന്നെ തരിച്ചുവിടുന്ന ക്ഷോഭമാണ് ആത്മഹത്യയെന്ന് മനഃശ്ശാസ്ത്രവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. The inverted anger is suicide. എന്നാല്‍ ക്ഷോഭം ഒരാളുടെ മറച്ചുവച്ച സങ്കടമാണ്. എന്‍റെ ക്ഷോഭങ്ങള്‍ ജീവിത പരിസരത്തില്‍ യാതൊരുവിധ അനുരണനങ്ങളും അവശേഷിപ്പിക്കാതെ കടന്നുപോകുമ്പോള്‍ എനിക്ക് എന്നോടെങ്കിലും കലഹിക്കാതെ തരമില്ലാതെ വരുന്നു. സുവിശേഷക്കഥയിലെ നിരാശാഭരിതമായ കഥാപാത്രത്തെപ്പോലെ അപ്പോള്‍ ഒരാള്‍ ദൈവത്തോട് നിലവിളിക്കും: ‘വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനേ, വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനേ, നല്കിയ താലന്ത് നീ തന്നെ തിരികെ എടുത്തുകൊള്ളുക.’ അസാധാരണമായ വിധത്തില്‍ ഒരാളുടെ ജീവിതത്തെ വിചാരണചെയ്യുന്ന ക്രിസ്തുപറഞ്ഞ കഥയുടെ ഒടുവിലത്തെ പരാമര്‍ശമാണിത്.

താലന്തുകൊണ്ട് എന്തു ചെയ്തുവെന്ന് സ്വന്താത്മാവിനെ വിചാരണ ചെയ്യുന്നതിനുമുമ്പ്, ആ താലന്തുകൊണ്ട് എന്ത് അര്‍ത്ഥമാക്കുന്നു എന്നും തെളിവുണ്ടായിരിക്കണം. Talent is something that pertains to the very being of a person സത്താപരമായ സവിശേഷതയായി മനസ്സിലാക്കുകയാണ് വേണ്ടത്. ഏതു മുഴക്കോല്‍വച്ചാണ് അതിനെ അളക്കേണ്ടതെന്ന് അത്ര കൃത്യത പോരാ.

നാളുകളായി കിടപ്പിലായ അമ്മ! കൃഷ്ണമണികള്‍കൊണ്ട് മാത്രം ഒരു വ്യാഴവട്ടം വീടിനോട് സംവദിച്ചു. മക്കള്‍ക്കായി ഒരു കാപ്പിപോലും ഇടാനാവില്ല. വാതില്‍ തുറന്നു കൊടുക്കാനാവില്ല. പ്രാര്‍ത്ഥിക്കാനാവില്ല, എന്നിട്ടും അമ്മയുടെ മരണത്തോടുകൂടി വീടെത്ര ശൂന്യമായിപ്പോയി!
അങ്ങനെ, അസ്തിത്വവുമായി ബന്ധപ്പെട്ടൊരു അനുഭവമാണിത്. നമ്മുടെ ജീവിതത്തിലെ വര്‍ണ്ണതൊങ്ങലുകളല്ല പ്രധാനം. മറിച്ച് നമ്മെ നാമാക്കി മാറ്റുന്ന അസ്തിത്വപരമായ ചില പ്രത്യേകതകളാണ് താലന്ത്. പ്രായോഗികവാദത്തിന്‍റെ തിമിരം വീണകാലത്ത് താലന്താകുന്ന ജീവിതമേന്മ കാണാന്‍ കഴിയാതെ പോകുന്നുണ്ട്. അപൂര്‍വ്വം ചിലര്‍ക്കതു അത് കാണുവാന്‍ കഴിയുന്നു എന്നത് സുവിശേഷം തന്നെയാണ്.

അഗാധങ്ങളിലെവിടെയോ മറഞ്ഞുകിടക്കുന്ന ദൈവം തന്ന സാദ്ധ്യതയായ താലന്ത് കണ്ടെത്തുകയാണ് മറ്റൊരു ചുവട്. എല്ലാവയലിനു താഴെയും നിധിയുണ്ട്. മേല്‍ത്തട്ടുമാത്രം കിളച്ചു പോകുമ്പോള്‍ നാമതിനെ കണ്ടെത്തുന്നില്ലെന്നു മാത്രം. എല്ലാ പുഴുവിനുള്ളിലും പൂമ്പാറ്റയുണ്ട്. എന്നിട്ടും എത്രയോ കുറച്ചുപേരാണ് ഉയരാനും വളരാനുമുള്ള സാദ്ധ്യതകളായ ചിറകുകള്‍ ഉപയോഗപ്പെടുത്താതെ കടന്നുപോകുന്നത്.

തന്നില്‍ത്തന്നെ വിശ്വാസവും സ്നേഹവും തോന്നാത്തവനാണ് താലന്ത് കുഴിച്ചിടുന്നത്, ദൈവം തന്ന കഴിവുകള്‍ നശിപ്പിക്കുന്നത്. കഴിവുകള്‍ നന്നായി ഉപയോഗിച്ചുകൊണ്ട് ജീവിതത്തില്‍ പുറംലോകത്തോടും സഹോദരങ്ങളോടും സൗമ്യമായി വ്യാപരിക്കേണ്ടതിനു പകരം, പരിസരത്തോട് അത്തരക്കാര്‍ നിരന്തരം കലഹിക്കുന്നു. തനിക്കായി വച്ചുനീട്ടുന്ന നന്മകളോട് സന്ദേഹിയായി ജീവിക്കുന്നു.

താലന്തുകള്‍ ഉപയോഗിച്ച് അവ വര്‍ദ്ധിപ്പിച്ചവര്‍ അത് ഈ ജീവിതത്തില്‍ത്തന്നെ ആസ്വദിച്ചു ജീവിക്കുന്നു. നിത്യതയുടെ സന്തോഷത്തില്‍ പ്രവേശിക്കുന്നു. ‘ഉള്ളവന് വീണ്ടും നല്കപ്പെടും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും,’ എന്നു പറഞ്ഞ് അവസാനിക്കുന്ന ഉപമ, ചെറിയകാര്യങ്ങളിലും വിശ്വസ്തരായി ജീവിക്കാന്‍ നമുക്ക് പ്രചോദനമേവട്ടെ.









All the contents on this site are copyrighted ©.